Web Desk

ഭുവനേശ്വര്‍

March 03, 2020, 3:08 pm

‘മരിച്ച’ ഭാര്യയെ കാമുകനൊപ്പം പിടികൂടി ഭർത്താവ്, ‘ശിക്ഷ’ അനുഭവിച്ചത് ഏഴു വർഷം

Janayugom Online

ഏഴുവർഷങ്ങൾക്ക് ശേഷം തന്റെ ഭാര്യയെ കൊന്ന കേസിൽ കുറ്റവിമുക്തനായിരിക്കുകയാണ് ഒഡീഷ ചൗലിയ ഗ്രാമത്തിലെ അഭയ സൂത്തര്‍ എന്ന യുവാവ്. തന്റെ സ്വന്തമായ അന്വേഷണത്തിലൂടെയാണ് ഈ യുവാവ് തന്റെ നിരപരാധിത്വം തെളിയിച്ചത്. അഭയയുടെ ജീവിതം തന്നെ മാറ്റി മറിച്ചത് തന്റെ വിവാഹമായിരുന്നു. 2013 ഫെബ്രുവരിയിലാണ് സാമഗോള ഗ്രാമത്തിലെ ഇത്തിശ്രീ മൊഹറാന എന്ന യുവതിയെ അഭയ വധുവായി സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് രണ്ടു മാസത്തിന് ശേഷം അഭയയുടെ വീട്ടില്‍ നിന്നും ഇത്തിശ്രീയെ കാണാതായി. എങ്ങോട്ട് പോയെന്നെറിയാതെ ഭാര്യ പോകാൻ സാധ്യതയുള്ള എല്ലായിടങ്ങളിലും അഭയ അന്വേഷിച്ചിരുന്നു. എന്നാൽ കണ്ടെത്താനായില്ല. അതോടെ പാത്കുര പോലീസ് സ്‌റ്റേഷനില്‍ ഭാര്യയെ കാണാനില്ലെന്ന് പരാതിയും നല്‍കി.

എന്നാൽ പൊലീസ് കാര്യക്ഷമമായി അന്വേഷണം ഒന്നും തന്നെ നടത്തിയിരുന്നില്ല. ഇതിനിടെ തങ്ങളുടെ മകളെ അഭയ അപായപ്പെടുത്തിയതാണെന്ന തരത്തിലുള്ള അരോപണങ്ങളുമായി ഇത്തിശ്രീയുടെ മാതാപിതാക്കൾ രംഗത്തെത്തുക കൂടി ചെയ്തതോടെ സംഭവങ്ങൾ കൈവിട്ട് പോയി. സ്ത്രീധനത്തിന്റെ പേരിൽ മകളെ മർദ്ദിച്ചിരുന്നതായും മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം എവിടയോ മറവ് ചെയ്തതാണെന്നും മാതാപിതാക്കൾ ആരോപിച്ചു. അതോടെ പൊലീസ് അഭയെ അറസ്റ്റ് ചെയ്യുകയും കൊലക്കുറ്റം ചുമത്തി ജയിലിലാക്കുകയും ചെയ്തു. ഒരുമാസത്തോളമാണ് ചെയ്യാത്ത കുറ്റത്തിന് അഭയയ്ക്ക് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. എന്നാല്‍ കൊല്ലപ്പെട്ടെന്ന് പറഞ്ഞ യുവതിയുടെ മൃതദേഹം കണ്ടെടുക്കാന്‍ കഴിയാതെ വന്നതോടെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ ഇയാൾക്ക് ജാമ്യം ലഭിച്ചു.

you may also like this video;

അന്നു മുതല്‍ അഭയ തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പരിശ്രമത്തിലായിരുന്നു. ഭാര്യ പോകാൻ സാധ്യതയുള്ള എല്ലാ സ്ഥലങ്ങളിലും അഭയ നേരിട്ട് പോയി കാര്യങ്ങൾ തിരക്കി. അന്വേഷണം തുടങ്ങി വർഷം ഏഴ് കഴിഞ്ഞിട്ടും യാതൊരു തരത്തിലുള്ള തുമ്പും കണ്ടത്താനായില്ല. എന്നാൽ ഒഡീഷയിലെ പുരിയിലെ പിപിലി എന്ന സ്ഥലത്തുനിന്ന് എല്ലാവരും മരിച്ചെന്ന് വിശ്വസിച്ച തന്റെ ഭാര്യയെ അഭയ കണ്ടെത്തി. രാജീവ് ലോച്ചന്‍ എന്നയാള്‍ക്കൊപ്പമാണ് അഭയ തന്റെ ഭാര്യയെ കണ്ടത്. ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി ഇരുവരെയും പിടികൂടി കഴിഞ്ഞദിവസം ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

വിവാഹത്തിന് മുമ്പ് തന്നെ രാജീവ് ലോച്ചന്‍ എന്നയാളുമായി ഇത്തിശ്രീ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്നായിരുന്നു അഭയ സൂത്തറുമായുള്ള വിവാഹം. എന്നാല്‍ അതിനുശേഷവും കാമുകനുമായി ബന്ധം തുടര്‍ന്ന യുവതി ഇയാൾക്കൊപ്പം പോകുകയായിരുന്നു. ഏഴ് വര്‍ഷത്തോളം ഗുജറാത്തില്‍ താമസിച്ച ഇരുവരും അടുത്തിടെയാണ് ഒഡീഷയില്‍ തിരിച്ചെത്തിയത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്.  പൊലീസ് തന്റെ ഭാര്യയെ കണ്ടെത്താന്‍ ശ്രമിക്കാതിരുന്നപ്പോള്‍ നിരപരാധിത്വം തെളിയിക്കേണ്ടത് തന്റെ ആവശ്യമായിരുന്നെന്നും ഇപ്പോൾ കുറ്റവിമുക്തനായതിൽ സന്തോഷവാനാണെന്നും അഭയ പ്രതികരിച്ചു. അതേസമയം, പൊലീസിന്റെ അനാസ്ഥയ്‌ക്കെതിരെയും ഒരാളെ കള്ളക്കേസില്‍ പ്രതിയാക്കി പീഡിപ്പിച്ചതിനെതിരെയും ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാമൂഹികപ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര മൊഹന്ദി അറിയിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: After sev­en years hus­band found wife with her lover.

you may also like this video;