Friday
22 Feb 2019

ക്യാന്‍സര്‍ ചികില്‍സയില്‍ നൂതന കണ്ടുപിടിത്തവുമായി അമൃതയിലെ ശാസ്ത്രജ്ഞര്‍

By: Web Desk | Wednesday 31 January 2018 9:46 PM IST

കൊച്ചി: ക്യാന്‍സര്‍ ചികില്‍സയില്‍ നിര്‍ണായകമായൊരു കണ്ടുപിടിത്തവുമായി കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ശാസ്ത്രജ്ഞര്‍. അമൃതയിലെ നാനോസയന്‍സ് ആന്‍ഡ് മോളീക്യൂലാര്‍ മെഡിസിന്‍ വിഭാഗം മനുഷ്യന്‍റെ അസ്ഥികളില്‍ കാണപ്പെടുന്ന ബയോ മിനറലായ കാല്‍സിയം ഫോസ്‌ഫേറ്റിന്‍റെ സൂക്ഷ്മ കണങ്ങളെ പൂര്‍ണമായും മാറ്റം വരുത്താവുന്ന ബയോഡീഗ്രേഡബിള്‍ റേഡിയോ ഫ്രീക്വന്‍സി ഏജന്‍റാക്കി മാറ്റാമെന്നാണ് കണ്ടുപിടിച്ചിരിക്കുന്നത്. എംആര്‍ഐ, സിടി സ്‌കാനുകളിലൂടെ ഇവയെ കണ്ടെത്താമെന്നും തെളിയിച്ചിരിക്കുന്നു. സുരക്ഷിതവും ചെലവു കുറഞ്ഞതുമായ ചികില്‍സയ്ക്കും ഇത് വഴിയൊരുക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ബയോ ടെക്‌നോളജി ഡിപാര്‍ട്ട്‌മെന്‍റാണ് പദ്ധതിക്കുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്.

കാല്‍സിയം ഫോസ്‌ഫേറ്റ് സൂക്ഷ്മ കണങ്ങളെ കാണാനാവുന്ന തരത്തിലേക്ക് മാറ്റാനാവുന്നത് ചികില്‍സയ്ക്കു ഉപകാരപ്രദമാണെന്നും കാണാനാവുന്ന തരത്തില്‍ ബയോഡീഗ്രേഡബിള്‍ ഏജന്‍റാക്കി മാറ്റാനാകുന്നത് നൂതനമായ വഴിത്തിരിവാണെന്നും ട്യൂമറുകളിലെ ഇവയുടെ കുമിഞ്ഞു കൂടല്‍ സ്‌കാനിങിലൂടെ കണ്ടെത്തുന്നത് ക്യാന്‍സര്‍ ചികില്‍സ എളുപ്പമാക്കുമെന്നും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്യൂളാര്‍ മെഡിസിന്‍ ഡയറക്ടര്‍ ഡോ. ശാന്തി നായര്‍ പറഞ്ഞു.
റേഡിയേഷനും ഗാമ റേകളും ഉപയോഗിച്ച് കോശങ്ങള്‍ നശിപ്പിക്കുന്നതാണ് നിലവിലെ ക്യാന്‍സര്‍ ചികില്‍സകള്‍. ഇതിന് പാര്‍ശ്വമായ കുഴപ്പങ്ങള്‍ ഏറെയുണ്ട്. ക്യാന്‍സര്‍ സെല്ലുകല്‍ക്കൊപ്പം ആരോഗ്യകരമായ കോശങ്ങളും നശിക്കുന്നുവെന്നതാണ് ഗുരുതരമായ പ്രശ്‌നം. സൈബര്‍-നൈഫ് സാങ്കേതിക വിദ്യയിലുള്ള റേഡിയേഷന് കൃത്യതയുണ്ടെങ്കിലും ചെലവേറെയാണ്. അതുകൊണ്ടാണ് ഇന്ന് ലഭ്യമായിട്ടുള്ള ഏറ്റവും ചെലവു കുറഞ്ഞ റേഡിയോ ഫ്രീക്വന്‍സി (ആര്‍എഫ്) മൈക്ക്രോവേവ്‌സ് ഉപയോഗിച്ചുള്ള ചികില്‍സയെ ആശ്രയിക്കുന്നത്. ഇതിന് ആര്‍എഫ് ഏജന്റ് മനുഷ്യ ശരീരത്തിന് കുഴപ്പമുണ്ടാക്കാത്തതായിരിക്കേണ്ടത് അനിവാര്യമാണ്. ഇവിടെയാണ് പുതിയ കണ്ടുപിടിത്തം നിര്‍ണായകമാകുന്നത്.
കാല്‍സ്യം ഫോസ്‌ഫേറ്റിനുള്ള ഏറ്റവും വലിയ ഗുണമെന്നത് നമ്മുടെ ശരീരം ഇതിനെ ബാഹ്യ വസ്തുവായി കാണുന്നില്ല എന്നതാണെന്നും ഇത് ദോഷങ്ങള്‍ കുറയ്ക്കുന്നുവെന്നും ഇവയെ സ്‌കാനിങ്ങിലൂടെ കണ്ടെത്താനാവുന്നത് ചികില്‍സയെ സഹായിക്കുന്നുവെന്നും റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് ചൂടാക്കി കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനാകുമെന്നും ഇപ്പോള്‍ വലിയ മൃഗങ്ങളില്‍ മാത്രമാണ് പഠനം നടക്കുന്നതെന്നും അതിനു ശേഷം ക്ലിനിക്കല്‍ പരീക്ഷണങ്ങളുണ്ടാകുമെന്നും അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ നാനോസയന്‍സസ് ആന്‍ഡ് മോളിക്യൂളാര്‍ മെഡിസിന്‍, പ്രൊഫസറും പ്രൊജക്റ്റിന്റെ പ്രിന്‍സിപ്പിള്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. മന്‍സൂര്‍ കോയക്കുട്ടി പറഞ്ഞു.

അമൃതയിലെ നാനോസയന്‍സ് ആന്‍ഡ് മോളിക്യൂലാര്‍ മെഡിസിന്‍ സെന്‍ററിലെ ഗവേഷകരായ ഡോ. അനുഷ അശോകന്‍, ഡോ. വിജയ് ഹാരിഷ്, ഡോ. ജി എസ് ഗൗഡ് എന്നിവര്‍ കാല്‍സിയം ഫോസ്‌ഫേറ്റ് അടങ്ങിയ വസ്തുക്കളില്‍ എംആര്‍ഐ ഇമേജിങ് പരീക്ഷണം നടത്തികൊണ്ടിരിക്കെയാണ് റേഡിയോ തരംഗങ്ങള്‍ ഏര്‍ക്കുമ്പോള്‍ കാല്‍സിയം കോംപൗണ്ട് ചൂടാകുന്നത് കണ്ടെത്തിയത്. കാല്‍സിയം ഫോസ്‌ഫേറ്റ് സൂക്ഷ്മ കണങ്ങളുടെ മാറ്റത്തിലേക്ക് നയിച്ചത് ഇതാണ്.