എട്ടുവര്‍ഷത്തിന് ശേഷം അറുനൂറുകിലോ ഭാരമുള്ള ഭീമന്‍ മുതലയെ പിടികൂടി

Web Desk
Posted on July 10, 2018, 4:12 pm

സിഡ്‌നി: എട്ടുവര്‍ഷത്തെ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ അറുനൂറുകിലോ ഭാരമുള്ള ആ ഭീമന്‍ മുതലയെ അധികൃതര്‍ പിടികൂടി. ഓസ്‌ട്രേലിയന്‍ അധികൃതറാണ് വടക്കന്‍ നഗരമായ കാതറിനിലെ നദിയില്‍നിന്നും  4.7 മീറ്റര്‍ നീളമുള്ള മുതലയെ പിടികൂടിയത്. ഈ മുതലയ്ക്ക് അറുപതുവയസ്സു പ്രായമുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. 2010ലാണ് ഈ ഭീമന്‍മുതലയെ ആദ്യമായി കാണുന്നത്.

മുതലയെ പിടികൂടാനായി നദിയില്‍  കെണി ഒരുക്കിവച്ചിരുന്നു. അതിലാണ് മുതല കുടുങ്ങിയത്. ഈ മുതലയെ പലവട്ടം പിടികൂടാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിഞ്ഞിരുന്നില്ല.

പിടികൂടിയശേഷം മുതലയെ ക്രോക്കൊഡൈല്‍ ഫാമിലേക്ക് മാറ്റിയതായി നോര്‍ത്തേണ്‍ ടെറിറ്ററി വൈല്‍ഡ് ലൈഫ് ഓപറേഷന്‍സ് മേധാവി ട്രേസി ഡല്‍ഡിഗ് പറഞ്ഞു. വൈല്‍ഡ് ലൈഫ് ഓപറേഷന്‍ യൂണിറ്റ് കാതറിന്‍ നദിയില്‍നിന്നു നീക്കം ചെയ്തതില്‍വച്ച്‌ ഏറ്റവും വലിയ മുതലയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രദേശവാസികള്‍ക്ക് ഭീഷണിയാകുന്ന 250 ഓളം മുതലകളെയാണ് പ്രതിവര്‍ഷം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടാറുള്ളത്. ഓസ്‌ട്രേലിയയിലെ വടക്കന്‍ മേഖലകളില്‍ വളരെ സാധാരണയായി കാണുന്നവയാണ് ഇത്തരം മുതലകള്‍. പ്രതിവര്‍ഷം ശരാശരി രണ്ടുപേര്‍ ഇവയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാറുണ്ട്.