അഫ്ഗാനില്‍ ഐഎസിന്റെ നിശബ്ദ സാനിധ്യമെന്ന് ഐക്യരാഷ്ട്രസഭാ മേധാവി

Web Desk
Posted on September 10, 2019, 12:04 pm

ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാനില്‍ വിദേശ സൈന്യവും രാജ്യാന്തര സേനകളും നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ഐഎസ് നിശബ്ദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ്. ഉടന്‍ നടക്കാന്‍ പോകുന്ന പ്രസിഡന്റെ തെരഞ്ഞെടുപ്പില്‍ ഒരു തീവ്രവാദി സംഘടനകളും ഇടപെടരുതെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ 183 ആക്രമണങ്ങള്‍ ഐഎസ് നടത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം ഇതേ ഘട്ടത്തില്‍ 93 ആക്രമണങ്ങള്‍ മാത്രമാണ് ഇവര്‍ നടത്തിയത്. താലിബാനുമായി ഒരു വര്‍ഷം നീണ്ട ചര്‍ച്ച ഏതാണ്ട് ധാരണയുടെ ഘട്ടത്തിലേക്ക് എത്തിയ സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയിരുന്നു. താലിബാനുമായുള്ള സമാധാന ചര്‍ച്ചകള്‍ മരിച്ച് കഴിഞ്ഞെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.

എല്ലാ അഫ്ഗാന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഗുട്ടറെസ് ചൂണ്ടിക്കാട്ടി. അഫ്ഗാനിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഏറെ ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 28നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്. സര്‍ക്കാര്‍ വിരുദ്ധ സംഘങ്ങളില്‍ നിന്നുള്ള ഭീഷണികള്‍ പല അഫ്ഗാനികളെയും വോട്ടു ചെയ്യാന്‍ പോകുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയോ ജനങ്ങളെയോ തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളെയോ ആക്രമിക്കരുതെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

തെരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് മേല്‍ വലിയ ഉത്തരവാദിത്തമാണുള്ളതെന്നും ഗുട്ടറെസ് പറഞ്ഞു. രാജ്യത്തെ സംഘര്‍ഷം ഇല്ലാതാക്കാനുള്ള നടപടികള്‍ പുതിയ ഭരണാധികാരി ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.