വിപണിയിലുള്ള ഈ വെളിച്ചെണ്ണ നിങ്ങളെ കൊല്ലും

Web Desk
Posted on June 11, 2018, 11:45 am

വിപണിയില്‍ നിന്ന് ലഭിക്കുന്ന വെളിച്ചെണ്ണയില്‍ മാരകമായ അളവില്‍ ലിക്വിഡ് പാരഫീൻ ഉണ്ടെന്നു കണ്ടെത്തിയിട്ടും നടപടി ശക്തമല്ല.  പാം കെര്‍ണല്‍ ഓയില്‍, വൈറ്റ് പാമോയില്‍ എന്നിവ വെളിച്ചെണ്ണയില്‍ മായമായി ഉപയോഗിക്കുന്നതിന് പുറമെയാണ് പെട്രോളിയം ഉല്‍പന്നമായ ലിക്വിഡ് പാരഫീനും വ്യാപകമായത്. ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങള്‍ ഉണ്ടാകാന്‍  ഇടയാക്കുന്നതാണ‌് മായം ചേര്‍ത്ത വെളിച്ചെണ്ണകള്‍.

സർക്കാർ നടപടിയില്ലെന്നല്ല,മായം കണ്ടെത്താന്‍ സംസ്ഥാനത്ത് മൂന്ന് ലാബുകള്‍ സജ്ജമാണ്. എന്‍എബിഎല്‍ അക്രഡിറ്റേഷനുള്ള ലാബുകള്‍ കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. അത്യാധുനിക സജ്ജീകരണങ്ങളുള്ള ലാബില്‍ പരിശോധിച്ചാല്‍ എത്ര ചെറിയ അളവില്‍ കലര്‍ത്തിയ മായവും കണ്ടെത്താനാവും. കണ്ണൂര്‍ ജില്ലയില്‍ മാത്രം നാല്‍പതോളം കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിജയിച്ച ഈ സംവിധാനം പക്ഷെ വ്യാപകമായിട്ടില്ല.

മായം ചേര്‍ത്ത വെളിച്ചെണ്ണയുടെ സ്റ്റാന്‍ഡേര്‍ഡ് റീഡിങ്ങില്‍ എത്തിക്കുന്നതിനാണ് ലിക്വിഡ് പാരഫീനും ചേര്‍ക്കുന്നത്.  ഇത്തരക്കാരെ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് പ്രത്യേക മാസ്റ്റര്‍ പ്ലാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

മായം  ചേർക്കലിനെതിരെ ഇപ്പോഴുള്ള നിയമത്തിനു പഴുതുകളേറെ. ഭക്ഷ്യസുരക്ഷാ നിയമം വന്നതോടെ വെളിച്ചെണ്ണയില്‍ മായം ചേര്‍ക്കുന്നതില്‍ തടവുശിക്ഷ ഉറപ്പാക്കുന്നില്ല. നിലവാരമില്ലാത്ത വസ്തുക്കള്‍ എന്ന നിലയിലാണ് കേസ് കൈകാര്യം ചെയ്യുന്നത്. ആരോഗ്യത്തിന് ഏറ്റവും ദോഷകരമായി ബാധിക്കുകകൂടി ചെയ്യുന്നതിനാല്‍ കരുതിക്കൂട്ടി മായം ചേര്‍ക്കലിന‌് തടവ് ശിക്ഷ ലഭ്യമാക്കണമെന്ന ആവശ്യം നിലവിലുണ്ട്. ഇപ്പോള്‍ പരമാവധി അഞ്ചു ലക്ഷം രൂപ വരെ പിഴശിക്ഷ മാത്രമാണ് ലഭിക്കുന്നത്. പ്രതികൾ  പലപ്പോഴും കോടതിയില്‍ പോയി രക്ഷപ്പെടുകയാണ് ചെയ്യുന്നത്.

വെളിച്ചെണ്ണ വിപണിക്കായി നിരവധി മാഫിയകൾ രംഗത്തുണ്ട്.  ഒരേ കമ്പനി തന്നെ പലപേരിലാണ് വെളിച്ചെണ്ണ വിപണിയില്‍ എത്തിക്കുന്നത്. ഒരു ബ്രാൻഡ് പിടിക്കപ്പെടുമ്പോൾ ഈ വെളിച്ചെണ്ണ തൊട്ടടുത്ത ജില്ലയിലേക്ക് മാറ്റും. എന്നിട്ട് മറ്റൊരു പേരില്‍ ഇറക്കും. ഇത്തരത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിലാക്കി കോടികളാണ് കൊയ്യുന്നത്. പഴയ മില്ലുകള്‍ക്ക് ബോര്‍ഡും തൂക്കി തമിഴ്നാട്ടില്‍നിന്ന് വെളിച്ചെണ്ണ ഇറക്കുമതി ചെയ്യുന്നതും പതിവാണ്. തമിഴ് നാട്ടിൽ നിന്നും വ്യാപകമായി വെളിച്ചെണ്ണ എത്തുന്നുണ്ട്. കേരളീയരുടെ വെളിച്ചെണ്ണ പ്രിയത്തെയാണിവർ  ലക്ഷ്യമിടുന്നത്.  വെളിച്ചെണ്ണ കടകളില്‍ എത്തിച്ച്‌ ബില്‍ നല്‍കാതെ മുങ്ങുന്ന ഡിസ്ട്രിബ്യൂട്ടര്‍മാരുമുണ്ട്. ഇത്തരക്കാരെ കണ്ടെത്താന്‍ വെളിച്ചെണ്ണയുടെ നിര്‍മാണം, സംഭരണം, വിതരണം എന്നിവ നടത്തുന്നവര്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സിനൊപ്പം അവരുടെ ബ്രാന്‍ഡുകള്‍കൂടി രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് എത്രതരം വെളിച്ചെണ്ണകള്‍ വില്‍ക്കുന്നു, ഡീലര്‍മാര്‍ ആരൊക്കെ, എവിടെ നിര്‍മിക്കുന്നു എന്നൊക്കെ ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റില്‍ കൃത്യമായി വിവരം ലഭിക്കും. അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മഞ്ചേശ്വരം, പാലക്കാട്, തിരുവനന്തപുരം എന്നിടങ്ങളില്‍ മറ്റു സംസ്ഥാനത്തു നിന്നെത്തുന്ന വെളിച്ചെണ്ണ, മത്സ്യം, പാല്‍ എന്നിവ പരിശോധിക്കുന്നതിന് മൊബൈല്‍ ലാബ് ഉള്‍പ്പെടെ ആരംഭിച്ചിട്ടുണ്ട്. ഈ സംവിധാനങ്ങളെല്ലാം മറികടന്നും മായമെത്തുന്നത് വലിയ ആശങ്കയായിട്ടുണ്ട്.