അഭിമാനകരമായ നേട്ടങ്ങളുടെ നാലുവര്‍ഷം പിന്നിടുമ്പോള്‍

Web Desk
Posted on May 26, 2020, 2:15 am

തിവ് ആഘോഷങ്ങള്‍ ഒന്നുംകൂടാതെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്മെന്റ് അഞ്ചാം വര്‍ഷത്തേ‌ക്ക് പ്രവേശിക്കുന്നത്. ലോകത്തെയാകെ ബാധിച്ചിരിക്കുന്ന കൊറോണവെെറസ്‍ മഹാമാരിയുടെ കരിനിഴിലിലാണ് ഈ വാര്‍ഷികം. മനുഷ്യചരിത്രത്തിലെ തന്നെ അസാധാരണമായ ആരോഗ്യ പ്രതിസന്ധിയെ വിജയകരമായി പ്രതിരോധിച്ചും ജനങ്ങള്‍ക്ക് പ്രശംസനീയമായവിധം ആരോഗ്യസുരക്ഷ ഒരുക്കിയുമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നത്. ലോകത്തിന്റെയാകെ പ്രശംസ പിടിച്ചുപറ്റിയ ജനങ്ങളുടെ ജീവനോടുള്ള കരുതല്‍ തന്നെയാണ് ഒരുപക്ഷെ എല്‍ഡിഎഫ് ഗവണ്മെന്റിന്റെ ഏറ്റവും വലിയ നേട്ടം.

ആ കരുതല്‍ ആവര്‍ത്തിച്ചു മാറ്റുരയ്ക്കപ്പെട്ടു എന്നത് യാദൃശ്ചികമെങ്കിലും ലോകം അതിന് ആദരവോടെ സാക്ഷ്യം വഹിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും അഭൂതപൂര്‍വമായ പ്രകൃതിദുരന്തങ്ങള്‍ക്ക് കേരളം ഇരയാകേണ്ടിവന്നു. തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷം കൊറോണ വെെറസ് വ്യാധിയുടെ രൂപത്തിലാണ് ദുരന്തം സംസ്ഥാനത്തെ ജനജീവിതത്തിനു ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ പ്രകൃതിദുരന്തങ്ങളില്‍ ജനങ്ങളുടെ ജീവന് വലിയതോതില്‍ സുരക്ഷിതത്വം ഒരുക്കാനും ദുരന്തമുഖത്തുനിന്ന് പരമാവധി ജനങ്ങളെ രക്ഷിക്കാനും നാശനഷ്ടങ്ങളില്‍ നിന്നും ദുരിതക്കയത്തില്‍ നിന്നും അവരെ കെെപിടിച്ച് ഉയര്‍ത്താനും ജനങ്ങളുടെ സമ്പൂര്‍ണ്ണ സഹകരണത്തോടെ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു.

പ്രകൃതി ദുരന്തത്തില്‍ തകര്‍ന്നുപോയ റോഡുകള്‍, പാലങ്ങള്‍, മറ്റ് പൊതു നിര്‍മ്മിതികള്‍ തുടങ്ങി പതിനായിരക്കണക്കിന് വീടുകള്‍ വരെ പുനര്‍നിര്‍മ്മിക്കുകയെന്ന വമ്പിച്ച ദൗത്യം അന്യാദൃശ്യമായ കാര്യക്ഷമതയോടെയാണ് സര്‍ക്കാര്‍ നിര്‍വഹിച്ചതും തുടര്‍ന്നുകൊണ്ടിരിക്കുന്നതും. 2,19,154 അടച്ചുറപ്പുള്ള പുതിയ വീടുകളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനായത്. പ്രളയം തകര്‍ത്ത 12,861 കിലോമീറ്റര്‍ റോഡുകളും നൂറ് പാലങ്ങളും സമയബന്ധിതമായി ഗതാഗതയോഗ്യമാക്കി. സംസ്ഥാനത്തെ‍ മൊത്തം റോഡുകളുടെ 98 ശതമാനവും കഴിഞ്ഞ നാല് വര്‍ഷക്കാലത്തിനിടയില്‍ സഞ്ചാരയോഗ്യമാക്കി. അഴിമതി കൊടികുത്തിവാണിരുന്ന മേഖലയിലാണ് ഈ നേട്ടമെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്.

മനുഷ്യനിയന്ത്രണങ്ങള്‍ക്ക് അതീതമായ ദുരന്തങ്ങളുടെ മുഖത്ത് ഒരു ജനതയെ അവയുടെ കെടുതികളില്‍ നിന്നും രക്ഷിച്ച് മുന്നേറാന്‍ നേതൃത്വം നല്‍കി എന്നതുതന്നെയാണ് മറ്റേതൊരു നേട്ടത്തെക്കാളും എല്‍ഡിഎഫ് ഭരണത്തെ വേറിട്ടുനിര്‍ത്തുന്നത്. തികച്ചും പ്ര­തികൂലമായ സാമ്പത്തി­ക അന്തരീക്ഷവും ദുരന്തമുഖത്ത് സംസ്ഥാനത്തിന് സഹായം എത്തിക്കേണ്ട കേന്ദ്രഭരണകൂടത്തിന്റെ നിഷേധാത്മക സമീപനത്തിന്റെ മുന്നിലും പതറാതെ പ്രകൃതി തകര്‍ത്ത നാടിനെയും സമ്പദ്ഘടനയേയും പുനര്‍നിര്‍മ്മിക്കാന്‍ ധീരമായ നേതൃത്വമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത്. മഹാമാരിയുടെ വരവിലും രാജ്യത്തെ മറ്റേതൊരു സംസ്ഥാനവും പ്രഖ്യാപിക്കും മുമ്പ് 20,000 കോടി രൂപയുടെ സമാശ്വാസ പദ്ധതികള്‍ പ്രഖ്യാപിക്കാനും സമയബന്ധിതവും കാര്യക്ഷമവുമായി അത് നിര്‍വഹിക്കാനും ഗവണ്മെന്റിന് കഴിഞ്ഞു.

രാജ്യത്ത് ആദ്യമായി രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനം അതിനെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലും മരണനിരക്ക് ഒറ്റ അക്കത്തില്‍ പിടിച്ചുനിര്‍ത്തുന്നതിലും ശ്രദ്ധേയമായ നേട്ടമാണ് കെെവരിച്ചത്. പ്രവാസികളുടെയും മറുനാടന്‍ മലയാളികളുടെയും തിരിച്ചൊഴുക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മടങ്ങിയെത്തുന്നവര്‍ ഉയര്‍ന്ന ഉത്തരവാദിത്വബോധത്തോടെ ആവശ്യമായ അച്ചടക്കവും അനിവാര്യമായ നിയന്ത്രണങ്ങളും പാലിച്ചാല്‍ ഈ വെല്ലുവിളിയെയും വിജയകരമായി നേരിടാന്‍ നമുക്ക് കഴിയും. രണ്ട് മാസം നീണ്ട അടച്ചുപൂട്ടലിനേയും രോഗവ്യാപനത്തിന്റെ ഭീഷണിയേയും നേരിടാന്‍ ഭരണസംവിധാനം ഒന്നാകെ നടത്തിയ ഏകോപിത പ്രവര്‍ത്തനം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സുതാര്യവും കാര്യക്ഷമവുമായ പ്രവര്‍ത്തനമികവിന്റെ അനിഷേധ്യമായ നേട്ടം തന്നെയാണ്.

ഇത്രയേറെ വെല്ലുവിളികള്‍ നിറഞ്ഞ കാലത്തും മുന്നണി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കൃത്യതയോടെ നിറവേറ്റി എന്നതും അഭിനന്ദനം അര്‍ഹിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നേട്ടങ്ങളെ ഇകഴ്ത്തിക്കാണിക്കാനും പ്രതിഛായ‌ക്ക് മങ്ങലേല്‍പ്പിക്കാനും നിരന്തരവും സംഘടിതവുമായ ശ്രമങ്ങളാണ് പ്രതിപക്ഷം തുടര്‍ന്നുവരുന്നത്. ദിനംപ്രതിയെന്നോണം ആരോപണങ്ങള്‍ ഉന്നയിക്കാനും വിവാദങ്ങള്‍ സൃഷ്ടിക്കാനും നടത്തിവരുന്ന ശ്രമങ്ങള്‍ അവരെത്തന്നെ അപഹാസ്യരാക്കി പരാജയപ്പെടുന്നു. വിമര്‍ശനങ്ങളും ആരോപണങ്ങള്‍ ഉന്നയിക്കലും ജനാധിപത്യത്തില്‍ പതിവ് കാര്യക്രമങ്ങളാണെന്ന് കരുതാം.

എന്നാല്‍ സര്‍ക്കാരിനെ അതിന്റെ ദൗത്യനിര്‍വഹണത്തില്‍ പരാജയപ്പെടുത്താന്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ക്ക് അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ല. അര്‍ഹമായ കേന്ദ്രസഹായം നിഷേധിച്ചാണ് ബിജെപി അതിന്റെ സംസ്ഥാന ഘടകത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ദേശീയതലത്തില്‍ മുഖ്യപ്രതിപക്ഷമെന്ന നിലയില്‍ എല്ലാ പ്രതിപക്ഷപാര്‍ട്ടികളുടെയും വിശാല ഐക്യത്തിന് ശ്രമിക്കുമ്പോള്‍ കേരള ഘടകം ബിജെപിയുടെ ബി ടീമായുള്ള രാഷ്ട്രീയ കളികളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇരുപാര്‍ട്ടികളും ദുരന്തമുഖത്തുപോലും അവലംബിക്കുന്ന അവസരവാദ നിലപാടുകള്‍ നിഷ്പക്ഷമതികളായ കേരള ജനത തിരിച്ചറിയുകതന്നെ ചെയ്യും.