ജമ്മു-കശ്മീരില്‍ പാകിസ്ഥാന്റെ സഹായത്തോടെ അഫ്ഗാന്‍ തീവ്രവാദികള്‍ എത്തിയതായി റിപ്പോര്‍ട്ട്

Web Desk
Posted on August 23, 2019, 12:52 pm

ന്യൂഡല്‍ഹി: ജമ്മു-കശ്മീരില്‍ പാകിസ്ഥാന്റെ സഹായത്തോടെ അഫ്ഗാന്‍ തീവ്രവാദികള്‍ എത്തിയതായി റിപ്പോര്‍ട്ട്. കശ്മീര്‍ താഴ്‌വരയില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനാണ് അഫ്ഗാനിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൂറിലധികം തീവ്രവാദികളെ അതിര്‍ത്തി കടത്താന്‍ പാകിസ്ഥാന്‍ ഒത്താശ ചെയ്യുന്നുവെന്നാണ് രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാക് അധീന കശ്മീരീലെ ലിപ്പാ താഴ്‌വരയിലാണ് ഇവര്‍ ഇപ്പോള്‍ താവളമടിച്ചിട്ടുള്ളത്. കശ്മീരില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യുന്നതിന് പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥര്‍ ഭാവല്‍പൂരിലെ ജെയ്‌ഷെ-മുഹമ്മദ് ക്യാമ്പില്‍ എത്തിയിരുന്നു, പാക് അധീന കശ്മീരിലെ മന്‍ഷേരയില്‍ തീവ്രവാദികള്‍ക്ക് പത്ത് ദിവസത്തെ പരിശീലനം നല്‍കിയതായും രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.