
കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത സമ്മര്‍ദങ്ങള്‍ക്കിടയിലും കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച അക്കമിട്ട് നിരത്തി സിഎജി റിപ്പോര്‍ട്ട്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഎസ്ഡിപി) 9.97% ശരാശരി വാര്‍ഷിക വളര്‍ച്ചാനിരക്കില്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2019–20നെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ റവന്യു വരവും ചെലവും തനത് നികുതി വരുമാനവും ഉള്‍പ്പെടെ വര്‍ധിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള ധനസഹായം 55.92% കുറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2023–24 വര്‍ഷത്തെ ഇന്ത്യയുടെ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ സംസ്ഥാന സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ചു.
സംസ്ഥാനത്തിന്റെ ജിഎസ്ഡിപി 2019–20ലെ 8,12,935 കോടിയില്‍ നിന്നും 8.97% ശരാശരി വാര്‍ഷിക നിരക്കില്‍ വര്‍ധിച്ച് 2023–24ല്‍ 11,46,109 കോടി രൂപയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റവന്യു വരവുകള്‍ 90,224.67 കോടിയില്‍ നിന്നും 1,24,486.15 കോടിയായി വര്‍ധിച്ചു. 8.38% ശരാശരി വാര്‍ഷിക വളര്‍ച്ചാ നിരക്കാണുണ്ടായത്.
സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 2022–23ലെ 71,968.16 കോടിയിൽ നിന്നും 3.28% വർധിച്ച് 2023–24ൽ 74,329.01 കോടിയായി. നികുതിയേതര വരുമാനം ഇതേകാലയളവിൽ 8.12% വർധിച്ചു. കേന്ദ്രസർക്കാരിൽ നിന്നുള്ള ധനസഹായം 2022–23ലെ 27,377.86 കോടിയിൽ നിന്നും 55.92% കുറഞ്ഞ് 2023 ‑24 ൽ 12,068.26 കോടിയായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിക്ഷേപം 8,775.35 കോടിയിൽ നിന്നും 10,920.97 കോടിയായി വർധിച്ചു. ഈ കാലയളവിൽ നിക്ഷേപങ്ങളിൽ നിന്നുള്ള ആദായം 1.14 ശതമാനത്തിൽ നിന്ന് 2.22 ശതമാനമായി വർധിച്ചുവെന്നും സിഎജി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.