Janayugom Online
രാഷ്ട്രപതിയെ സന്ദർശിച്ചശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളെ കാണുന്നു

കർഷകർക്ക് പിന്നാലെ തൊഴിലാളികളും ഉടമകളുടെ അടിമകൾ

തൊഴിലാളികൾ ആസ്തിയെന്ന നിർവചനത്തിന് പകരം അസംസ്കൃത വസ്തുവായി
റെജി കുര്യന്‍

ന്യൂഡല്‍ഹി:

Posted on September 23, 2020, 10:42 pm

റെജി കുര്യന്‍

രാജ്യത്തെ തൊഴിലാളികളെ കോര്‍പറേറ്റ് അടിമകളാക്കി മാറ്റുന്ന നിയമസംഹിതകള്‍ക്ക് പ്രതിപക്ഷ സാന്നിധ്യമില്ലാത്ത വേളയിൽ രാജ്യസഭ അംഗീകാരം നല്‍കി. കര്‍ഷകര്‍ക്കൊപ്പം രാജ്യത്തെ തൊഴിലാളികളെയും സര്‍ക്കാര്‍ കയ്യൊഴിഞ്ഞു. തൊഴിലാളി യൂണിയനുകള്‍ക്കും തൊഴില്‍ സമരങ്ങള്‍ക്കും കര്‍ശന നിയന്ത്രണമാണ് ഇന്നലെ രാജ്യസഭ പാസാക്കിയ മൂന്നു ബില്ലുകളിലുള്ളത്. തൊഴിലാളി ആസ്തിയാണെന്നും ഉല്പാദനത്തിന്റെയും അതിലൂടെ രാജ്യത്തിന്റെ വളര്‍ച്ചയുടെയും അനിവാര്യ ഘടകമാണെന്നുമുള്ള അടിസ്ഥാന തത്വത്തെ പൊളിച്ചെഴുതുന്ന നിയമ ഭേദഗതിയാണ് ഇന്നലെ സര്‍ക്കാര്‍ പാസാക്കിയത്. ഇനി കോര്‍പറേറ്റുകള്‍ക്ക് തൊഴിലാളിയെ അവകാശങ്ങളോ സ്വാതന്ത്ര്യങ്ങളോ ഇല്ലാത്ത വെറും അസംസ്‌കൃത വസ്തുവായി കണക്കാക്കി മുന്നോട്ടു പോകാം.

തൊഴിലാളിയുടെ ശമ്പളവും ആനുകൂല്യങ്ങളും തൊഴില്‍ സംരംഭകനു തീരുമാനിക്കാം. നിലവിലുള്ള 40 തൊഴില്‍ നിയമങ്ങളും ചട്ടങ്ങളുമാണ് മൂന്നായി ചുരുക്കി രാജ്യത്തെ തൊഴിലാളികളെ സര്‍ക്കാര്‍ ഒറ്റുകൊടുത്ത് പെരുവഴിയില്‍ നിര്‍ത്തുന്ന നിയമ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. നിയമങ്ങള്‍ പ്രാബല്യത്തിലാകുന്നതോടെ മണിക്കൂറിന് നിശ്ചയിക്കപ്പെട്ട കൂലി കൈപ്പറ്റി തൊഴിലാളിക്ക് മടങ്ങാം. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന തൊഴിലാളി സംഘടനകള്‍ക്കും പുതിയ നിമയം കൂച്ചുവിലങ്ങിട്ടു. വിദേശ കുത്തകകളുടെ നിക്ഷേപം ആകര്‍ഷിക്കുകയെന്നതാണ് രാജ്യത്തെ തൊഴിലാളികളെ സര്‍ക്കാര്‍ കുരുതി കൊടുക്കാനുള്ള തീരുമാനത്തിനു പിന്നിലുള്ളത്. ഇന്നലെ രാജ്യസഭ പാസാക്കിയത് തൊഴില്‍ മേഖലയിലെ മൂന്നു ബില്ലുകളാണ്. ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കോഡ് ബില്ലില്‍ സമരം ചെയ്യാനുള്ള തൊഴിലാളികളുടെ അവകാശങ്ങള്‍ ഏതാണ്ട് മുഴുവനായും ഇല്ലാതാക്കുന്നതാണ്. ഇതോടെ തൊഴിലാളികളുടെ അവകാശങ്ങള്‍ എന്ന പ്രയോഗം തന്നെ ഇല്ലാതാകും.

തോന്നിയതുപോലെ അടച്ചുപൂട്ടാം

നൂറു തൊഴിലാളികള്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടലിലേക്ക് പോകുന്നതിന് മുമ്പ് സര്‍ക്കാര്‍ അനുമതി വേണമെന്ന പഴയ ചട്ടം ഭേദഗതി ചെയ്ത് മൂന്നൂറ് തൊഴിലാളികള്‍ വരെ ജോലി ചെയ്യുന്ന സ്ഥാപനം എന്നാക്കി മാറ്റിയതോടെ തൊഴിലാളികളെ കരാര്‍ അടിസ്ഥാനത്തില്‍ എടുക്കാനും പറഞ്ഞു വിടാനും സ്ഥാപനം അടച്ചു പൂട്ടാനും ഇനി സര്‍ക്കാരിന്റെ അനുമതി വേണ്ട. തൊഴില്‍ മേഖലയില്‍ തൊഴിലാളിക്ക് ഇതുവരെ ലഭിച്ചിരുന്ന സര്‍ക്കാര്‍ പിന്തുണ ഇല്ലാതാക്കി കോര്‍പറേറ്റുകളെയും കുത്തകകളെയും സഹായിക്കുക മാത്രമാണ് ബില്ല് ലക്ഷ്യമിടുന്നത്. സമരം ചെയ്യാന്‍ 60 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്ന ചട്ടവും പുതുതായി വന്നതോടെ ഇനി തൊഴില്‍ സമരങ്ങള്‍ എന്നത് നടക്കാത്ത സംഗതിയാകും. ചില സംസ്ഥാനങ്ങള്‍ തൊഴില്‍ നിയമങ്ങളില്‍ വരുത്തിയ മാറ്റങ്ങളും സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കുന്നുണ്ട്. തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടും പുതിയ നിയമ ഭേദഗതികള്‍ക്ക് ഉപോത്ബലകമായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

യൂണിയനുകൾക്ക് നിയന്ത്രണം

ആകെ തൊഴിലാളികളില്‍ പത്ത് ശതമാനം തൊഴിലാളികള്‍ അംഗമായ തൊഴിലാളി സംഘടനയ്‌ക്കേ ആ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാനാകൂ. തര്‍ക്കങ്ങള്‍ ഉണ്ടാകുന്ന പക്ഷം പകുതി തൊഴിലാളികള്‍ അംഗമായ തൊഴിലാളി സംഘടനയുമായേ സ്ഥാപനത്തിന് പ്രശ്‌ന പരിഹാരത്തിനായി ചര്‍ച്ച നടത്തേണ്ടതുള്ളൂ. ഒരു തൊഴില്‍ സ്ഥാപനത്തില്‍ പുറത്തുനിന്നും ഒരാള്‍ക്ക് തൊഴിലാളി യൂണിയന്‍ നേതാവാകാന്‍ കഴിയില്ല. തൊഴിലാളിക്കൊപ്പം തൊഴില്‍ സംഘടനകള്‍ക്കും ചരമ കുറിപ്പാണ് പുതിയ നിയമങ്ങള്‍ വിഭാവനം ചെയ്യുന്നത്.

ENGLISH SUMMARY: After the peas­ants the work­ers became slaves of the own­ers

YOU MAY ALSO LIKE THIS VIDEO