വാട്സാപ്പിലൂടെ ഭാര്യയുടെ താക്കീത്; യുവാവും പെണ്‍സുഹൃത്തും ജീവനൊടുക്കി

Web Desk
Posted on October 01, 2018, 10:12 am

ഹൈദരബാദ്: സുഹൃത്ബന്ധത്തെ ഭാര്യ ചോദ്യം ചെയ്തതിന് യുവാവ് തൂങ്ങി മരിച്ചു. യുവാവിന്റെ മരണത്തില്‍ മനംനൊന്ത് പെണ്‍സുഹൃത്തും ജീവനൊടുക്കി. ഹൈദരബാദിലെ മറേട്പള്ളിയില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് അത്മഹത്യകള്‍ നടന്നത്.

ഇലക്ട്രീഷ്യനായ ശിവകുമാറും ബാല്യകാല സുഹൃത്ത് വെണ്ണിലയുമാണ് മരിച്ചത്.  ആഗസ്റ്റ് 15 നാണ് ശിവകുമാര്‍ വിവാഹിതനാകുന്നത്. ഇയാളും വെണ്ണിലയും തമ്മിലുള്ള ബന്ധത്തെചൊല്ലി ഭാര്യ പലതവണ വഴക്കിട്ടിരുന്നു. ഇതിനുശേഷം ശിവകുമാറിന്റെ ഭാര്യ വാട്‌സ്ആപ്പിലൂടെ വെണ്ണിലയ്ക്ക് താക്കീത് നല്‍കി. തുടര്‍ന്ന് ശിവകുമാറും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി.  ഇതിനുശേഷം ശനിയാഴ്ച ഇയാള്‍ വീട്ടിലെ ഫാനില്‍ തൂങ്ങി മരിച്ചു. സുഹൃത്തിന്റെ മരണ വിവരമറിഞ്ഞ വെണ്ണില തൊട്ട് പിന്നാലെ വിഷം കഴിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വെണ്ണില മരിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.