16 April 2024, Tuesday

ആശ്രിത നിയമനത്തിന് ദത്തെടുത്ത മക്കള്‍ക്കും അവകാശം

Janayugom Webdesk
ബംഗളുരു
November 22, 2022 9:23 pm

മാതാപിതാക്കളുടെ മരണത്തെത്തുടര്‍ന്നുള്ള ആശ്രിത നിയമനത്തിന് ജീവശാസ്ത്രപരമായ മക്കളുടേതു പോലെ തന്നെ ദത്തെടുത്ത മക്കള്‍ക്കും അവകാശമുണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഇക്കാര്യത്തില്‍ ഒരു വിവേചനവും പാടില്ലെന്നും ജസ്റ്റിസുമാരായ സുരാജ് ഗോവിന്ദരാജ്, ജി ബസവരാജ എന്നിവര്‍ ഉത്തരവിട്ടു. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ ആയിരുന്നയാളുടെ ദത്തുപുത്രന് ആശ്രിത നിയമനപ്രകാരം ജോലി നിഷേധിച്ച കേസിലാണ് ഹൈക്കോടതി നടപടി. സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത്, മകന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളി. ഇതിനെതിരായ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

ആശ്രിത നിയമനത്തില്‍ വിവേചനം കാണിക്കുന്ന സര്‍ക്കാര്‍ നടപടി നിലവിലെ ചട്ടത്തിന്റെ പേരിലായാലും നിയമോപദേശത്തിന്റെ പേരിലായാലും നിലനില്‍ക്കുന്നതല്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ഇത്തരത്തില്‍ വിവേചനം കാണിച്ചാല്‍ ദത്ത് എന്ന പ്രക്രിയയുടെ ലക്ഷ്യത്തെ തന്നെയാണ് അതു ചോദ്യംചെയ്യുന്നത്. ഭരണഘടന ഉറപ്പു നല്‍കുന്ന തുല്യതയുടെ ലംഘനമാണ് സര്‍ക്കാര്‍ നടപടിയെന്നും ഹൈക്കോടതി വിലയിരുത്തി. ദത്തു പുത്രന് നിയമനം നല്‍കാന്‍ ചട്ടത്തില്‍ വ്യവസ്ഥയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ അപേക്ഷ തള്ളിയത്. പിന്നീട് 2021ല്‍ സര്‍ക്കാര്‍ ഈ ചട്ടം തിരുത്തി. എന്നാല്‍ 2018ല്‍ അപേക്ഷ നല്‍കിയ കേസില്‍ ഇതു ബാധകമല്ലെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. ഇത് കോടതി തള്ളി.

Eng­lish Sum­ma­ry: Adopt­ed Child Enti­tled To Seek Com­pas­sion­ate Appointment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.