ഒരു പ്രളയത്തിന്റെ ഫലശ്രുതി

Web Desk
Posted on August 24, 2018, 9:43 pm
p a vasudevan

ദുരിതങ്ങള്‍ കഴിയുമ്പോള്‍, ചിലപ്പോള്‍ മധുരിക്കുന്ന ഫലങ്ങളുണ്ടാവും. ഈ അര്‍ത്ഥംവരുന്നൊരു ആംഗില കവിതാശകലവുമുണ്ട്. കേരളത്തിലെ പെരുംമഴക്കാലത്തിന്റെയും തീരാദുരിതത്തിന്റെയും പശ്ചാത്തലത്തില്‍ ഇങ്ങനെയും ചില ചിന്തകളാവാമെന്നു തോന്നുന്നു. ഒരുതരത്തിലും ദുരിതത്തില്‍ ആണ്ടുപോയ സഹസ്രങ്ങളുമായി സാത്മ്യമാവാതെയല്ല ഇതു പറയുന്നത്. ദുരന്തത്തിന്റെ പ്രത്യക്ഷ പാഠങ്ങള്‍ ദുരന്തവും ദുരിതവും തന്നെയാണ്. കേരളത്തില്‍ നാമിപ്പോള്‍ അനുഭവിച്ച മഹാദുരന്തം വിതച്ചത് ജീവിതത്തിന്റെ ചിതറിപ്പോവല്‍ തന്നെയായിരുന്നു. സ്ഥിരമെന്നും ഭദ്രമെന്നും കരുതിയവയൊക്കെ ചിതറിത്തെറിച്ചപ്പോള്‍ ചെറിയ ഒറ്റപ്പെട്ടവരും വന്‍ സൗധങ്ങളും പണക്കാരും പാവപ്പെട്ടവരുമൊക്കെ ഒരേപോലെയായി.
കാരണമെന്തായാലും ഈ ദുരന്തത്തിന്റെ അനുഭവതലങ്ങള്‍ പലതാണ്. മഹാമാരി, വെള്ളപ്പാച്ചില്‍, തകര്‍ന്നടിയല്‍ തുടങ്ങിയ അനുഭവങ്ങളൊക്കെ പല പഠനസാധ്യതകളും തരുന്നുണ്ട്. അങ്ങനെ കാണുന്നതാണ് ഭാവിയിലേയ്ക്കു നല്ലത്. ഈ അവസ്ഥ നാം മാറ്റിയെടുക്കും. പക്ഷെ പിന്നെയും എന്നെങ്കിലും ഒരാവര്‍ത്തനസാധ്യത ഇല്ലെന്നു പറഞ്ഞുകൂടല്ലോ. അപ്പോഴത്തേയ്ക്കും അറിവിന്റെയും നിരീക്ഷണത്തിന്റെയും ഒരു കരുതിവയ്ക്കല്‍ നല്ലതാണല്ലോ.
മനുഷ്യനും വിഭവങ്ങള്‍ക്കും സംഭവിച്ച തീരാനാശങ്ങള്‍തന്നെയാണ് പ്രത്യക്ഷം. അതുണ്ടാക്കുന്ന മാനസിക ആഘാതങ്ങളും വിഹ്വലതകളും ഒപ്പംതന്നെയുണ്ട്. അളക്കാനാവാത്ത നഷ്ടങ്ങളാണിവ. മഴയിലും മലവെള്ളപ്പാച്ചിലിലും നഷ്ടപ്പെട്ട ജന്മങ്ങള്‍ക്ക് പകരമില്ല. അവ നശിപ്പിച്ച മുതല്‍ ഇനിയെത്ര കഴിഞ്ഞാലാണ് പുനഃസൃഷ്ടിക്കാനാവുക. ദൂരദര്‍ശനപ്പെട്ടിയിലെ കാഴ്ചകള്‍ കണ്ടപ്പോള്‍ അധ്വാനസമൃദ്ധി ഒലിച്ചുപോവുന്ന കാഴ്ച തന്ന ദുഃഖം പറയാവതല്ല. ചിങ്ങം-കന്നിയില്‍ കൊയ്യാനൊരുങ്ങിനിന്ന പാടങ്ങള്‍.
തെങ്ങിന്‍ തോപ്പുകള്‍, മാവിന്‍തോപ്പുകള്‍, എണ്ണമറ്റ ഫലവൃക്ഷങ്ങള്‍, ഓണത്തിനു വിപണിയിലെത്തേണ്ട നേന്ത്രവാഴകള്‍, പച്ചക്കറികള്‍ എല്ലാം കുത്തിയൊഴുക്കില്‍ ഒലിച്ചുപോയി. അതിനുപിന്നിലെ കഠിനാധ്വാനവും പ്രതീക്ഷകളും തകര്‍ന്നു. കോടികളുടെ നഷ്ടം. കരകയറാനാവാത്ത കടം. ചിങ്ങപ്പുഞ്ചിരിയില്‍ ആഹ്ലാദം കാത്തിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളില്‍ ഇരുട്ട് വിതച്ചുകൊണ്ട് മഹാപ്രളയം.
എത്ര അധ്വാനഫലമാണ് ചുരുങ്ങിയനേരംകൊണ്ട് ഇല്ലാതായത്. ഇതൊക്കെ വില്‍പ്പനയ്‌ക്കെത്തിച്ച് കടംവീട്ടി, ഓണം കൊള്ളാമെന്നുമോഹിച്ച പാവങ്ങള്‍. ഓണക്കോടി പ്രതീക്ഷിച്ച കൊച്ചുകുട്ടികള്‍. തകര്‍ന്നടിഞ്ഞ വീടുകള്‍. അതിനിടയില്‍ ഗൃഹനാഥന്മാരും ഗൃഹനായികമാരും കുരുന്നുകളും. ഇതൊക്കെ തിരിച്ചുവരാത്ത നഷ്ടങ്ങള്‍. സ്വത്തും വീടുകളും തകര്‍ന്നത് എന്ന് ശരിയാക്കാനാവും. ഇതൊക്കെയൊന്നു ചെറുതായെങ്കിലും തിരിച്ചുപിടിക്കാന്‍ ചുരുങ്ങിയത് അഞ്ചുവര്‍ഷങ്ങള്‍ വേണ്ടിവരും.
ഈ പ്രളയം കേരളത്തെ ഏറ്റവും ചുരുങ്ങിയത് അഞ്ചുവര്‍ഷമെങ്കിലും പിന്നോട്ടുവലിച്ചു. ഒരു സാമ്പത്തിക റിപ്പയറിന്റെ ചെറിയ കാലഘട്ടമാണത്. കാര്‍ഷികവിളകള്‍, കെട്ടിടങ്ങള്‍, വന്‍ തോട്ടങ്ങള്‍ തുടങ്ങിയവയുടെ നാശമുണ്ടാക്കിയ നഷ്ടം. ദുരന്തനിവാരണത്തിനായി ചെലവഴിച്ച കോടികള്‍, താറുമാറായ ഗതാഗത സൗകര്യങ്ങള്‍ ഇവയൊക്കെ ഒന്നു തിരിച്ചുപിടിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും. ഓണവും പെരുന്നാളുമാണ് വിപണിയില്‍ കോടികളുടെ വ്യാപാരം നടക്കേണ്ട സമയത്ത് എല്ലാം വികൃതമാണ്. ഇവയോടനുബന്ധിച്ച് എത്രയോപേര്‍ക്ക് അനൗപചാരിക തൊഴിലവസരങ്ങളുണ്ടാവുന്നു. അത്തരത്തില്‍ കോടികള്‍ സമൂഹത്തിന്റെ താഴ്ത്തട്ടിലെത്തുന്നത് ഉത്സവകാലങ്ങളിലാണ്. അത്തരം സ്രോതസുകളൊക്കെ നിലച്ചു.
ഇതിനു മറ്റൊരു സാമ്പത്തിക വശംകൂടിയുണ്ട്. ഗതാഗതം തകര്‍ന്നതോടെ ഡീസല്‍, പെട്രോള്‍ എന്നിവ വിതരണത്തിനെത്താതെയാവും. ബാക്കിയുള്ള യാത്രയും നിലയ്ക്കും. ഇവയ്‌ക്കൊക്കെ വിലകൂടും. സാധനങ്ങള്‍ പുറത്തുനിന്ന് വരാതെയാകുന്നതോടെ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങള്‍ എന്നിവയുടെ വിലയും കൂടും. ആവഴിക്കുണ്ടാവുന്ന വ്യാപകമായ നഷ്ടം പെട്ടെന്നു കണക്കാക്കാനാവില്ല. പാലക്കാടിന്റെയും മധ്യകേരളത്തിന്റെയും മലയോരമേഖലകളില്‍ ഓണം കണക്കാക്കി വിളയിച്ച വാഴക്കുലകളും പച്ചക്കറികളും പാതയോരത്ത്, മഴയത്ത് അനാഥമായി കിടന്നളിയുന്ന കാഴ്ച അസഹനീയമാണ്. കര്‍ഷകന് സാമ്പത്തികമായും മാനസികമായും മഹാദുരിത പേമാരിയുണ്ടാക്കുന്നതാണിത്. ഈ കാഴ്ച ചെറുതായൊരു യാത്രനടത്തിയാല്‍ നേരിട്ടുകാണാം. ഇവരില്‍ മിക്കവരും ഭൂമി പാട്ടത്തിനെടുത്ത്, ബാങ്ക് ലോണ്‍ വാങ്ങി ഒരു വര്‍ഷമായി തുടങ്ങിയ അധ്വാനമാണ്. ലാഭം പോകട്ടെ, അവര്‍ക്ക് ബാങ്ക് തിരിച്ചടവുപണംപോലു, ഇത് വിറ്റുകിട്ടുമെന്നു തോന്നുന്നില്ല.
ഇതൊക്കെ ദുരന്തത്തിന്റെ ചെറിയൊരു കാഴ്ച മാത്രമാണ്. നാശമായ നഗരങ്ങളും കെട്ടിടങ്ങളും നന്നാക്കിയെടുക്കാന്‍ എത്ര പണവും കാലവും വേണ്ടിവരും. ആയിരക്കണക്കിന് വീടുകള്‍ തകര്‍ന്നത് താമസയോഗ്യമാക്കാന്‍, മിക്കവര്‍ക്കും സാധിക്കില്ല. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു പുറത്തിറങ്ങിയാല്‍ പോകാനും ആശ്വസിക്കാനും മറ്റൊരിടമില്ല.
ഇതൊക്കെ കഴിയുമ്പോഴും ഇത്തരമൊരു ദുരന്തം ജനാധിപത്യ പാഠപുസ്തകത്തിന്റെ ഒരേടാവുന്നതും കാണാതെപോവരുത്. ആസകലം നാശമായ ഒരു ജനാധിപത്യം എങ്ങനെ സ്വയം നിര്‍മ്മിച്ചെടുക്കുന്നു എന്ന കാഴ്ചയും ഇതില്‍ നിന്നുകിട്ടുന്നു. ഭരണത്തിനും വിമര്‍ശനങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും പൗരത്വത്തിനും പുതിയ അര്‍ഥസാധ്യതകളുണ്ടാവുന്നു. ഒരു വ്യവസ്ഥ, എങ്ങനെയാവണമോ അങ്ങനെയാവുന്നു എന്നത് ചെറിയ കാര്യമല്ല. ഇത്രയൊക്കെ ആവാമെങ്കില്‍ എന്തുകൊണ്ട് ഇതൊരു സ്ഥിരം അവസ്ഥയാക്കി നാടിന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നിലനിര്‍ത്തിക്കൂടാ. ഇത് ഒരു മഹാപാഠമാണ്. ദുരന്തത്തിന്റെ ഫലങ്ങള്‍ ചിലപ്പോള്‍ മധുരിക്കുമെന്ന് ആരംഭത്തില്‍ പറഞ്ഞതിന്റെ പൊരുള്‍ അതാണ്.
അത്യാഹിതങ്ങള്‍ വരുമ്പോള്‍ നാം ബന്ധുക്കളെയും ശത്രുക്കളെയും തിരിച്ചറിയാറില്ല. അതേപോലെ ഇത്തവണ നാം കൂട്ടായ്മയുടെ ശക്തിയറിഞ്ഞു. വെള്ളം കയറി തുടങ്ങിയപ്പോള്‍തന്നെ, കോളനികളിലെയും മറ്റും ചെറുപ്പക്കാര്‍ സന്നദ്ധരക്ഷകരായി ദിവസങ്ങളോളം രംഗത്തെത്തി. സ്വജീവിതത്തിന്റെ പരോപകാരശേഷി തിരിച്ചറിഞ്ഞ് വന്‍തോതില്‍ ജനങ്ങള്‍ സംരക്ഷണ സൈന്യത്തോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങി. മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് പണപ്രവാഹം തന്നെ തുടരുന്നു. മലമ്പുഴയില്‍ നിന്ന് നല്ലൊരു വാര്‍ത്ത വന്നു. റിസര്‍വോയറിനക്കരെ വെള്ളം കയറി ആശ്രയം നഷ്ടപ്പെട്ട 64 കുടുംബങ്ങളെ മറ്റുള്ളവര്‍ സ്‌നേഹപൂര്‍വം കയ്യേറ്റ് സ്വന്തം വീടുകളില്‍ താമസിപ്പിച്ചു. സമൂഹം അര്‍ഥം കണ്ടെത്തുന്നത് ഇവിടെയാണ്. എന്റേത് മറ്റവന്റെകൂടി അഭയകേന്ദ്രമാണെന്നു ജനം കരുതുന്നതിലധികം വലിയൊരു ജനാധിപത്യമേതാണ്. ഒറ്റപ്പെട്ട കുഞ്ഞുകളിലൊരാളെ നെഞ്ചോടുചേര്‍ത്ത്, വെള്ളം കടന്നുവന്ന് അമ്മയെ ഏല്‍പ്പിക്കുന്ന ഒരു സന്നദ്ധ പൗരന്റെ ചിത്രം, ടി വിയില്‍ വന്നപ്പോള്‍ ഞാനോര്‍ത്തു, കുഞ്ഞേ നീ വളരാന്‍ പോകുന്നത് വിശ്വസിക്കാവുന്ന ഒരു ഭാവിയിലാവും. ഈ കാരുണ്യം നീ എന്നും തിരിച്ചുനല്‍കൂ; വളര്‍ന്നു വലുതാവുമ്പോള്‍.
ഒന്നുകൂടി പറയട്ടെ, അത് ഭരണകൂടത്തെക്കുറിച്ചാണ്. ഒരു ഭരണകൂടം ഇങ്ങനെയാണോ വേണ്ടത്. എന്തൊരാത്മാര്‍ഥതയായിരുന്നു. എന്തൊരു വേഗത. അതിലുപരി എന്തൊരു കാര്യക്ഷമതയും കാരുണ്യവും.
അങ്ങനെ പൗരന്മാരും സര്‍ക്കാരും ഒന്നിക്കുമ്പോള്‍ ഒരു ജനാധിപത്യം, അതിന്റെ അര്‍ഥം കണ്ടെത്തുന്നു. നമുക്കുണ്ടായ എല്ലാ നഷ്ടങ്ങളും നമുക്ക് മറക്കാം.
കാരണം, ‘നമുക്ക് കിട്ടയത് വലിയൊരു പ്രായോഗിക പാഠമല്ലേ!’.