ദേശീയപാതാ നിര്‍മ്മാണത്തില്‍ പങ്കാളികളായ സ്വകാര്യ നിക്ഷേപകരുടെ വരുമാനം ഉറപ്പാക്കുന്നതിന് വാര്‍ഷികപാസ് ഏര്‍പ്പെടുത്തി വന്‍തുക മുന്‍കൂര്‍ സമാഹരിച്ച് നല്‍കാന്‍ കേന്ദ്രം. വാണിജ്യേതര സ്വകാര്യ വാഹനങ്ങള്‍ക്ക് 3,000 രൂപ മുടക്കി ടോള്‍ പ്ലാസകളിലൂടെ സുഗമമായി കടന്നു പോകാനുള്ള ഫാസ്ടാഗ് അടിസ്ഥാന വാര്‍ഷിക പാസുകള്‍ നല്‍കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ ഇത് നടപ്പാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത ഹൈവേ വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. വര്‍ഷത്തേക്ക് 3,000 രൂപയോ 200 യാത്രകളോ ഏതാണ് ആദ്യം വരിക എന്ന നിബന്ധനയോടെയാണ് പാസ് നിലവില്‍ വരിക. ഫാസ‌്ടാഗ് സംവിധാനം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പുതിയ രീതിയിലേക്ക് പ്രവേശിക്കാന്‍ ദേശീയപാതാ അതോറിട്ടി, രാജ്മാര്‍ഗ് യാത്ര, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം എന്നീ വെബ്‌സൈറ്റുകളില്‍ ലിങ്കുകള്‍ വൈകാതെ നല്‍കുമെന്നാണ് മന്ത്രി സമൂഹമാധ്യമമായ എക്സിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.
ദേശീയപാതാ നിര്‍മ്മാണം പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ബിഒടി (നിര്‍മ്മിക്കുക, പ്രവര്‍ത്തിപ്പിക്കുക, കൈമാറുക) അടിസ്ഥാനത്തിലാണ് മുന്നേറുന്നത്. നിലവിലെ സംവിധാന പ്രകാരം സംസ്ഥാന സര്‍ക്കാരുകളും കേന്ദ്ര സര്‍ക്കാരും ചേര്‍ന്നാണ് സ്ഥലം ഏറ്റെടുക്കുക. പാത നിര്‍മ്മിക്കുന്നത് സ്വകാര്യ പങ്കാളിത്തത്തോടെയാണ്. നിര്‍മ്മാണം നടത്തുന്ന കമ്പനികള്‍ക്ക് അവരുടെ മുതല്‍ മുടക്കും ലാഭവും കൈവശമായാല്‍ സര്‍ക്കാരിന് കൈമാറും.
റോഡുകള്‍ താറുമാറായി കിടക്കുമ്പോള്‍ പൊതുജനം ടോള്‍ നല്‍കാന്‍ വിസമ്മതിക്കുന്നത് കനത്ത വെല്ലുവിളിയും വരുമാനനഷ്ടവും സൃഷ്ടിക്കുന്നു. കേരള ഹൈക്കോടതി പോലും ഈ വിഷയത്തില്‍ എൻഎച്ച്എഐക്ക് നോട്ടീസ് അയച്ചിരുന്നു. ടോള്‍ പ്ലാസകളിലെ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാനും സ്വകാര്യ നിക്ഷേപകരുടെ താല്പര്യ സംരക്ഷണത്തിനുമാണ് കേന്ദ്രം പുതിയ നീക്കവുമായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. വാര്‍ഷിക പാസ് ഏര്‍പ്പെടുത്തിയാല്‍ വന്‍തുക ഒരുമിച്ച് കയ്യില്‍ വരികയും പണമടയ്ക്കാന്‍ മടിക്കുന്നതിലൂടെയുള്ള നഷ്ടം ഒഴിവാക്കപ്പെടുകയും ചെയ്യും.
വാഹന്‍ പരിവാഹന്‍ കണക്കു പ്രകാരം രാജ്യത്തെ ഡിജിറ്റൈസ്ഡ് വാഹനങ്ങളുടെ എണ്ണം 37,66,84,541 ആണ്. ഫാസ്ടാഗ് സംവിധാനം പ്രയോജനപ്പെടുത്തുന്ന രീതിയില്‍ ആധുനിക നമ്പര്‍ പ്ലേറ്റുകള്‍ ഉള്‍പ്പെടെ സ്ഥാപിതമായ വാഹനങ്ങളുടെ കണക്കാണിത്. ഇതില്‍ പകുതിയോളം സ്വകാര്യ വാഹനങ്ങളെന്ന് കണക്കാക്കിയാല്‍ 4,800 കോടി രൂപയാണ് ഒറ്റയടിക്ക് ലഭിക്കുക. മുഴുവന്‍ സ്വകാര്യ വാഹന ഉടമകളും പുതിയ പാസ് സംവിധാനത്തിലേക്ക് മാറാന്‍ തയ്യാറായില്ലെങ്കിലും 30 ശതമാനത്തിലേറെ ഉടമകള്‍ ഭാഗമായാല്‍ത്തന്നെ 1,500 കോടി രൂപയുടെ വരുമാനം ഉറപ്പിക്കാം. നിലവിലെ കിലോമീറ്റര്‍ അധിഷ്ഠിത ടോള്‍ പിരിവിന് പകരമായി ദേശീയ പാതകളിലൂടെയും സംസ്ഥാന ഹൈവേകളിലൂടെയും ഉള്ള യാത്ര സുഗമമാക്കാനാണ് പുതിയ തീരുമാനമെന്നാണ് കേന്ദ്രത്തിന്റെ പക്ഷം. 3,000 രൂപയ്ക്ക് എത്ര കിലോമീറ്റര്‍ എന്ന നിബന്ധന പറയുന്നില്ലെങ്കിലും 200 യാത്രകള്‍ക്കും ഒരു വര്‍ഷ കാലാവധിക്കും കേന്ദ്രത്തിന് എപ്പോള്‍ വേണമെങ്കിലും കൂട്ടിക്കിഴിക്കലുകള്‍ നടത്താമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.