Wednesday
18 Sep 2019

ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മോഡിക്ക് സ്തുതിപാടി കോണ്‍ഗ്രസ് നേതാക്കള്‍

By: Web Desk | Friday 23 August 2019 2:53 PM IST


ന്യൂഡല്‍ഹി: ചിദംബരത്തിന്റെ അറസ്റ്റിന് പിന്നാലെ മോഡിക്ക് സ്തുതിപാടി കോണ്‍ഗ്രസ് നേതാക്കള്‍. മോഡിയെ പ്രകീര്‍ത്തിച്ച മുതിര്‍ന്ന നേതാവ് ജയറാം രമേശിന് പിന്നാലെ മോഡിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്‌വിയും രംഗത്തെത്തി.
പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ദുഷ്ടനായി ചിത്രീകരിക്കുന്നത് തെറ്റാണെന്ന് സിങ്‌വി പറയുന്നു. വ്യക്തിയധിഷ്ടിതമായല്ല പകരം വിഷയാധിഷ്ടിതമായാവണം വിമര്‍ശനങ്ങളെന്ന് അഭിഷേക് സിങ്‌വി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് കഴിഞ്ഞ ദിവസം മോഡിയെ വിമര്‍ശിക്കുന്നത് എപ്പോഴും ഗുണകരമാവില്ലെന്നും അദ്ദേഹം ചെയ്ത നല്ലകാര്യങ്ങളെ അംഗീകരിക്കണമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.
2014 മുതല്‍ 2019 വരെ മോഡി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കാനുള്ള സമയമായെന്നും ഈ കാര്യങ്ങള്‍ കൊണ്ടാണ് 30 ശതമാനത്തിലധികം ജനങ്ങളുടെ വോട്ടുകളുമായി അദ്ദേഹം അധികാരത്തിലെത്തിയതെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് മോഡിയുടെ പദ്ധതികളെ അനുകൂലിച്ച് അഭിഷേക് സിങ്‌വിയും രംഗത്തെത്തിയത്.
രാഷ്ട്രീയ നിരീക്ഷകനായ കപില്‍ സതീഷ് കൊമ്മി റെഡ്ഡിയുടെ പുസ്തകം പ്രകാശന വേദിയില്‍ വെച്ചാണ് ജയറാം രമേഷ് മോഡിയെയും അദ്ദേഹത്തിന്റെ തീരുമാനങ്ങളെയും അനുകൂലിച്ച് രംഗത്തെത്തിയത്. ഭരണത്തിന്റെ രാഷ്ട്രീയം തികച്ചും വ്യത്യസ്തമാണെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്നതിനായി ആരംഭിച്ച പ്രധാനമന്ത്രി ഉജ്ജ്വല യോജന പദ്ധതിയെ മോഡിയുടെ ജനസമ്മിതിക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Related News