1977ന് ശേഷം കയ്യേറിയത് 7801 ഹെക്ടര്‍ വനഭൂമി

Web Desk
Posted on June 10, 2019, 10:31 pm

തിരുവനന്തപുരം: സംസ്ഥാനത്ത് 1977 ജനുവരി ഒന്നിന് ശേഷം 7801.10 ഹെക്ടര്‍ (19276.5181 ഏക്കര്‍ ) വനഭൂമി കൈയേറിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി മന്ത്രി കെ രാജു നിയമസഭയില്‍. വനം വകുപ്പ് 2015–16 സാമ്പത്തിക വര്‍ഷം വരെ നടത്തിയ കണക്കെടുപ്പനുസരിച്ചുള്ള കണക്കാണിത്.
തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ഉള്‍പ്പെട്ട സതേണ്‍ സര്‍ക്കിളില്‍ 18.96 ഹെക്ടര്‍ (46.85 ഏക്കര്‍) വനഭൂമിയാണ് കൈയേറിയിട്ടുള്ളത്. എറണാകുളം, കോട്ടയം, ഇടുക്കി ഉള്‍പ്പെടുന്ന ഹൈറേഞ്ച് സര്‍ക്കിളില്‍ 1727.2 ഹെക്ടറും (4267.91 ഏക്കര്‍) തൃശൂര്‍, എറണാകുളം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ സര്‍ക്കിളില്‍ 276.33 ഹെക്ടറും (682.81 ഏക്കര്‍), മലപ്പുറം, പാലക്കാട് ഉള്‍പ്പെടുന്ന ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 3819.73 ഹെക്ടറും (9438.55 ഏക്കര്‍), വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 1760.45 ഹെക്ടറും (4350.07 ഏക്കര്‍), എന്നിങ്ങനെയാണ് വനം കൈയേറ്റം.
ഹൈക്കോടതി ഉത്തരവനുസരിച്ച് ഇതില്‍ 280.4566 ഏക്കര്‍ ഭൂമിതിരിച്ചുപിടിച്ചിട്ടുണ്ട്. വനം കയ്യേറ്റക്കാരെ ഒഴിപ്പിക്കണമെന്ന് 2015 ലെ ഹൈക്കോടതി വിധി പൂര്‍ണമായും നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ല. വിധി നടപ്പാക്കുന്നതിനായി ഹൈക്കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. 1961 ലെ കേരള വനനിയമപ്രകാരം കയ്യേറ്റം ഒഴിപ്പിക്കുന്നതിനു നോട്ടീസ് നല്‍കേണ്ടതില്ലാത്തതിനാല്‍ അക്കാര്യത്തില്‍ വ്യക്തതത ആവശ്യപ്പെട്ടും സര്‍ക്കാര്‍ ഈ കേസില്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തിരുന്നു. നോട്ടീസ് നല്‍കുന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളില്‍ ഇത് വരെ ഉത്തരവ് ആയിട്ടില്ല. ഈ വര്‍ഷം ജനവരിയിലെ എസ്എല്‍എംസി മീറ്റിംഗിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2018 മാര്‍ച്ച് അഞ്ചിന് ശേഷം മണ്ണാര്‍ക്കാട് ഡിവിഷനില്‍ 04.45 ഹെക്ടര്‍ വനഭൂമിയും മൂന്നാറില്‍ ഒരു ഏക്കര്‍ വനഭൂമിയും കോതമംഗലം ഡിവിഷനില്‍ 2.50 ഏക്കര്‍ വനഭൂമിയും കയ്യേറിയിട്ടുണ്ട്. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സ്ഥലം സര്‍ക്കാര്‍ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതുതായി ഉണ്ടാകുന്ന കയ്യേറ്റങ്ങള്‍ അപ്പോള്‍ തന്നെ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിക്കുന്നുണ്ട്. കയ്യേറ്റഭൂമിയില്‍ നിന്നും സമയപരിധി വെച്ച് ഒഴിഞ്ഞുപോകാന്‍ നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്.എന്നാല്‍ തദ്ദേശീയ രാഷ്ട്രീയ, സാമൂദായിക സംഘടനകളുടെ സംഘടിതമായ ചെറുത്തുനില്‍പ്പിനെ തുടര്‍ന്ന് ഒഴിപ്പിക്കല്‍ നടപടികളില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞിട്ടില്ല. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയുണ്ട്.
ഏറ്റവും കൂടുതല്‍ വനം കൈയ്യേറ്റം ഉണ്ടായത് വയനാട്ടില്‍ ആണ്. 68.0750 ഹെക്ടറാണ് വയനാട്ടില്‍ കൈയേറിയത്. പാലക്കാട് 41.998, കോഴിക്കോട് ‑5.004, ഇടുക്കി- 3.04, തൃശൂര്‍— 1.3279 ഹെക്ടര്‍ എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കൈയ്യേറ്റം. ഇവയെല്ലാം തന്നെ ഒഴിപ്പിച്ചു.ഏറ്റവും കൂടുതല്‍ കൈയ്യേറ്റ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് പാലക്കാട് ജില്ലയിലാണ്, 124. മലപ്പുറത്തു 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. ഒരു കേസാണ് ഇവിടെയുള്ളത്. അനില്‍ അക്കര, സി ദിവാകരന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.