Web Desk

തിരുവനന്തപുരം

July 03, 2021, 10:23 pm

എൺപതാം പിറന്നാൾ നിറവിൽ അടൂർ ആശംസകൾ നേർന്ന് പ്രമുഖർ

Janayugom Online

ലോകസിനിമയിൽ മലയാളത്തിന്റെ കയ്യൊപ്പുചാർത്തിയ വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ എൺപതാം പിറന്നാൾ ആഘോഷിച്ചു. പൊതുവേ പിറന്നാളുകളെ ആഘോഷമാക്കാറില്ലാത്ത അടൂരിന് ഇന്നലെയും എഴുത്തിന്റെയും വായനയുടെയും പതിവുദിനം തന്നെയായിരുന്നു. ആഘോഷങ്ങളിലെങ്കിലും ആശംസകളുമായി സാംസ്കാരിക, രാഷ്ടീയരംഗത്തെ പ്രമുഖർ അടൂരിന്റെ വീട്ടിലെത്തി. പൂച്ചെണ്ടുകളും പൊന്നാടകളുമായാണ്‌ ആശംസ അറിയിക്കാന്‍ എല്ലാവരും തിരുവനന്തപുരം ആക്കുളത്തെ അടൂരിന്റെ വീട്ടിൽ എത്തിയത്‌. സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ്‌ കാതോലിക്കാ ബാവ, മന്ത്രിമാരായ ജി ആർ അനിൽ, വി ശിവന്‍കുട്ടി, സജി ചെറിയാൻ, നടന്‍ ഇന്ദ്രന്‍സ് എന്നിവർ ആശംസയുമായെത്തി. കട്ടേല എഎംആർഎച്ച്എസ്എസിലെ എസ്‌പിസി കേഡറ്റുകള്‍ അടൂരിന്‌ പിറന്നാള്‍ കേക്കും സമ്മാനിച്ചു. ചലച്ചിത്ര രംഗത്തെ നിരവധി പ്രമുഖരും സമൂഹമാധ്യമങ്ങളിലൂടെ അടൂരിന് ആശംസകൾ നേർന്നു.

അടൂര്‍ ഗോപാലകൃഷ്‍ണന് ആശംസയും ആദരവും അറിയിച്ചിട്ടുള്ള പ്രത്യേക ​ഗ്രാഫിക്കൽ വീഡിയോ നടൻ മമ്മൂട്ടി ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. സ്‍നേഹപൂർവ്വം എന്ന പേരിൽ ഒരുക്കിയ ​ഗ്രാഫിക്കൽ വീഡിയോയിൽ അടൂ‍ർ ​ഗോപാലകൃഷ്‍ണൻ സംവിധാനം ചെയ്‍ത വിവിധ ചിത്രങ്ങളും അവയുടെ കാരിക്കേച്ചറുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ബീൻബാ​ഗ് ക്രിയേറ്റീവ് മീഡിയയാണ് ഈ കലാസൃഷ്‍ടിക്ക് പിന്നിൽ. സുധീർ പി വൈ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ എന്നിവരുടേതാണ് വീഡിയോയുടെ ആശയം. ഡ്രോയിംഗ് ആനിമേഷനും സുധീര്‍ പി വൈയുടേതാണ്. പി വി ഉണ്ണികൃഷ്‍ണനാണ് പശ്ചാത്തലസം​ഗീതം ഒരുക്കിയത്.

വീട്ടിൽ എഴുത്തിലും വായനയിലും മുഴുകിക്കഴിയുകയാണ് രണ്ടുവര്‍ഷമായി അടൂര്‍. മലയാള സിനിമയെ പുതുപാതയിലേക്ക് നയിച്ച സ്വയംവരം മുതൽ മലയാളിയുടെ കാഴ്ചശീലത്തെ നവീകരിക്കുന്നതിൽ അടൂര്‍ഗോപാലകൃഷ്ണന്‍ എന്ന ചലച്ചിത്രകാരന്റെ പങ്ക് മുഖ്യമാണ്. 1941 അടൂരിനടുത്തുള്ള പള്ളിക്കല്‍ ഗ്രാമത്തില്‍ മാധവന്‍ ഉണ്ണിത്താന്റേയും ഗൗരി കുഞ്ഞമ്മയുടേയും മകനായാണ് അടൂര്‍ ഗോപാലകൃഷ്ണന്റെ ജനനം. എട്ടാംവയസിൽ അമച്വർ നാടകത്തിലൂടെ തുടങ്ങിയതാണ് കലാജീവിതം. പിന്നീട് ഫിലിം ഇന്‍സ്റ്റിറ്റ‍്യൂട്ട് പഠനം കഴിഞ്ഞ് തിരിച്ചെത്തി ഡോക്യുമെന്ററികളിലൂടെയാണ് അദ്ദേഹം സിനിമാജീവിതം ആരംഭിക്കുന്നത്. ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങള്‍ മുതല്‍ പത്മവിഭൂഷണും ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും ..അങ്ങനെ നീളുകയാണ് അടൂരിന്റെ നേട്ടങ്ങള്‍. ഛായാഗ്രഹണവും ശബ്‍ദസന്നിവേശവുമടക്കം സിനിമയുടെ സമസ്‍ത മേഖലകളിലും കാലഘട്ടത്തിന്റേതായ സാങ്കേതികവളര്‍ച്ചാ പരിമിതികളെ മറികടന്ന് പൂര്‍ണതയിലെത്താന്‍ പ്രയത്നിച്ച ചലച്ചിത്രകാരനാണ് അടൂര്‍. കോവിഡ് കാലത്തിന് ഒരവസാനമുണ്ടാകുമെന്നും വീണ്ടും നല്ലസിനിമയുടെ കാലം വരുമെന്നുള്ള ശുഭപ്രതീക്ഷയാണ് അടൂർ പിറന്നാൾ ദിനത്തിലും പങ്ക് വയ്ക്കുന്നത്.

Eng­lish sum­ma­ry; Adoor cel­e­brates his 80th birthday