Saturday
23 Feb 2019

പ്രളയത്തിന് ശേഷം നഗരത്തിലെ ജലാശയങ്ങളുടെ സ്ഥിതി മോശം

By: Web Desk | Tuesday 25 September 2018 10:19 PM IST


ആര്‍ ബാലചന്ദ്രന്‍ 
ആലപ്പുഴ: പ്രളയത്തിന് ശേഷം നഗരത്തിലെ കനാലുകളുടെ സ്ഥിതി കൂടുതല്‍ ദയനീയമായി. ആലപ്പുഴയുടെ അഴകെന്ന് വിശേഷിപ്പിക്കുന്ന കനാലുകളും ഇടത്തോടുകളും ഇന്ന് വറ്റിവരണ്ട് ഉണങ്ങുകയാണ്. അടിതട്ട് തെളിഞ്ഞ് മാലിന്യങ്ങള്‍ കാണാന്‍ കഴിയുന്ന വിധമായി ഇവ മാറിയതോടെ മരണ മണിയും മുഴങ്ങി തുടങ്ങിയെന്ന് വേണം കരുതാന്‍. മുന്‍പ് അറവ് മാലിന്യം അടക്കമുള്ളവ നിക്ഷേപിച്ച് മലീനസമാക്കിയ കനാലുകകളെ പുനരുദ്ധരിക്കാന്‍ സര്‍ക്കാര്‍ പല പദ്ധതികളും ആവിഷ്‌ക്കരിച്ചിരുന്നു. അതെല്ലാം തുടങ്ങിയ ഇടത്തുതന്നെ നില്‍ക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോയി. കോടികള്‍ മുടക്കി കനാല്‍ മാനേജ്‌മെന്റ് സൊസൈറ്റി നടപ്പാക്കിയ പരിഷ്‌ക്കാരങ്ങള്‍ക്കും അധികം ആയുസുമുണ്ടായിരുന്നില്ല.
സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കനാല്‍കരകളില്‍ സ്ഥാപിച്ച ശില്‍പ്പങ്ങള്‍ ഇന്നും അനാഥമായി. അടച്ച് കെട്ടിവെച്ചിരിക്കുന്ന ഇവയുടെ അണിയറ ശില്‍പ്പികള്‍ക്ക് പൂര്‍ണമായി പണം നല്‍കാന്‍ പോലും അധികൃതര്‍ മറന്നു. ഒരുകാലത്ത്  ജില്ലയുടെ വാണിജ്യ പരമായ വളര്‍ച്ചക്ക് മുതല്‍കൂട്ടായിരുന്ന ജലാശയങ്ങളുടെ പ്രതാപം വീണ്ടെടുക്കാന്‍ കഴിയാതെ വന്നു. ഇച്ഛാശക്തിയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ജലാശയങ്ങളെ വീണ്ടെടുക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ അഴിമതിയും ധൂര്‍ത്തും കാട്ടി ഉദ്യോഗസ്ഥര്‍ പണം തട്ടിയെടുക്കുകയായിരുന്നു. ഇവരെ നിയന്ത്രിക്കേണ്ടവര്‍ അതിന് മൗനാനുവാദവും നല്‍കി. ചുരുക്കത്തില്‍ വേലിതന്നെ വിളവ് തിന്നുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോയതോടെ കനാലിന്റെയും തോടുകളുടെയും കാര്യത്തില്‍ ആരും ശ്രദ്ധിക്കാതെ വന്നതോടെ വര്‍ഷങ്ങളായി അനാഥമായി കിടന്നു. അതിനിടെയാണ് ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക് വികേന്ദ്രീകൃത അടിസ്ഥാനത്തില്‍ നഗരത്തിലെ പ്രധാന രണ്ട് കനാലുകളായ വാടകനാല്‍, 1957ല്‍ കമ്മീഷന്‍ ചെയ്ത ആലപ്പുഴ- ചെങ്ങനാശ്ശേരി ഉള്‍പ്പടെ 13 ചെറു തോടുകളും പുനരുദ്ധരിക്കാനുള്ള പദ്ധതി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. അതിനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ എട്ടിന് തുടങ്ങുകയും ചെയ്തു.
ചെറുതോടുകള്‍ വൃത്തിയാക്കുകയും വെള്ളം ശുദ്ധീകരിക്കുകയും ചെയ്യുന്നതിന്റെ മാതൃകയാണു ധനമന്ത്രി അവതരിപ്പിച്ചത്.  ചാത്തനാട് നഗരസഭ കോളനിക്ക് സമീപമുള്ള തോട്ടില്‍ പത്യേകമായി അനെയ്‌റോബിക് ബാഫിള്‍ റിയാക്ടര്‍ സ്ഥാപിക്കാനും ലക്ഷ്യമിട്ടിരുന്നു. 1500 കോടി രൂപ വരുന്ന ബൃഹദ് പദ്ധതിയുടെ ഭാഗമായുള്ള എല്ലാ ഒരുക്കങ്ങളും നടത്തുകയും ചെയ്തു. എന്‍ജിനീയറിംങ്് രംഗത്തെ വിദ്യര്‍ഥികളെ ഉപയോഗിച്ച് കനാലിന്റെ പാരിസ്ഥിതിക പഠനങ്ങളും പൂര്‍ത്തിയാക്കി. ജലാശയങ്ങള്‍ മാലിന്യവാഹികളാകുന്നത് എങ്ങനെയെന്ന് ഇവര്‍ കണ്ടെത്തുകയും ചെയ്തു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാരിന്റെ കൈവശം ഉണ്ട്. കാന്‍ആലപ്പി എന്ന പേരിലുള്ള നവീകരണം ഒന്നെര വര്‍ഷം കൊണ്ട് പൂര്‍ത്തികരിക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി എത്തിയ പ്രളയം തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങളെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. മാലിന്യത്താല്‍ മൂടപ്പെട്ട കനാലുകള്‍ പ്രളയകാലത്ത് കരകവിഞ്ഞെഴുകി. കനാല്‍കരയില്‍ നിലനിന്നിരുന്ന പാഴ്മരങ്ങള്‍ കൂട്ടത്തോടെ കടപുഴകി വീണു. ഇതോടെ ചെറുള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും സഞ്ചരിക്കാന്‍ കഴിയാതെ വന്നു.പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ കനാലുകളിലാണ് നങ്കൂരമിട്ടിരുന്നത്.
മരങ്ങള്‍ വീണതോടെ ബോട്ടുകള്‍ക്ക് മടങ്ങിപോകാന്‍ കഴിയാത്ത സ്ഥിതിയും ഉണ്ടായി. വീണ മരങ്ങള്‍ മാറ്റുന്നതിന് നടപടി ഉണ്ടാകുമെന്ന് സര്‍ക്കാരും ജില്ലാ ഭരണകൂടവും അറിയിച്ചെങ്കിലും ഇത് പ്രവര്‍ത്തിയില്‍ കണ്ടില്ല. പ്രളയത്തിന് ശേഷം കനാലുകളില്‍ ജലം കുറഞ്ഞുവരുകയാണ്. ഇത് ജലഗതാഗതത്തെയും ഏറെ ബാധിച്ചു കഴിഞ്ഞു. തുടങ്ങിവെച്ച പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിക്കേണ്ട സ്ഥിതിയാണ്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലേക്ക് കാന്‍ ആലപ്പി ഏജന്‍സി ഇനിയും കടന്നിട്ടില്ല. ഓഗസ്റ്റില്‍ കനാലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനുള്ള ഭാരിച്ച തുക എങ്ങനെ കണ്ടെത്തുമെന്ന ആശങ്കയും നിലനില്‍ക്കുന്നു. നടപടി പൂര്‍ത്തികരിച്ചാല്‍ മാത്രമേ നഗരത്തിലെ മാലിന്യവാഹികളായ ജലാശയങ്ങള്‍ക്ക് ശാപമോക്ഷം ലഭിക്കുകയുള്ളു.