രാഹുലിന് ഉപദേശം

Web Desk
Posted on November 14, 2019, 10:38 pm

ന്യൂഡൽഹി: കാവൽക്കാരൻ കള്ളനാണെന്ന്(ചൗക്കീദാർ ചോർ ഹേ)സുപ്രീം കോടതി പറഞ്ഞുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ സമർപ്പിക്കപ്പെട്ട കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതി തീർപ്പാക്കി.  രാഹുലിന്റെ മാപ്പ് അംഗീകരിച്ച കോടതി, ഭാവിയിൽ പ്രസ്താവനകൾ നടത്തുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജിയിൽ തീർപ്പുകൽപിച്ചത്.

സത്യത്തോട് ബന്ധമില്ലാത്ത പ്രസ്താവനകൾ തുടർച്ചയായി രാഹുൽ ഗാന്ധി നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും ഹർജിയിൽ തീർപ്പു കൽപിക്കുന്നതിനിടെ കോടതി നിരീക്ഷിച്ചു. ഹർജിയിൽ നടപടികളുമായി മുന്നോട്ടു പോകാൻ കോടതി ആഗ്രഹിക്കുന്നില്ല. രാഹുൽ ഭാവിയിൽ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ആഗ്രഹിക്കുന്നതായും കോടതി പറഞ്ഞു.

റഫാൽ കേസുമായി ബന്ധപ്പെട്ടാണ് നരേന്ദ്ര മോഡിക്കെതിരെ രാഹുൽ ഈ പരാമർശം നടത്തിയത്. ഇതിനെതിരെ ലോക്‌സഭാ എംപി മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്. മുതിർന്ന അഭിഭാഷകൻ എം എം. സിങ്വിയാണ് രാഹുൽ ഗാന്ധിക്കു വേണ്ടി കോടതിയിൽ ഹാജരായത്.