അഡ്വ. ജി ആര്‍ അനില്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി

Web Desk
Posted on January 23, 2018, 7:54 pm

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി അഡ്വ. ജി ആര്‍ അനിലിനെ വീണ്ടും തെരഞ്ഞെടുത്തു. കാട്ടാക്കടയില്‍ ഇന്ന് സമാപിച്ച ജില്ലാ സമ്മേളനമാണ് ജി ആര്‍ അനിലിനെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തത്.

ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്ന അഡ്വ. ജി ആര്‍ അനില്‍ ബാലവേദിയിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തുടര്‍ന്ന് എഐഎസ്എഫ് യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, എഐവൈഎഫ് ജില്ലാസെക്രട്ടറി, സിപിഐ നടുക്കാട് ബ്രാഞ്ച് സെക്രട്ടറി, നേമം മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിദ്യാര്‍ഥി യുവജനസമരങ്ങളില്‍ പങ്കെടുത്ത് ഭീകര പൊലീസ് മര്‍ദ്ദനത്തിന് വിധേയനായി. മൂന്നുതവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.

കിസാന്‍സഭ മുന്‍ ജില്ലാസെക്രട്ടറിയായ അനില്‍ നിലവില്‍ എഐടിയുസി സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി അംഗവും ജില്ലാ വൈസ്പ്രസിഡന്റുമാണ്. ജില്ലാ മുന്‍സിപ്പല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍, ഹാന്റക്‌സ് വര്‍ക്കേഴ്‌സ് യൂണിയന്‍, കൈത്തറി നെയ്ത്ത് തൊഴിലാളി യൂണിയന്‍, ഹോര്‍ട്ടികോര്‍പ്പ് എംപ്ലോയീസ് യൂണിയന്‍, സപ്ലൈക്കോ യൂണിയന്‍, ഹെഡ്‌ലോഡ് വര്‍ക്കേഴ്‌സ് യൂണിയനുകളുടെ പ്രസിഡന്റും കെടിഡിസി എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമാണ്.

കഴിഞ്ഞ 12 വര്‍ഷമായി സംസ്ഥാന കൗണ്‍സില്‍ അംഗമായ അനില്‍ 28 വര്‍ഷമായി പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ അംഗമാണ്. 10 വര്‍ഷം തിരുവനന്തപുരം നഗരസഭാ കൗണ്‍സിലിലും അഞ്ച് വര്‍ഷം ആരോഗ്യ‑വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും 10 വര്‍ഷം ഹാന്റക്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് ബിരുദവും ലോ അക്കാഡമി ലോ കോളജില്‍നിന്ന് നിയമ ബിരുദവും നേടിയിട്ടുണ്ട്. ചടയമംഗലം മുന്‍ എംഎല്‍എയും വര്‍ക്കല എസ്എന്‍ കോളജ് പ്രൊഫസറുമായ ഡോ. ആര്‍ ലതാദേവി ഭാര്യയും, ദേവിക മകളുമാണ്.

52 പൂര്‍ണ അംഗങ്ങളും 5 കാന്‍ഡിഡേറ്റ് അംഗങ്ങളും ഉള്‍പ്പെടെ 57 അംഗ ജില്ലാ കൗണ്‍സിലിനെയും 58 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും ജില്ലാസമ്മേളനം തെരഞ്ഞെടുത്തു. ഇരുപതിന് ആരംഭിച്ച സമ്മേളനം തലസ്ഥാന ജില്ലയില്‍ പാര്‍ട്ടിയുടെ കരുത്ത് വിളിച്ചോതുന്നതായി.