പ്രത്യേക ലേഖകൻ

February 02, 2020, 5:15 am

തിരിച്ചടിക്കുപിറകെ ഇരുട്ടടിയും, രാജ്യം തകർച്ചയിലേക്കു തന്നെ

Janayugom Online

നരേന്ദ്ര മോഡി സർക്കാരിന്റെ തലകീഴായ നയ­ങ്ങ­ളാൽ സാമ്പത്തിക മേഖലയാകെ തകർ­ന്നടി­ഞ്ഞിരിക്കുന്ന ഇന്ത്യയുടെ പൊതുബജറ്റ് കാതോ­ർ­ത്ത ലോകം മൂക്കത്തുവിരൽവച്ചിരിക്കുകയാണ്. കരകയറാനൊരു കച്ചിത്തുരുമ്പുപോലും നിർമലാ സീതാരാമന്റെ പട്ടിൽപ്പൊതിഞ്ഞെത്തിച്ച കടലാ­സു­താളുകളിൽ ഇല്ല. ജീവിതം മുന്നോട്ടുപോകുന്ന­തെങ്ങിനെയെന്ന് ഭയന്ന് തെരുവിൽ ഭരണ­കൂ­ട­ത്തിനെതിരെ പോരടിക്കുന്ന ജനതയ്ക്കുമുന്നിൽ ബജ­റ്റ് പോലും പ്രതീക്ഷ നൽകുന്നില്ല. ബജറ്റിതര വായ്പകള്‍ ഗണ്യമായി വര്‍ധിപ്പിച്ച് പാവപ്പെട്ട ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിന് ചെറി­യൊരു ശ്രമം നടത്താൻ ഇന്നലെ നിര്‍മ്മല സീതാരാമന്‍ നടത്തിനോക്കി. എന്നാൽ പ്രത്യക്ഷമായും പരോക്ഷമായും കോര്‍പ്പറേറ്റുകളെയും ആ­ഗോ­ള സാമ്പത്തിക കുത്തകകളെയും പരമാവധി സഹായിക്കുന്ന തീരുമാനങ്ങളാണ് മോഡി സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചത്. ദേശീയ പാതകളുടെയും റയില്‍വേ വികസനത്തിനുമായി 23.7 ബില്യണ്‍ ഡോളറാണ് ഇന്നലെ ബജറ്റില്‍ വകയിരുത്തിയത്. ഇതിലൂടെ തെരഞ്ഞെടുപ്പ് വേളയില്‍ ബിജെപിക്ക് കോടാനുകോടി രൂപ ഫണ്ടുനല്‍കിയ ലാര്‍സന്‍ ആന്‍ഡ് ട്രൂബ്രോ, കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സ്, ഐആര്‍ബി ഇന്‍ഫ്രാ തുടങ്ങിയ കമ്പനികള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്.

മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്പാദനങ്ങള്‍ക്ക് വേണ്ടുവോളം സഹായം ഇന്നലെയും നല്‍കി. ഇതിലൂടെ ഡിക്സന്‍ ടെക്നോളജീസ്, അമ്പര്‍ എന്റര്‍ പ്രൈസസ് എന്നീ കോര്‍പ്പറേറ്റുകള്‍ക്കാകും ഇതിന്റെ ഗുണഫലം ലഭിക്കുന്നത്. ഗ്രാമീണ മേഖലയിലെ റോഡ് വികസനമെന്ന പേരില്‍ അനുവദിച്ച 2.83 ട്രില്യണ്‍ രൂപയും ചെന്നെത്തുന്നത് കോര്‍പ്പറേറ്റുകളുടെ കീശയിലാകും. കാര്‍ഷിക മേഖലയ്ക്ക് അര്‍ഹമായ വിഹിതം നല്‍കുന്നതിന് പകരം കരാര്‍ കൃഷി പ്രോത്സാഹിപ്പിച്ച് കോര്‍പ്പറേറ്റുകള്‍ക്കായി ഗതാഗത സംവിധാനം മെച്ചപ്പെടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പച്ചക്കറികള്‍ കേടുകൂടാതെ മറ്റ് സ്ഥലങ്ങളില്‍ എത്തിക്കുന്നതിന് ശീതീകരിച്ച കോച്ചുകള്‍ ട്രെയിനുകളില്‍ സജ്ജീകരിക്കുമെന്നും പ്രഖ്യാപിച്ചു. പാവപ്പെട്ട ഒരു കര്‍ഷകനും ശീതീകരിച്ച കോച്ചുകളിലൂടെ പച്ചക്കറി കൊണ്ടുപോകില്ല. ഹിന്ദുസ്ഥാനി യൂണി ലിവര്‍, ഇമാമി, ഡാബര്‍, റ്റാറ്റാ ഗ്ലോബല്‍ എന്നീ കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് ഈ തീരുമാനം. കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുസെറ്റുകള്‍ വിതരണം ചെയ്യുമെന്ന തീരുമാനം സംഘപരിവാറിനോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന ശക്തി പമ്പ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിയെ സഹായിക്കാനാണ്. 3.6 ട്രില്യണ്‍ രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയത്.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിനായി അനുവദിച്ച 123 ബില്യണ്‍ രൂപയും കോര്‍പ്പറേറ്റുകളെ ലക്ഷ്യമിട്ടുള്ളതാണ്. ഇതിന്റെ നേട്ടം ഹിന്ദുസ്ഥാന്‍ യൂണി ലിവര്‍, ഐറ്റിസി, പ്രോക്ടര്‍ ആന്റ് ഗ്യാമ്പിള്‍, ഗോദ്റേജ് എന്നിവര്‍ക്കാകും ലഭിക്കുന്നത്. ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്കിന് അനുവദിച്ച 60 ബില്യണ്‍ രൂപയുടെ സിംഹഭാഗവും എത്തുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കൈകളിലാകും. ഐറ്റി സ്ഥാപനങ്ങളുടെ നവീകരണത്തിന് അനുവദിച്ച തുകയുടെ 90 ശതമാനവും അദാനി എന്റര്‍പ്രൈസസ്, ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്സിഎല്‍ ടെക്നോളജീസ്, ടെക് മഹേന്ദ്ര തുടങ്ങിയ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കാണ്. ഗ്യാസ് പൈപ്പ്‌ലൈന്‍ പദ്ധതിക്കായി അനുവദിച്ച തുകയുടെ ഭൂരിഭാഗവും കോര്‍പ്പറേറ്റുകളായ ഐജിഎല്‍, എംജിഎല്‍, ഗുജറാത്ത് ഗ്യാസ് തുടങ്ങിയ കമ്പനികളുടെ കെെകളിലെത്തും. എന്നാല്‍ പാവപ്പെട്ടവന്റെ ജീവിതത്തിന് സാമൂഹ്യസാമ്പത്തിക സുരക്ഷ നല്‍കുന്ന ഇന്‍ഷുറന്‍സ് മേഖലയെ തകിടംമറിക്കുന്ന പ്രഖ്യാപനങ്ങളാണ് ബജറ്റില്‍ ഇന്നലെ ഉണ്ടായിരുന്നത്. പൊതുമേഖലാ സ്ഥാപനമായ ലെെഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് വില്‍ക്കാനുള്ള പ്രഖ്യാപനം ഇന്നലെ നടത്തി. എല്‍ഐസിയുടെ നൂറ് ശതമാനം ഓഹരിയും ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ പക്കലാണ്. ഇതിന്റെ ഓഹരി വിറ്റഴിച്ച് 900 ബില്യണ്‍ രൂപ സമാഹരിക്കും എന്ന പ്രഖ്യാപനമാണ് ഇന്നലെ നിര്‍മ്മലാ സീതാരാമന്‍ നടത്തിയത്. കടക്കെണിയിലായ ഐഡിബിഐ ബാങ്കില്‍ സമ്മര്‍ദം ചെലുത്തി എല്‍ഐസിയെക്കൊണ്ട് നിക്ഷേപം നടത്തി.

ഈ ബാങ്കിന്റെ ഓഹരികളും വിറ്റഴി‌ക്കുമെന്ന പ്രഖ്യാപനവും ഇന്നലെ ഉണ്ടായി. ലോകരാജ്യങ്ങള്‍ ആഗോളസാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഇ­ന്ത്യയെ വലിയ പരിധിവരെ രക്ഷിച്ചത് എല്‍ഐസിയാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിറുത്തുന്നതില്‍ എല്‍ഐസി വഹിച്ച പങ്ക് നിസ്തുലമാണെന്ന് മുന്‍ ധനമന്ത്രിയും മുൻ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി പ്രതികരിച്ചു. ചരിത്രവും സാമ്പത്തികശാസ്ത്രവും അ­റിയാത്ത ഇപ്പോഴത്തെ ഭരണാധികാരികള്‍ ഇതിനെ വിറ്റ് തുലയ്ക്കുന്നു. 2018 സാമ്പത്തിക വര്‍ഷത്തില്‍ 2340 കോടി രൂപയാണ് ലാഭവിഹിതമായി എല്‍ഐസി കേന്ദ്രസര്‍ക്കാരിന് നല്‍കിയത്. 1956ല്‍ കേവലം അഞ്ച് കോടി രൂപയുടെ നിക്ഷേപവുമായാണ് എല്‍ഐസി പ്രവര്‍ത്തനം ആരംഭിച്ചത്. ഇ­പ്പോഴതിന്റെ ആസ്തി 31.11 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അതിനിടെ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഐഡിബിഐ, ഒഎന്‍ജിസി തുടങ്ങിയ സ്ഥാപനങ്ങളില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തി. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം 68,621 കോടി രൂപയുടെ നിക്ഷേപമാണ് എല്‍ഐസി നടത്തിയത്. ഇതൊക്കെത്തന്നെ എല്ലാ മേഖലയിലും സ്വകാര്യവല്‍ക്കരണം നടപ്പാക്കുക എന്ന ലക്ഷ്യമാണ് വ്യക്തമാക്കുന്നത്. 2014ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ഉടനെ ആസൂത്രണ കമ്മീഷനെ ഇല്ലാതാക്കി. അതിനുപകരം രൂപീകരിച്ച നിതി ആയോഗ് സ്വകാര്യവല്‍ക്കരണത്തിന്റെ വക്താവായി പ്രവര്‍ത്തിക്കുന്നു.

ഇതിനുള്ള ഉദാഹരണമാണ് എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നിതി ആയോഗിന്റെ നിര്‍ദ്ദേശം. മറ്റൊരു പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിനെ ഇല്ലാതാക്കി. ഇന്ത്യന്‍ റയില്‍വേയ്ക്ക് ആവശ്യമായ ടെലികോം സേവനങ്ങള്‍ അംബാനിയുടെ ജിയോക്ക് നല്‍കി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പൊതുമേഖലാ ബാങ്കുകളുടെ മൂലധനശേഷി വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവും ഇന്നലത്തെ ബജറ്റിലില്ല. ഇതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകിടംമറിയും. നിര്‍മ്മാണ മേഖലയുടെ 39.7 ശതമാനം പണവും ചെന്നെത്തുന്നത് പാവപ്പെട്ട തൊഴിലാളികളുടെ കെെകളിലാണ്. എന്നാല്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തൊഴിലാളികള്‍ക്ക് ഉപകരിക്കുന്ന തീരുമാനങ്ങള്‍ക്ക് പകരം വന്‍കിട റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേറ്റുകളായ ഗോദറേജ് പ്രോപ്പര്‍റ്റീസ്, ഒബ്റോയ് റിയല്‍ റ്റി ലിമിറ്റഡ്, ഡിഎല്‍എഫ് എന്നിവര്‍ക്ക് നേട്ടം കൊയ്യാനുള്ള സാഹചര്യങ്ങളാണ് ബജറ്റ് പ്രഖ്യാപനങ്ങളിലൂടെ ഒരുക്കിയത്. വളം നിര്‍മ്മാണ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായുള്ള പ്രഖ്യാപനങ്ങള്‍ ഒന്നുംതന്നെ ഇന്നലത്തെ ബജറ്റിലില്ല.

മൂലധനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ആവശ്യപ്പെട്ട് മാംഗളൂര്‍ ഫെര്‍ട്ടിലെെസേഴ്സ് ആന്റ് കെമിക്കല്‍സ്, ചമ്പാല്‍ ഫെര്‍ട്ടിലെെസേഴ്‌സ് ആന്റ് കെമിക്കല്‍സ്, രാഷ്ട്രീയ ഫെര്‍ട്ടിലെെസേഴ‌്സ് ആന്റ് കെമിക്കല്‍സ്, മദ്രാസ് ഫെര്‍ട്ടിലെെസേഴ്‌സ് ആന്റ് കെമിക്കല്‍സ് ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കിയെങ്കിലും ഒരു പ്രഖ്യാപനവും ഉണ്ടായില്ല. പൊതുമേഖലയിലെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളില്ലെങ്കിലും സ്വകാര്യ ലൊജിസ്റ്റിക് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടുവോളം ഇളവുകളാണ് ഇന്നലെ പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ലായ ഊര്‍ജ്ജ മേഖല നേരിടുന്ന പ്രതിസന്ധികള്‍ പറഞ്ഞെങ്കിലും പരിഹാരനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയില്ല. വെെദ്യുതമേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് അര്‍ഹമായ വിഹിതം ഉള്‍പ്പെടുത്താനും നിര്‍മ്മലാ സീതാരാമന്‍ തയ്യാറായില്ല. 2015ല്‍ വെെ­ദ്യുത മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആരംഭിച്ച ഉദയ് പദ്ധതി എങ്ങും എത്തിയില്ല. വെെദ്യുത വിതരണ കമ്പനികളുടെ ബാധ്യത കുറയ്ക്കാന്‍ ആരംഭിച്ച ഉദയ് പദ്ധതി കൂടുതല്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. നിലവില്‍ വിതരണ കമ്പനികളുടെ ബാധ്യത 83500 കോടി രൂപയായി വര്‍ധിച്ചു. കഴിഞ്ഞ ബജറ്റില്‍ സൗരോര്‍ജ്ജമുള്‍പ്പെടെയുള്ള ബദല്‍ സംവിധാനങ്ങള്‍ക്ക് അനുവദിച്ച 5254 കോടി രൂപയില്‍ കേവലം 26 ശതമാനമാണ് വിനിയോഗിച്ചത്. ഇപ്പോള്‍ ഇന്നലത്തെ ബജറ്റില്‍ വീണ്ടും 5753 കോടി രൂപ അനുവദിച്ചു.

ആരോഗ്യമേഖലയില്‍ സ്വകാര്യവല്‍ക്കരത്തിനുള്ള സൂചനകളാണ് ബജറ്റിലൂടെ ലഭ്യമായത്. ഇക്കുറി നാമമാത്രമായ വര്‍ധനവ് മാത്രമാണ് ആരോഗ്യമേഖലയില്‍ വരുത്തിയത്. കൊറോണ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ പടരുമ്പോഴും ആ­ന്റി­ബയോട്ടിക്കുകള്‍ സൃഷ്ടിക്കുന്ന വെ­ല്ലുവിളികള്‍ നേരിടുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ഹമായ വിഹിതം അനുവദിച്ചിട്ടില്ല. 2100 കോടി രൂപ മാത്രമാണ് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി അനുവദിച്ചത്. പാസഞ്ചര്‍ ട്രെയിനുകളുള്‍പ്പെടെ സ്വകാര്യവല്‍ക്കരിച്ചു. സ്വകാര്യമേഖലയില്‍ കൂടുതല്‍ തേജസ് ട്രെയിനുകള്‍ അനുവദിക്കുമെന്ന് പറയുന്നു. ഇടക്കാലത്ത് നടപ്പാക്കാ­ന്‍ കഴിയാത്ത പദ്ധതികളും പ്രഖ്യാപിച്ചു. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞാണ് മുംബെെ-അഹമ്മദാബാദ് അതിവേഗ റയില്‍ കോറിഡോര്‍ പ്രഖ്യാപിച്ചത്. രാജ്യസുരക്ഷ ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ ബജറ്റ് വിഹിതം 1.8 ശതമാനം മാത്രമാണ് വര്‍ധിപ്പിച്ചത്. സേനകളുടെ ആധുനികവല്‍ക്കരണം ഇക്കുറിയും അവതാളത്തിലാണ്. കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനായുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ ഇല്ല.

മൊത്തം ആഭ്യന്തര ഉല്പാദനം 10.4 ശതമാനമായി ഉയര്‍ന്നാല്‍ മാത്രമേ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ധിക്കുകയുള്ളു എന്ന് വെല്‍വായ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനുതകുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായില്ല. കാര്‍ഷിക മേഖലയ്ക്കായി 1.57 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1.52 ലക്ഷം കോടി രൂപയായിരുന്നു. കേവലം 3.5 ശതമാനം മാത്രമാണ് വരുത്തിയത്. കാര്‍ഷിക മേഖലയിലെ പണപ്പെരുപ്പം നാല് ശതമാനമായി തുടരുന്ന സാഹചര്യത്തില്‍ അനുവദിച്ച വിഹിതം കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതല്ല. കഴിഞ്ഞ വര്‍ഷം വളം സ­ബ്സിഡിക്കായി 1.84 ലക്ഷം കോടി രൂപയാണ് അനുവദിച്ചത്. ഇക്കുറി അത് 1.16 ലക്ഷം കോടി രൂപയായി കുറച്ചു. പോഷകാഹാര പ്രശ്നങ്ങള്‍ നേരിടുന്നതിന് കേവലം 35,600 കോടി രൂപയാണ് അനുവദിച്ചത്. പോഷകാഹാര പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടികളില്‍ മൂന്നിലൊന്നും ഇന്ത്യയിലെന്ന് അറിഞ്ഞിട്ടാണിത്. സാമ്പത്തിക തകർച്ചയും ആഭ്യന്തര പ്രശ്നങ്ങളും നിഴലിക്കുന്ന ഇന്ത്യയെന്ന മഹാരാജ്യത്തെ നോക്കി ലോകം അമ്പരക്കുകയാണ്. ഒരു ജന­തയുടെ ഗതികേടിൽ വിലപിക്കുകയാണ്.