പ്രളയാനന്തര  വിനോദസഞ്ചാര വികസനം-അന്തര്‍സംസ്ഥാന വാഹനറാലി

Web Desk
Posted on September 20, 2018, 4:58 pm

കല്‍പറ്റ:വയനാട് നേരിട്ട എറ്റവും ശക്തമായ പ്രളയത്തിനും മണ്ണിടിച്ചിലിനും ശേഷം ജില്ലയിലെ വിനോദസഞ്ചാര രംഗത്ത് രൂപപ്പെട്ട കടുത്ത പ്രതിസന്ധി മറികടക്കുന്നതിനുമായി വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സുരക്ഷിത വിനോദസഞ്ചാര ക്യാമ്പയിനിംഗിന്റെ (Des­ti­na­tions are open & Wayanad is Safe to Explore) പ്രചരണത്തിന്റെ ഭാഗമായി അന്തര്‍സംസ്ഥാന വാഹനറാലി (Wayanad Beck­ons) സംഘടിപ്പിക്കുന്നു.

 ബാക്ക്പാക്കേഴ്‌സ് ടൂറിസം സൊസൈറ്റിയുടെ സഹകരണത്തോടെ മിക്‌സ് പള്‍സ് റൈഡിംഗ് കമ്മ്യുണിറ്റി, വയനാട് ഡെസ്റ്റിനേഷന്‍ മെയ്‌ക്കേഴ്‌സ് എന്നിവരുമായി ചേര്‍ന്ന് നടത്തുന്ന റാലി നാളെ രാവിലെ 10 മണിക്ക് പൂക്കോട് തടാക പരിസരത്ത് നിന്നും കല്‍പറ്റ നിയോജക മണ്ഢലം എം.എല്‍.എ.സികെ.ശശീന്ദ്രന്‍, സബ്ബ് കളക്ടര്‍ വയനാട് ഉമേഷ് എന്‍.എസ്.കെ ഐ.എ.എസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പ്രവര്‍ത്തനം കാഴ്ച്ചവെച്ച വയനാട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ജീവനക്കാരെ ചടങ്ങില്‍വെച്ച് ആദരിക്കും.സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ കേന്ദ്രങ്ങളില്‍ റാലി സന്ദര്‍ശനം നടത്തും.പൂക്കോട്തടാകത്തില്‍ നിന്നുംആരംഭിക്കുന്ന റാലി എടയ്കല്‍ഗുഹ,മുത്തങ്ങ,മൈസൂര്‍,ശിവന സമുദ്ര,കൊല്ലഗല്‍,കോയമ്പത്തൂര്‍,മേട്ടുപ്പാളയം,ഊട്ടി വഴി തിരികെ 23ന് വയനാട്ടില്‍ എത്തിച്ചേരും.മൈസൂര്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് കോയമ്പത്തൂര്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ റാലിക്ക് പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. കൂടാതെ ജെസിഐ, സീനിയര്‍ ചേമ്പര്‍ തുടങ്ങിയ സംഘടനകളും ഇതിനോട് സഹകരിച്ച് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. മൈസൂര്‍,കോയമ്പത്തുര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പത്രമാധ്യമങ്ങളുമായും,ട്രാവല്‍-ടൂര്‍ ഓപ്പറേറ്റര്‍മാരുമായും കൂടിക്കാഴ്ച്ചയും ഇതിന്റെ ഭാഗമായി നടക്കും. റാലി അംഗങ്ങള്‍ സ്റ്റിക്കറുകള്‍,പോസ്റ്ററുകള്‍,വയനാട് ടൂറിസം സംബന്ധിച്ച ലഘുലേഖകള്‍ തുടങ്ങിയവ യാത്രയില്‍ ഉടനീളം വിതരണം ചെയ്യും.വയനാട് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയ ‘വയനാടന്‍’ എന്ന ഫെസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജാണ് സമൂഹമാധ്യമങ്ങളില്‍ റാലിയുടെ പ്രചാരണം നടത്തുന്നത്.