കനയ്യയ്ക്കുനേരെ വീണ്ടും സംഘപരിവാർ അക്രമം; വേദിക്ക് തീയിട്ടു

Web Desk

പട്ന

Posted on February 14, 2020, 4:15 pm

സിപിഐ നേതാവ് കനയ്യ കുമാറിന്റെ ജനഗണമന യാത്രയ്ക്കുനേരെ വീണ്ടും സംഘപരിവാർ ആക്രമണം. കനയ്യ കുമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ഇന്നലെ വൈകിട്ട് ബക്സറിൽ നിന്നും ആരയിലേയ്ക്ക് പോകുന്ന വഴിയാണ് കല്ലേറുണ്ടായത്. കാവി തൂവാലകൊണ്ട് മുഖം മറച്ചെത്തിയ ആർഎസ്എസ് സംഘം വാഹനവ്യൂഹത്തിന് നേരെ കല്ലെറിയുകയായിരുന്നു. യാത്രയോടൊപ്പം ഇന്നലെ സഞ്ചരിച്ചിരുന്ന പൊലീസുകാർ പുറത്തിറങ്ങിയെങ്കിലും കൂടിനിന്ന അക്രമികൾ വാഹനം തടയാൻ ശ്രമിച്ചു. കനയ്യ ഉൾപ്പെടെ വാഹനത്തിൽ ഉണ്ടായിരുന്നവർ പുറത്തിറങ്ങി. ഈ നേരം പ്രകോപനകരമായ ആക്രോശങ്ങളുമായി സംഘം വാഹനങ്ങൾക്ക് അടുത്തേയ്ക്ക് കുതിച്ചു. പൊലീസ് ബലം പ്രയോഗിച്ച് പിന്തിരിപ്പിക്കുകയും കനയ്യയുടെ വാഹനവ്യൂഹം കടത്തിവിടുകയുമായിരുന്നു. ഇന്നലെ വൈകുന്നേരം യാത്ര സ്വീകരണ പരിപാടി നടക്കേണ്ടിയിരുന്ന ആരയിലെ വേദി വ്യാഴാഴ്ച്ച രാത്രി സംഘപരിവാർ തീവച്ചു നശിപ്പിച്ചിരുന്നു. ഇതേ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഉച്ചഭാഷിണി ഉപയോഗിച്ചാണ് കനയ്യയും മറ്റുള്ളവരും സംസാരിച്ചത്. രണ്ടാഴ്ച്ചക്കിടെ എട്ടാമത്തെ തവണയാണ് കനയ്യയ്യുടെ നേതൃത്വത്തിലുള്ള യാത്ര ആക്രമിക്കപ്പെടുന്നത്. ജനുവരി 30ന് ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ജനഗണമന യാത്ര പര്യടനം ആരംഭിച്ചത്.

 

Eng­lish sum­ma­ry: again attack towards kan­haiya

you may also like this video