ന്യൂഡൽഹി: ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ അതിവേഗത്തിൽ മുന്നോട്ടു നയിക്കാനായി കൊണ്ടു വന്ന പദ്ധതിയായിരുന്നു പ്രധാനമന്ത്രി ഉജ്ജ്വല യോജന. 2016 മെയ് 1‑ന് പ്രഖ്യാപിക്കപ്പെട്ട ഈ പദ്ധതി, രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകൾക്ക് സൗജന്യമായി അഞ്ചു കോടിയിലധികം പാചകവാതക കണക്ഷനുകൾ വിതരണം ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയാണ് നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. ഒന്നാം വർഷത്തിൽ തന്നെ 2.2 കോടി കണക്ഷനുകൾ വിതരണം ചെയ്തു എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. ഡിസംബർ 2018 ആയപ്പോഴേക്കും കണക്ഷനുകളുടെ എണ്ണം 5.8 കോടി എത്തി എന്നും. എന്നാൽ, കഴിഞ്ഞ ദിവസം പുറത്തുവന്ന കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (CAG) ഓഡിറ്റ് റിപ്പോർട്ട് പ്രകാരം ഈ പദ്ധതിയുടെ നടത്തിപ്പിൽ സാരമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ട് എന്നാണ്.
തൊഴിലുറപ്പ് പദ്ധതി എന്ന യുപിഎ സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമിനോട് കിടപിടിക്കുന്നത് എന്ന മട്ടിൽ അവതരിപ്പിക്കപ്പെട്ടതാണ് എൻഡിഎയുടെ ഉജ്ജ്വല യോജന. 12,800 കോടി രൂപയാണ് പദ്ധതിയുടെ മുടക്കുമുതൽ. പ്രസ്തുത പദ്ധതിയുടെ പെർഫോമൻസ് ഓഫിറ്റ് റിപ്പോർട്ടിൽ സിഎജി പറയുന്നത് ഇന്ത്യൻ അടുക്കളകളിൽ, വിശേഷിച്ചും പാവപ്പെട്ടവരുടെ അടുക്കളകളിൽ വിറകിനു പകരം എൽപിജി ഉപഭോഗം ശീലമാക്കിക്കുക എന്ന ദൗത്യം വിജയിപ്പിക്കുന്നതിൽ ഈ പദ്ധതി ഇനിയും വിജയിച്ചിട്ടില്ല എന്നാണ്. അതോടൊപ്പം സിഎജിയുടെ പ്രധാനകണ്ടെത്തലുകൾ എന്നു പറയുന്നത് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അടുക്കളകളിലേക്ക് എത്തേണ്ട ഗ്യാസ് സിലിണ്ടറുകൾ വഴിമാറി റെസ്റ്റോറന്റുകളും കാന്റീനുകളും തട്ടുകടകളും പോലുള്ള കമേഴ്‌സ്യൽ സെറ്റപ്പുകളിലേക്ക് കരിഞ്ചന്തയ്ക്ക് വിലക്കപ്പെട്ടിട്ടുണ്ടെന്നും, ആവശ്യമുള്ള പ്രദേശങ്ങളിലേക്ക് സമയാസമയം സിലിണ്ടറുകൾ എത്തിക്കുന്നതിൽ വീഴ്ച വന്നിട്ടുണ്ടെന്നുമാണ്.
you may also like this video
സർക്കാറിന്റെ ഭാഗത്തുനിന്ന് പദ്ധതിയുടെ വക്താക്കൾ പറയുന്നത്, 87 ശതമാനം കണക്ഷൻ ഉടമകളും സിലിണ്ടർ റീഫിൽ ചെയ്തിട്ടുണ്ട് എന്നും, ഇതുവരെ 40 കോടി സിലിണ്ടറുകൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമാണ്.എന്നാൽ പല കുടുംബങ്ങൾക്കും ഒന്നിലധികം കണക്ഷനുകൾ കിട്ടിയിട്ടുണ്ട്. 3.78 കോടി കണക്ഷനുകളിൽ 42 ശതമാനത്തിനു മാത്രമാണ് ആധാറിന്റെ അടിസ്ഥാനത്തിൽ കണക്ഷൻ വിതരണം ചെയ്തത് എന്നും കഴിഞ്ഞ വർഷം വിതരണം ചെയ്ത 1.96 കോടി ഗ്യാസ് കണക്ഷനുകളിൽ ഇതുവരെ നടന്ന ശരാശരി ഉപഭോഗം വെറും 3.66 സിലിണ്ടർ മാത്രമാണ്.
കണക്ഷൻ നൽകാനായി ഉപയോഗിച്ച സോഫ്റ്റ്‌വെയറിൽ വന്ന ചില തകരാറുകൾ ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇത്തരത്തിലുള്ള തട്ടിപ്പുകൾ അരങ്ങേറിയിരിക്കുന്നത്. അല്ലെങ്കിൽ, ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇട നൽകുന്ന ബഗ്ഗുകളോടെയാണ് സോഫ്റ്റ്‌വെയർ തന്നെ രൂപകൽപന ചെയ്യപ്പെട്ടത്. ഈ ലൂപ്പ്‌ഹോളുകൾ കാരണം 18 വയസ്സിൽ താഴെ പ്രായമുള്ള 80,000 ലധികം പേർക്ക് ഈ പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് കണക്ഷൻ അനുവദിച്ചിട്ടുണ്ട് എന്നതുമടക്കം നിരവധി പ്രശ്നങ്ങളാണ് സിഎജി കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.