രാജ് താക്കറേയ്ക്ക് ഇഡി നോട്ടീസ്: മനംനൊന്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍ ജീവനൊടുക്കി

Web Desk
Posted on August 21, 2019, 11:58 am

മുംബൈ: മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന തലവന്‍ രാജ് താക്കറേയ്ക്ക് ഐഎല്‍ ആന്‍ഡ് എഫ്എസ് തട്ടിപ്പുകേസില്‍ സമന്‍സ് അയച്ചതില്‍ മനംനൊന്ത് പാര്‍ട്ടി പ്രവര്‍ത്തകന്‍ ജീവനൊടുക്കി.. പ്രവീണ്‍ ചോഗുലെ എന്നയാളാണ് സ്വയം തീകൊളുത്തി മരിച്ചത്.

രാജ് താക്കറേയോട് ചോദ്യംചെയ്യലിന് 22 ന് നേരിട്ടുഹാജരാകണമെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്. കോഹിനൂര്‍ സിടിഎന്‍എല്‍ എന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ 860 കോടിയുടെ വായ്പയുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

ആത്മഹത്യയ്ക്ക് തൊട്ടുമുമ്പ് തന്റെ നേതാവിനെതിരെ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചാരണങ്ങളില്‍ താന്‍ അസ്വസ്ഥനാണെന്ന് പ്രവീണ്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. അതേസമയം ആത്മഹത്യ ഏത് കാരണത്താലാണെന്ന് വ്യക്തമായിട്ടില്ലെന്നും പ്രവീണിന്റെ സുഹൃത്തുക്കള്‍ നല്‍കിയ സൂചനയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറയുന്നു.

ഇന്‍ഫ്രാസ്ട്രക്ചര്‍ ലീസിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസി (ഐഎല്‍ ആന്റ് എഫ്എസ്) ല്‍ 13,200 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി നേരത്തെ കണ്ടെത്തിയിരുന്നു. സ്ഥാപനത്തിന്റെ രേഖകളില്‍ നടത്തിയ പ്രത്യേക ഓഡിറ്റിലാണ് വ്യത്യസ്ത ഇടപാടുകളിലായി ഇത്രയും കോടി രൂപയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.

നേരിട്ടുള്ള 24 സ്ഥാപനങ്ങളും അല്ലാതെയുള്ള 135 അനുബന്ധ സ്ഥാപനങ്ങളും ആറ് സംയുക്ത സംരംഭങ്ങളുമുള്ള സ്വകാര്യസ്ഥാപനമായിരുന്നു ഐഎല്‍ ആന്റ് എഫ്എസ്. രാജ്യത്തിനകത്തും പുറത്തുമുള്ള സ്വകാര്യ സംരംഭകരടക്കം ഓഹരി പങ്കാളികളായ സ്ഥാപനം 94,000 കോടി രൂപ നഷ്ടത്തിലിരിക്കേ 2018 ല്‍ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിരുന്നു. നരേന്ദ്രമോഡിയുടെ ഉറ്റ സുഹൃത്തായ കോര്‍പ്പറേറ്റ് ഭീമന്‍ അഡാനിക്കുവേണ്ടിയാണ് ഒരു ലക്ഷം കോടിയോളം രൂപ നഷ്ടത്തിലായ സ്ഥാപനം ഏറ്റെടുത്തതെന്ന ആരോപണം രാഷ്ട്രീയ വിവാദത്തിന് വഴിവച്ചിരുന്നു.