വാത്മീകി ദളിതന്‍: യോഗി ആദിത്യനാഥ്

Web Desk

ലക്‌നൗ

Posted on December 17, 2018, 9:36 pm

ഹനുമാന്‍ ദളിതനാണെന്ന വിവാദ പരാമര്‍ശത്തിന് പിന്നാലെ വാത്മീകിയും ദളിതനാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ സാന്ത്‌സമാജ് സംഘടനയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിലാണ് രാമായണത്തിന്റെ ഉപജ്ഞാതാവായ വാത്മീകി മഹര്‍ഷിയും ദളിതനാണെന്ന് യോഗി പറഞ്ഞത്.‘ശ്രീരാമനെ രാമായണത്തിലൂടെ നമുക്ക് പരിചയപ്പെടുത്തിയത് വാത്മീകിയാണ്. എന്നാല്‍ അദ്ദേഹം തൊട്ടുകൂടാത്തവരുടെ സമൂഹത്തില്‍ പെട്ടയാളായിരുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കണം’ യോഗി ആദിത്യനാഥ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പുരോഹിതരും സന്യാസിമാരും യോഗിയുടെ പരാമര്‍ശത്തെ ശക്തമായി എതിര്‍ത്തു.

രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ഉള്‍പ്പെടെയുള്ളര്‍ യോഗിയുടെ പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ചു.സാന്ത് സമാജ് സംഘടനയെയും ശ്രീരാമനെയും അപമാനിക്കുന്ന തരത്തിലായിരുന്നു യോഗിയുടെ വാക്കുകളെന്ന് രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ പറഞ്ഞു. വാത്മീകി മഹര്‍ഷി രാമായണത്തിന്റെ കര്‍ത്താവാണെന്നും അദ്ദേഹത്തിന് ദളിത് വാത്മീകി സമൂഹവുമായി ബന്ധമില്ലെന്നും മറ്റു പുരോഹിതരുടെ വിശദീകരണം. യോഗിയുടെ മുന്‍ പരാമര്‍ശം നിരവധി വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു.