ജനജീവിതം ദുസ്സഹമാക്കി ആഫ്രിക്കന്‍ ഒച്ചുകളുടെ താണ്ഡവം

Web Desk
Posted on July 10, 2018, 9:18 pm

പത്തനംതിട്ട: ജനജീവിതം ദുസ്സഹമാക്കി ആഫ്രിക്കന്‍ ഒച്ചുകളുടെ താണ്ഡവം. മഴയുടെ കെടുതികള്‍ക്കിടയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ വ്യാപനം നാട്ടുകാരില്‍ ഭീതി വളര്‍ത്തുന്നു. അച്ചന്‍കോവിലാറിന്‍റെ തീരങ്ങളിലും പ്രമാടം, മാത്തൂര്‍, വെട്ടൂര്‍, പന്തളം- രാമന്‍ചിറ, തുമ്പമണ്‍, വള്ളിക്കോട്, കോന്നി, ഭാഗങ്ങളിലുമാണ് ശല്യം രൂക്ഷമായിരിക്കുന്നത്. വീടുകളുടെ അടുക്കളകള്‍ വരെ ഒച്ചുകളുടെ വിഹാര കേന്ദ്രമായിക്കഴിഞ്ഞു. ഇവയുടെ ദേഹത്തുനിന്ന് ഒലിച്ചുറങ്ങുന്ന ദ്രാവകത്തിന് അസഹ്യമായ ദുര്‍ഗന്ധമാണ്. ആറുവര്‍ഷം മുമ്പ് കോന്നിയിലാണ് ജില്ലയില്‍ ആദ്യമായി ആഫ്രിക്കന്‍ ഒച്ചിനെ കണ്ടെത്തിയത്. നാമമാത്രമായി കാണപ്പെട്ടവ മുട്ടയിട്ടു പെരുകി വര്‍ഷങ്ങളായി ജനജീവിതം ദുസഹമാക്കി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളിലും കോന്നിയില്‍ ശല്യമുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.

ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക സംഘം നടത്തിയ പഠനത്തില്‍ ആഫ്രിക്കന്‍ ഒച്ചുകള്‍ മസ്തിഷ്‌ക ജ്വരം ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. മഴക്കാലത്താണ് ഇവ കൂട്ടത്തോടെ പുറത്തിറങ്ങുന്നത്. ഒറ്റത്തവണ 40- 50 കുഞ്ഞുങ്ങള്‍വരെ ഉണ്ടാകും. ദിവസങ്ങള്‍ക്കുള്ളില്‍ വളരുന്ന ഇവ ശംഖ് ആകൃതിയിലാണ് കാണപ്പെടുന്നത്. കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിക്കും. ഉപ്പും തുരിശും പുകയില ലായനിയുമാണ് പ്രധാന പ്രതിരോധ മാര്‍ഗം. ഇവയുടെ പ്രയോഗത്തിലൂടെ ഇല്ലാതാകുന്ന ഒച്ചുകളുടെ തോട് മണ്ണിനോടു ചേര്‍ന്ന് പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ജീവനുള്ളവയെ കാക്കയും മറ്റ് പക്ഷികളും ആഹാരമാക്കാറില്ല. കൊല്ലുന്നവയെ കുഴിച്ചു മൂടിയില്ലെങ്കില്‍ തോടുകളില്‍ വെള്ളം കെട്ടിക്കിടന്ന് കൊതുകുകള്‍ വളരും. ഉപ്പ് പ്രയോഗം കര്‍ഷകര്‍ക്കും ഭീഷണിയാണ്. അമിതമായാല്‍ കാര്‍ഷിക വിളകള്‍ നശിക്കും. മലേഷ്യയില്‍ നിന്നുമാണ് ഇവയുടെ വരവെന്ന് കരുതുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലേക്കു വന്ന തടിലോറിയില്‍ എലിയറയ്ക്കല്‍ മില്ലില്‍ എത്തിയ ഒച്ചുകള്‍ ചതുപ്പ് ഏറെയുള്ള എതിര്‍ ഭാഗത്തെ വയല്‍ താവളമാക്കി മുട്ടയിട്ടു പെരുകുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇവയുടെ ശല്യം കാരണം ഭക്ഷണം കഴിക്കുന്നതിന് പോലും തടസ്സം നേരിടുകയാണ്. ഭിത്തിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഒച്ചുകള്‍ കാരണം ഉറക്കം നഷ്ടപ്പെടുന്നവരും ഏറെയാണ്.