പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ അവസാനിപ്പിക്കുന്നതിനെന്ന പേരിൽ കോർപ്പറേറ്റുകളെ സഹായിക്കുന്ന വിവാദ് സെ വിശ്വാസ് ബിൽ 2019 ധനമന്ത്രി നിർമ്മലാ സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. വിവിധ കേസുകളിലായി പ്രത്യക്ഷ നികുതി ഇനത്തിൽ സർക്കാരിന് 9.3 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിന് ലഭിക്കാനുണ്ടന്നാണ് ബില്ലിന്റെ കരടിൽ പറയുന്നത്. 2019 നവംബർ 30ലെ കണക്കുകൾ പ്രകാരം രാജ്യത്തെ വിവിധ കോടതികളിലായി 4,83,000 കേസുകളാണ് നിലവിലുള്ളത്. വിവേചനം കൂടാതെ ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ പ്രത്യക്ഷ നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരങ്ങൾ അവസാനിപ്പിക്കാനുള്ള പദ്ധതിയാണ് വിവാദ് സെ വിശ്വാസ്.
മാർച്ച് 31 ന് മുമ്പ് പലിശയോ പിഴയോ കൂടാതെ നികുതി ഒടുക്കാൻ അവസരം നൽകുന്നതാണ് പുതിയ ബിൽ. ഈ തിയതി അധികരിച്ചാൽ പത്ത് ശതമാനം കൂടുതൽ തുക നൽകേണ്ടിവരുമെന്ന നിർദ്ദേശങ്ങളും പുതിയ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മാർച്ച് 31ന് മുമ്പ് അടയ്ക്കുന്നവർക്ക് കുടിശികയുടെ 25 ശതമാനം സെറ്റിൽമെന്റ് ഫീസായി നൽകണം. പിന്നീട് പ്രഖ്യാപിക്കുന്ന തിയതിയ്ക്ക് 30 ശതമാനം സെറ്റിൽമെന്റ് ഫീസായി നൽകണം. സുപ്രിം കോടതി, ഹൈക്കോടതികൾ, നികുതി ട്രിബ്യൂണലുകൾ, നികുതി വകുപ്പ് കമ്മിഷണർ എന്നിവിടങ്ങളിൽ വ്യവഹാരങ്ങൾ തുടരുന്നവ, സർക്കാരിന് അപ്പീൽ നൽകിയവർ എന്നിവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. പരാതികൾ എല്ലാംതന്നെ ജനുവരി 31ന് മുമ്പ് സമർപ്പിച്ചവ ആകണമെന്നും ബില്ലിൽ പറയുന്നു.
വിവാദ് സെ വിശ്വാസ് പദ്ധതി പ്രകാരം നികുതി കുടിശിക പിരിച്ചെടുക്കാൻ കഴിഞ്ഞാൽ ധനക്കമ്മി 3.8 ശതമാനമായി പരിമിതപ്പെടുത്താൻ കഴിയും. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ 3.3 ശതമാനം വളർച്ച ഉണ്ടാകുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ ഭാഷ്യം. പരോക്ഷ നികുതിയുമായി ബന്ധപ്പെട്ട കേസുകൾ പരിഹരിക്കുന്നതിനായി സമാനമായ പദ്ധതി കഴിഞ്ഞ വർഷം നടപ്പാക്കിയിരുന്നു. ഇതിലൂടെ 39.000 കോടി രൂപ സർക്കാർ സമാഹരിച്ചിരുന്നു. എന്നാൽ ലഭിക്കേണ്ട തുകയിൽ കേവലം 34.7 ശതമാനം തുക മാത്രമാണ് ലഭിച്ചത്. തങ്ങൾക്ക് കോടികൾ തെരഞ്ഞെടുപ്പ് ഫണ്ട് നൽകിയ കോർപ്പറേറ്റുകളുമായി വ്യവഹാരങ്ങൾ തീർപ്പാക്കുന്നതിനാണ് പദ്ധതി നടപ്പാക്കിയതെന്ന ആക്ഷേപം സാമ്പത്തിക വിദഗ്ധരും ഉന്നയിച്ചിരുന്നു. കേന്ദ്ര എസ്കൈസ് തീരുവ, സേവന നികുതി ഉൾപ്പടെയുള്ള കേസുകളാണ് അന്ന് തീർപ്പാക്കിയത്. പുതിയ ബിൽ കോർപ്പറേറ്റ് അനുകൂലമാണെന്നും സാധാരണക്കാരന് പുതിയ നിയമത്തിലൂടെ യാതൊരു പ്രയോജനം ലഭിക്കില്ലെന്നുമാണ് ആക്ഷേപമുയർന്നിട്ടുള്ളത്.
English summary: Again corporate tax bill for tax
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.