12 June 2024, Wednesday

Related news

October 7, 2023
August 23, 2023
August 6, 2023
January 29, 2023
January 25, 2023
January 15, 2023
January 6, 2023
December 29, 2022
December 26, 2022
December 25, 2022

അഫ്ഗാനില്‍ താലിബാന് മേല്‍ക്കൈ; കാണ്ഡഹാര്‍ പിടിച്ചു

Janayugom Webdesk
കാബൂള്‍
August 13, 2021 10:18 pm

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാര്‍ പിടിച്ചെടുത്തതായി ഭീകരസംഘടനയായ താലിബാന്‍. കാണ്ഡഹാര്‍ നഗരം പൂര്‍ണമായും കീഴടക്കിയെന്നും മുജാഹിദുകള്‍ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തിയതായും താലിബാന്‍ വക്താവ് ട്വീറ്റ് ചെയ്തു. ഔദ്യോഗിക അഫ്ഗാന്‍ സേന നഗരത്തിന് പുറത്തുള്ള ഒരു സൈനിക കേന്ദ്രത്തിലേക്ക് കൂട്ടത്തോടെ പിന്‍വലിഞ്ഞതായാണ് സൂചന. രാജ്യത്തിന്റെ ഭൂരിഭാഗവും താലിബാന്‍ നിയന്ത്രണത്തിലായി. മൂന്നാമത്തെ വലിയ നഗരമായ ഹേറാത്തും പിടിച്ചെടുത്തിട്ടുണ്ട്. തലസ്ഥാന നഗരമായ കാബൂളും ഏതാനും സമീപ പ്രദേശങ്ങളും മാത്രമെ അഫ്ഗാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ബാക്കിയുള്ളൂ.

കാബൂളിന് 50 കിലോമീറ്റര്‍ അകലെയുള്ള ലോഗര്‍ പ്രവിശ്യാതലസ്ഥാനമാണ് താലിബാന്‍ സേന ഒടുവില്‍ പിടിച്ചെടുത്തത്. ലഷ്കര്‍ ഗാഹ് കീഴടക്കിയ താലിബാന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ തങ്ങളുടെ പതാകകള്‍ സ്ഥാപിച്ചു. സാബുള്‍, ദക്ഷിണ ഉറുസ്ഗാന്‍, ഫിറുസ് കോഹ് എന്നീ പ്രവിശ്യകളും താലിബാന്‍ നിയന്ത്രണത്തിലായി,

ഏതാനും ആഴ്ചയ്ക്കുള്ളില്‍ കാബൂള്‍ കീഴടങ്ങിയേക്കുമെന്നാണ് വിലയിരുത്തല്‍. ഇതോടെ മന്ത്രിമാരടക്കമുള്ള ഭരണനേതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ അഭയം തേടി. ഒന്നാം വൈസ് പ്രസിഡന്റ് അമറുള്ള സാലേ തജിക്കിസ്ഥാനിലേക്ക് കടന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പലരും താലിബാന്‍ പക്ഷത്തേക്ക് കൂറുമാറി. ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ പൗരന്മാരെ അഫ്ഗാനില്‍ നിന്നും ഒഴിപ്പിക്കുന്നതിന് നേരത്തെ നടപടികള്‍ സ്വീകരിച്ചിരുന്നു.

അമേരിക്കയും സഖ്യകക്ഷികളും അഫ്ഗാനിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചതിന് ശേഷമാണ് താലിബാന്‍ ആക്രമണം ആരംഭിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ മാത്രം ഒരു ഡസനോളം സംസ്ഥാന തലസ്ഥാനങ്ങള്‍ താലിബാന്‍ അധീനതയിലായി. അധികാര പങ്കാളിത്തം വാഗ്ദാനം ചെയ്ത് സര്‍ക്കാര്‍ കഴിഞ്ഞദിവസം ധാരണയ്ക്ക് ശ്രമിച്ചുവെങ്കിലും ഇത് തള്ളിക്കളഞ്ഞ് താലിബാന്‍ ആക്രമണം തുടരുകയായിരുന്നു.

സെപ്റ്റംബര്‍ 11 ഓടെ അമേരിക്കന്‍ സേനയുടേയും സഖ്യസേനയുടേയും പിന്മാറ്റം പൂര്‍ണമാകുമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചിട്ടുള്ളത്. അതേസമയം പുതിയ സാഹചര്യത്തില്‍ 3,000 യുഎസ് സൈനികരെ കാബൂളിലേക്ക് കൂടുതലായി വിന്യസിക്കുമെന്ന് പെന്റഗണ്‍ അറിയിച്ചിട്ടുണ്ട്. വിഷയം ചര്‍ച്ചചെയ്ത യുഎന്‍ സുരക്ഷാസമിതി താലിബാന്‍ ആക്രമണങ്ങളെ അപലപിച്ചു. നാറ്റോ സൈനികസഖ്യവും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.