Web Desk

പട്ന

October 28, 2020, 9:59 pm

സ്ഥാനാര്‍ത്ഥികളില്‍ അഞ്ഞൂറിലേറെപ്പേർ ക്രിമിനല്‍ നടപടികള്‍ നേരിടുന്നവർ

Janayugom Online

ബിഹാറിൽ രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളില്‍ അഞ്ഞൂറിലേറെപ്പേർ ക്രിമിനല്‍ നടപടികള്‍ നേരിടുന്നവരെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിലെ 1,463 സ്ഥാനാര്‍ത്ഥികളില്‍ 502 പേരാണ് ക്രിമിനല്‍ കേസുകൾ നേരിടുന്നവർ. ഇതില്‍ 389 പേരും ഗുരുതരമായ ക്രിമിനല്‍ കേസുകൾ നേരിടുന്നവരാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

രണ്ടാം ഘട്ടത്തില്‍ 56 സ്ഥാനാര്‍ത്ഥികളെയാണ് ആര്‍ജെഡി രംഗത്തിറക്കിയിട്ടുള്ളത്. ഇവരില്‍ 36 പേര്‍ ക്രിമിനല്‍ കേസുകൾ നേരിടുന്നവരാണ്. ഇതിൽ 28 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് നിയമനടപടികള്‍ നേരിടുന്നവരാണ്. രണ്ടാംഘട്ടത്തിലെ ബിജെപിയുടെ 46 സ്ഥാനാര്‍ത്ഥികളില്‍ 29 പേരും ക്രിമിനല്‍ നടപടികള്‍ നേരിടുന്നവരാണ്. 20 പേര്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തതിനെത്തുടര്‍ന്ന് നിയമനടപടികള്‍ നേരിടുന്നു.

ജെഡിയു ടിക്കറ്റില്‍ മത്സരിക്കുന്ന 20 സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയും കേസുകളുണ്ട്. 15 പേര്‍ ഗുരുതരമായ ക്രിമിനല്‍ നടപടികളും നേരിടുന്നു. 24 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 14 പേര്‍ കുറ്റകൃത്യങ്ങളില്‍ നിയമനടപടികള്‍ നേരിടുന്നവരും 10 പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരുമാണ്. എല്‍ജെപിയിലും സ്ഥിതി വ്യത്യസ്ഥമല്ല. 52 സ്ഥാനാര്‍ത്ഥികളില്‍ 24 പേര്‍ നിയമനടപടികള്‍ നേരിടുന്നവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിനുപുറമെ 1,463 സ്ഥാനാര്‍ത്ഥികളില്‍ 495 പേരും കോടീശ്വരൻമാരാണെന്നും സംഘടന കണ്ടെത്തിയിട്ടുണ്ട്. നവംബര്‍ മൂന്നിനാണ് ബിഹാറില്‍ രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പ് ആരംഭിക്കുക.

Eng­lish sum­ma­ry; ADR Reports

You may also like this video;