28 March 2024, Thursday

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ വീണ്ടും സംഘര്‍ഷം: അള്‍ത്താര തകര്‍ത്തു

Janayugom Webdesk
December 24, 2022 10:46 am

ഏകീകൃത കുര്‍ബാനയെ ചൊല്ലി തര്‍ക്കമുണ്ടായ എറണാകുളം സെന്റ്. മേരീസ് ബസിലിക്കയില്‍ വീണ്ടും സംഘര്‍ഷം. ഏകീകൃത കുര്‍ബാന വിഷയത്തിലാണ് ഇപ്പോഴും സംഘര്‍ഷം. വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ എത്തി. 

സിനഡ് അംഗീകരിച്ച അള്‍ത്താര അഭിമുഖ കുര്‍ബാനയെ അംഗീകരിക്കുന്നവര്‍ അള്‍ത്താരയിലേക്ക് തള്ളിക്കയറി. കുര്‍ബാന നടത്തിക്കൊണ്ടിരുന്ന ജനാഭിമുഖ കുര്‍ബാന അനുകൂലികളെ തള്ളിമാറ്റി. വൈദികര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രാര്‍ത്ഥനയും കയ്യാങ്കളിയും നടന്നത്. കയ്യാങ്കളിയില്‍ അള്‍ത്താരയും ബലിപീഠവും തകര്‍ത്തു. വൈദികരെ തള്ളിമാറ്റി. വിളക്കുകള്‍ പൊട്ടിവീണു. മാര്‍പ്പാപ്പയെ തെറ്റിദ്ധരിപ്പിച്ചാണ് ആള്‍ത്താര അഭിമുഖ കുര്‍ബാനയ്ക്ക് സിനഡ് അനുമതി നേടിയതെന്ന് ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ പറയുന്നു. മാര്‍പ്പാപ്പ പറയുന്നത് കേള്‍ക്കാത്തവര്‍ സഭയില്‍ നിന്ന് പുറത്ത് പോയി പ്രൊട്ടസ്റ്റന്റ് വിഭാഗം ഉണ്ടാക്കണമെന്ന് അള്‍ത്താര അഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ ആവശ്യപ്പെട്ടു.

ഇന്നലെ രാത്രി മുതല്‍ ജനാഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്ന വൈദികരും വിശ്വാസികളും കുര്‍ബാന ആരംഭിച്ചിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അള്‍ത്താര അഭിമുഖ കുര്‍ബാനയെ അനുകൂലിക്കുന്നവര്‍ അവിടേക്ക് തള്ളിക്കയറിയത്. ക്രിസ്മസ് തലേന്നായ ഇന്ന് കുര്‍ബാന നടക്കേണ്ട അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ പ്രധാനപ്പെട്ട പള്ളിയാണ് ഇത്. സംഘര്‍ഷമുണ്ടായതോടെ പോലീസ് ഇടപെട്ട് ഇരുവിഭാഗക്കാരെയും വൈദികരെയും പള്ളിയില്‍ നിന്ന് പുറത്താക്കി. 

ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും പോലീസും ചേര്‍ന്ന് കുര്‍ബാന അലങ്കോലപ്പെടുത്തുകയായിരുന്നുവെന്ന് എതിര്‍പക്ഷം പറയുന്നു. അതേസമയം സംഘര്‍ഷം ഒഴിവാക്കാൻ മാത്രമാണ് രണ്ട് കൂട്ടരെയും പള്ളിയില്‍ നിന്ന് പുറത്താക്കിയതെന്ന് പോലീസ് അറിയിച്ചു. പോലീസിന് സംഘര്‍ഷം ഒഴിവാക്കാനുള്ള ശേഷിയുണ്ടെന്നും എന്നാല്‍ അതിനൊന്നും നില്‍ക്കുന്നില്ലെന്നും എറണാകുളം എസിപി അറിയിച്ചു. ഡിസിപി ഓഫീസിലേക്ക് ഇരു വിഭാഗക്കാരെയും വിളിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­mery: Again Con­flict In Ernaku­lam St. Mary’s Basil­i­ca Altar Was Broken
You May Also Like This Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.