ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍

Web Desk
Posted on June 19, 2019, 1:19 pm

ഭുവനേശ്വര്‍: ലിച്ചിപ്പഴത്തില്‍ ശരീരത്തിന് ഹാനികരമായ വിഷവസ്തുക്കളുണ്ടോ എന്ന് പരിശോധിക്കാന്‍ ഒഡീഷ സര്‍ക്കാര്‍.  ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ 109 കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് അടിയന്തര തീരുമാനം.  ബിഹാറിലെ കുട്ടികളുടെ മരണം ലിച്ചിപ്പഴം കഴിച്ചതു കൊണ്ടാണെന്ന തരത്തില്‍ ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് തീരുമാനം.ചിലതരം ലിച്ചിപ്പഴങ്ങളിലുള്ള ഘടകങ്ങള്‍ മനുഷ്യ ശരീരത്തിന് ഹാനികരമാകുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ലിച്ചിപ്പഴം കഴിച്ച കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചതെന്നും ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 

വിപണിയില്‍ വില്‍പന നടത്തുന്ന ലിച്ചിപ്പഴങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ഒഡീഷ ആരോഗ്യമന്ത്രി നവകിഷോര്‍ ദാസ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികില്‍സയിലാണ്. മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 89 കുട്ടികളാണ് മരിച്ചത്.  ശ്രീകൃഷ്ണ ആശുപത്രി സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രി നിധീഷ് കുമാറിനെതിരെ നാട്ടുകാ‍ര്‍ പ്രതിഷേധിച്ചിരുന്നു.

രോഗബാധ പഴവിപണിയെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്.