വിപി ഉണ്ണികൃഷ്ണൻ

മറുവാക്ക്

February 07, 2020, 5:15 am

വീണ്ടും തോക്കുകള്‍ അലറുന്നു ഗാന്ധിജിയെ കൊല്ലുന്നു

Janayugom Online

പ്രക്ഷോഭത്തിന്റെ അഗ്നിയും പ്രതിരോധത്തിന്റെ കനലുകളും അണയുന്നില്ല. മറിച്ച് കൂടുതല്‍ ആളിക്കത്തുകയും നീറിപ്പുകയുകയും ചെയ്യുന്നതിന് വര്‍ത്തമാനകാല ഇന്ത്യ സാക്ഷ്യം വഹിക്കുകയാണ്. ആളിപ്പടരുന്നത് നിമിഷനേരം കൊണ്ട് കത്തിയമരുവാനാണെന്നുള്ള മിഥ്യാധാരണയില്‍ അഭിരമിച്ച ഭരണകൂട ശക്തികള്‍ പകച്ചുനില്‍ക്കുകയാണ്. അധികാരത്തിന്റെ അഹന്തയും ഫാസിസ്റ്റ് അജണ്ടയുടെ മുഷ്ടികളും കൊണ്ട് പ്രതികരിക്കുന്നവരെയും പ്രതിഷേധിക്കുന്നവരെയും പാടേ നിഷ്പ്രയാസം നിഷ്കാസനം ചെയ്യാമെന്ന് നരേന്ദ്രമോഡിയും അമിത് ഷായും തങ്ങളുടെ മുന്‍കാല ഹീന ജനാധിപത്യ ധ്വംസന പ്രവര്‍ത്തനങ്ങളിലെ അനായാസേനയുള്ള വിജയ പശ്ചാത്തലത്തില്‍ ആത്മരതി പൂണ്ടിരിക്കുകയായിരുന്നു. പക്ഷേ ചാണക്യന്മാരുടെ തന്ത്രങ്ങളാകെ പാളി. പിന്നീടുള്ള വഴി ഭീഷണിയുടേയും പ്രകോപനങ്ങളുടേയും കലാപങ്ങളുടേയും മാത്രമാണവര്‍ക്ക്. അത് ഇപ്പോള്‍ അനവരതം അരങ്ങേറുകയാണ്.

മോഡി മന്ത്രിസഭയിലെ ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ഇന്ദ്രപ്രസ്ഥത്തില്‍ ജനാവലിയെ അഭിസംബോധന ചെയ്തുകൊണ്ട് ആക്രോശിച്ചു: നരേന്ദ്രമോഡിയെയും അമിത് ഷായെയും അംഗീകരിക്കാത്തവരെ, പൗരത്വ നിയമഭേദതിയെ എതിര്‍ക്കുന്നവരെ വെടിവച്ചു കൊല്ലൂ. അവര്‍ ഇന്ത്യയില്‍ ജീവിച്ചിരിക്കുവാന്‍ അര്‍ഹതയുള്ളവരല്ല. ഈ രാജ്യത്തിന്റെ ഭരണഘടനാതത്വങ്ങളെയും പ്രതികരിക്കുവാനും പ്രതിഷേധിക്കുവാനും പ്രതിരോധിക്കുവാനുമുള്ള ജനാധിപത്യാവകാശങ്ങളെയും തോക്കിന്‍കുഴലിനാലും അതില്‍ നിന്നുയരുന്ന വെടിയുണ്ടകളാലും നിര്‍മ്മാര്‍ജ്ജനം ചെയ്യൂ എന്നാണ് ഭരണഘടനയില്‍ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ആഹ്വാനം ചെയ്യുന്നത്. ഭരണഘടന സംഘപരിവാര ഭരണകൂടത്തിന് ഒരു ഫലിത പുസ്തകമാണെന്ന് അവര്‍ പലയാവര്‍ത്തി തെളിയിച്ചിട്ടുണ്ട്. നരേന്ദ്രമോഡി 2014 ല്‍ ആദ്യം പ്രധാനമന്ത്രിയായി പാര്‍ലമെന്റ് കവാടത്തിന് മുന്നിലെത്തിയപ്പോള്‍ പടവുകളില്‍ അദ്ദേഹം സാഷ്ടാംഗം പ്രണമിച്ച് നാടകം അരങ്ങേറ്റി. 2019 ല്‍ പ്രധാനമന്ത്രിയായപ്പോള്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചുംബിച്ചു. ആദ്യ ഘട്ടത്തില്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കിയെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഭരണഘടനാ തത്വസംഹിതകളെ നിര്‍ദ്ദയം പൊളിച്ചടുക്കുന്നു. ആയതിനാല്‍ അനുരാഗ് ഠാക്കൂറിന്റെ ആക്രോശത്തില്‍ അതിശയിക്കാനൊന്നുമില്ല.

അനുയായികള്‍ അനുരാഗിന്റെ ആഹ്വാനത്തിനായി കാതോര്‍ത്ത് കാത്തിരിക്കുകയായിരുന്നു. മതനിരപേക്ഷതയും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുവാനായി ജാമിയമിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികള്‍ ജാതി-മത‑വേഷ ഭേദമന്യേ നടത്തിയ സമാധാനപരമായ പ്രകടനത്തിനുനേരെ ഗോപാല്‍ വര്‍മ്മ എന്ന ബജ്‌റംഗദളുകാരന്‍ വെടിയുതിര്‍ക്കുന്നു. മോഡിയും അമിത്ഷായും നിയന്ത്രിക്കുന്ന പൊലീസുകാര്‍, നിറതോക്കുമായി ഒരാള്‍ നിരത്തില്‍ നിറഞ്ഞാടുന്നത് പുഞ്ചിരിയോടെ കൈയും കെട്ടി നോക്കിനില്‍ക്കുന്നു. വെടിയുതിര്‍ത്തശേഷം അയാള്‍ ഒരു പൊലീസുകാരനൊപ്പം നടന്നുപോകുന്നു. പൊടുന്നനെ ഡല്‍ഹി പൊലീസിന് അദ്ദേഹം പ്രായപൂര്‍ത്തിയാകാത്ത ചെറുപ്പക്കാരനാവുന്നു. ഷഹീന്‍ബാഗിലെ സമരകേന്ദ്രത്തിലേക്ക് മറ്റൊരു സംഘി വെടിയുണ്ടയുതിര്‍ക്കുന്നൂ. ഡല്‍ഹി പൊലീസിന് അയാള്‍ മാനസിക രോഗിയാണോയെന്ന് സംശയം. തൊട്ടടുത്ത ദിവസം രാത്രിയുടെ മറവില്‍ ഇരുചക്രവാഹനത്തിലെത്തിയ ഇരുവര്‍ ജാമിയ സര്‍വകലാശാലയുടെ അ‍‍ഞ്ചാംഗേറ്റിലേക്ക് വെടിയുണ്ടകള്‍ ഉതിര്‍ക്കുന്നു. ഡല്‍ഹി പൊലീസിന് അവര്‍ അപരിചിതരും കണ്ടാലറിയാവുന്നവരും മാത്രം. ജാമിയാ, അലിഗഡ്, ജവഹര്‍ലാല്‍ സര്‍വകലാശാലാ വളപ്പുകളിലും വിവിധ ഐഐടികളിലും കടന്നുകയറി വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അതിക്രൂരമായി തല്ലിച്ചതയ്ക്കുകയും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുകയും രാജ്യദ്രോഹികളാക്കുകയും ചെയ്യുന്ന പൊലീസുകാര്‍ വെടിയുണ്ടകള്‍ വര്‍ഷിക്കുന്നവരുടെ ഉറ്റ ആശ്രിതന്‍മാരാകുന്നതില്‍ അഭിമാനിക്കുന്ന അപമാനകരമായ ഇന്ത്യന്‍ അവസ്ഥയ്ക്ക് കണ്ണ് തുറന്നുപിടിച്ചിരിക്കുന്ന മനുഷ്യര്‍ നേര്‍സാക്ഷികളാവുകയാണ്.

ജെഎന്‍യുവില്‍ അര്‍ധരാത്രിയില്‍ മുഖംമൂടിയണിഞ്ഞ് അഴിഞ്ഞാടിയവര്‍ ഡല്‍ഹി പൊലീസിന് ദിനങ്ങളിത്ര പിന്നിട്ടിട്ടും അപരിചിതരും പിടികിട്ടാപ്പുള്ളികളുമാണ്. ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതവിദ്വേഷപരവും വര്‍ഗീയ വിഷം തുപ്പുന്നതുമായ പ്രസംഗം നടത്തിയതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്ന വ്യക്തിയാണ് ബിജെപി എംപി പര്‍വേസ് വര്‍മ്മ. ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവരുടെ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്നും പുരുഷന്‍മാരെയും സ്തീകളെയും കുട്ടികളെയും വെടിവച്ച് കൊന്നു തള്ളുമെന്നും ഡല്‍ഹിയില്‍ ഭരണം ലഭിച്ചാല്‍ ഒരുദിനംകൊണ്ട് ഷഹീന്‍ബാഗിനെ വെടിപ്പാക്കുമെന്നലറിയ ‘യഥാര്‍ത്ഥ ധീരദേശാഭിമാനിയായ ഭാരതീയനാണ്’ പര്‍വേസ് വര്‍മ്മ. ബിജെപി മന്ത്രി, സ്വന്തം നാട്ടില്‍ തെരഞ്ഞെടുപ്പില്‍ തോറ്റ് തൊപ്പിയിടുന്ന വി മുരളീധരനും ഒരു ദിവസം കൊടുത്താല്‍ മതി ഷഹീന്‍ ബാഗിനെ വെടിപ്പാക്കുവാന്‍. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം അവതരിപ്പിക്കുവാന്‍ നരേന്ദ്രമോഡിയും അമിത്ഷായും നിയോഗിച്ചത് ഉത്തമ ഭാരതീയനും മനുഷ്യസ്നേഹിയുമായ പര്‍വേസ് വര്‍മ്മയെ തന്നെ. അതിനേക്കാള്‍ യോഗ്യന്‍ മറ്റാരാണുള്ളത്? അദ്ദേഹം കോണ്‍ഗ്രസുകാരോട് പറഞ്ഞു ‘ജയ് ശ്രീറാം വിളിക്കൂ, അതുവഴി നിങ്ങളുടെ പാപങ്ങള്‍ കഴുകിക്കളയൂ’ ആ സമയം സംഘപരിവാര ബെഞ്ചുകളില്‍ നിന്ന് ജയ്ശ്രീറാം വിളികള്‍ മുഴങ്ങുന്നുണ്ടായിരുന്നു.

പാര്‍ലമെന്റില്‍ ഇപ്പോള്‍ നിത്യവും ഉയരുന്ന മുദ്രാവാക്യമാണിത്. സംഘികള്‍ക്ക് എന്ത് പാര്‍ലമെന്റ്, എന്ത് മതേതരത്വം, എന്ത് ഭരണഘടന? തുടര്‍ന്ന് വിഭാഗീയതയുടെയും വര്‍ഗീയതയുടെയും വിഷം പാര്‍ലമെന്റിനുള്ളില്‍ വമിപ്പിച്ചു. നെഹ്റു-ഗാന്ധി-ഖാന്‍ ഭരണമായിരുന്നു ഇന്ത്യയിലെന്നും, യഥാര്‍ത്ഥ ഹിന്ദുഭരണം ഇപ്പോഴാണെന്നും പ്രഖ്യാപിച്ചു. ഫിറോസ് ഷാ എന്ന പാഴ്‌സി അവര്‍ക്ക് ഫിറോസ് ഖാന്‍ എന്ന മുസ്‌ലിമാകാന്‍ നിമിഷ നേരം മതി. പൗരത്വ നിയമഭേദഗതിയില്‍ ഉള്‍പ്പെട്ട ആറ് മതസ്ഥരില്‍ പാഴ്സിയുടെ സ്ഥാനം താല്‍ക്കാലികമാണെന്ന് പാഴ്സിയെ ഇസ്‌ലാമാക്കി പരിണമിപ്പിക്കുന്ന കുടിലതന്ത്രം വ്യക്തമാക്കുന്നുണ്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രഘുനാഥ് സിങ് ആഴ്ചകള്‍ക്കു മുമ്പേ പറഞ്ഞതിങ്ങനെ, മോഡിക്കും അമിത് ഷായ്‌ക്കുമെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന്. ബിജെപിയുടെ എംഎല്‍എമാരും എംപിമാരുമുള്‍പ്പെടെയുള്ള പല നേതാക്കളും പരസ്യ പ്രസ്താവനകളിലൂടെ ജനങ്ങളെയാകെ വെല്ലുവിളിക്കുകയും ഭയചകിതരാക്കാന്‍ യത്നിക്കുകയും ചെയ്യുന്നു. മോഡിയെയും അമിത്ഷായെയും എതിര്‍ത്താല്‍ പച്ചയ്ക്ക കത്തിച്ചുകളയും, വീടും വസ്തുക്കളും ജപ്തി ചെയ്ത് രാജ്യദ്രോഹിയാക്കി ജയിലിലടയ്ക്കും അല്ലെങ്കില്‍ പാകിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കും നാടുകടത്തും എന്നൊക്കെ. ഇന്ത്യാ ചരിത്രത്തില്‍ ഒരിക്കലും കേട്ടുകേള്‍വിയില്ലാത്ത അധമത്വത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും നികൃഷ്ടതയുടെയും വാക്കുകള്‍. തങ്ങള്‍ക്കൊപ്പം നില്‍ക്കാത്തവരെ പുറന്തള്ളാനും ജയിലിലടയ്ക്കുവാനും തന്നെയാണ് ഈ നിയമങ്ങളെന്ന് പ്രഖ്യാപിക്കുന്ന ഇക്കൂട്ടര്‍ നിഷ്‌പക്ഷ മാധ്യമ പ്രവര്‍ത്തകരെ വെല്ലുവിളിച്ചുകൊണ്ട് പറയുന്നു; നീയൊക്കെയില്ലെങ്കിലും ഭൂരിപക്ഷം മാധ്യമങ്ങളും കോടതികളും തങ്ങള്‍ക്കൊപ്പമാണെന്ന്.

ഇത് സമൂഹമാധ്യമങ്ങളില്‍ പടരുന്ന വ്യാജ വാര്‍ത്തകളല്ല. പ്രസംഗിക്കുന്ന വ്യക്തിയുടെ പേരും പദവിയും ഉള്‍ച്ചേര്‍ത്തുകൊണ്ടുള്ള ചലനാത്മക ചിത്രങ്ങളാണ്. ഏഴ് തവണ ബിജെപി എംപിയായിരുന്ന അജയ് കുമാര്‍ ഹെഗ്ഡേ പറയുന്നു; ഗാന്ധിജി എന്നു കേള്‍ക്കുമ്പോള്‍ എന്റെ രക്തം തിളയ്ക്കും. അയാള്‍ ആരുടെ മഹാത്മാവാണ്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരമെന്നത് കപട നാടകമായിരുന്നു. ബ്രിട്ടീഷുകാരും ഗാന്ധിജിയുള്‍പ്പെടുന്നവരും ചേര്‍ന്ന് ധാരണയിലെത്തിയ നാടകം. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടുപോയത് സമരംകൊണ്ടൊന്നുമല്ല. അവര്‍ക്ക് ഇന്ത്യ മടുത്തിട്ടാണ് എന്ന്. ഗോഡ്സെയുടെയും സവര്‍ക്കറുടെയും ശബ്ദം അജയ് ഹെഗ്ഡെയിലൂടെ പ്രതിഫലിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തില്‍ ഒരു പങ്കും വഹിക്കാത്ത, ഒറ്റുകൊടുത്ത കൂട്ടര്‍ക്ക് ഇതല്ലാതെ മറ്റൊന്നും പറയാനാവില്ല. പക്ഷേ വാതോരാതെ ദേശാഭിമാനം ലജ്ജയില്ലാതെ വിളമ്പുകയും ചെയ്യും. അനുരാഗ് ഠാക്കൂറിനെയും പര്‍വേസ് വര്‍മ്മയെയും അജയ്‌കുമാര്‍ ഹെഗ്ഡെയെയും പ്രഗ്യാ‍സിംഗ് ഠാക്കൂറിനെയും പോലുള്ള ബീഭത്സ ജീവികളെ പ്രോത്സാഹിപ്പിക്കുന്ന നരേന്ദ്രമോഡി ഡല്‍ഹി തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു; ഈ പ്രക്ഷോഭങ്ങളുടെ പിന്നിലെല്ലാം രാജ്യദ്രോഹ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന്. പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് എവിടെയും പറഞ്ഞിട്ടേയില്ലെന്ന്.

ജനകീയ പ്രക്ഷോഭം വളര്‍ന്ന് മൂര്‍ച്ഛിച്ച ഒരു ഘട്ടത്തില്‍ മോഡി ഇങ്ങനെ പറഞ്ഞപ്പോള്‍ അമിത് ഷാ പറഞ്ഞത് എന്തുവന്നാലും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ്. ജനങ്ങളെ കബളിപ്പിക്കുവാന്‍ മോഡിയുടെയും അമിത്ഷായുടെയും സാന്നിധ്യത്തില്‍ ലോക്‌സഭയില്‍ ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തുന്നു പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലായെന്ന്. ഡല്‍ഹി തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വീണ്ടും പൗരത്വ രജിസ്റ്ററും നാടുകടത്തലും കാരാഗൃഹത്തിലടയ്ക്കലും രാജ്യദ്രോഹികളെ കണ്ടെത്തലും ആരെതിര്‍ത്താലും തങ്ങള്‍ നടപ്പാക്കുമെന്ന് ആവര്‍ത്തിക്കും. ഇതാണ് ഫാസിസ്റ്റുകളുടെ ഇരട്ടമുഖവും ഇരട്ടനാവും. സംഘപരിവാറിന് പ്രതിരോധ പ്രക്ഷോഭങ്ങളെല്ലാം രാജ്യദ്രോഹികളുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ്. രാഷ്ട്രീയ ഗൂഢാലോചനയെക്കുറിച്ച് പരമയോഗ്യരാണ് വ്യാകുലപ്പെടുന്നത്. ഗാന്ധിവധ ഗൂഢാലോചന നടത്തിയവര്‍, ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ ഗൂഢാലോചന നടത്തിയവര്‍, ഗുജറാത്ത് വംശഹത്യാ പരീക്ഷണ ഗൂഢാലോചന നടത്തിയവര്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതക പരമ്പരകളുടെ ഗൂഢാലോചന നടത്തിയവര്‍, ഭരണഘടനയെ അട്ടിമറിക്കുവാന്‍ ഗൂഢാലോചന നടത്തിയവര്‍,‍ സ്ഫോടന പരമ്പരകള്‍ക്കായി ഗൂഢാലോചന നടത്തിയവര്‍ പറയുന്നത് വിദ്വേഷത്തിന്റെ രാഷ്ട്രീയമല്ല, വികസനത്തിന്റെ രാഷ്ട്രീയമാണ് വേണ്ടതെന്ന്. എത്ര മികച്ച കറുത്ത ഫലിതം. തോക്കുകള്‍ അലറുകയാണ്. ഗാന്ധിജി വീണ്ടും വീണ്ടും കൊല്ലപ്പെടുകയാണ്.