Web Desk

January 24, 2021, 4:27 pm

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം; മഹാരാഷ്ട്രയില്‍ വീണ്ടും ലോങ് മാര്‍ച്ച്

Janayugom Online

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് വീണ്ടും മാര്‍ച്ച്. സംസ്ഥാനത്തെ 21 ജില്ലകളില്‍ നിന്നുളള കര്‍ഷകര്‍ ശനിയാഴ്ച നാസിക്കില്‍ സമ്മേളിക്കുകയും മുംബൈയിലേക്ക് മാര്‍ച്ച് ആരംഭിക്കുകയും ചെയ്തു. ആള്‍ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ട്രാക്ടര്‍ റാലിയ്ക്ക് മുന്നോടിയായിട്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ റാലി. രണ്ടു നഗരങ്ങള്‍ക്കുമിടയിലുളള 180 കിലോമീറ്റര്‍ ദൂരം വാഹനത്തിലും കാല്‍നടയായിട്ടുമാണ് കര്‍ഷകര്‍ സഞ്ചരിക്കുന്നത്. ഞായറാഴ്ച വൈകിട്ടോടെ കര്‍ഷകര്‍ മുംബൈയില്‍ എത്തിച്ചേരും. മുംബൈയിലെത്തുന്ന കര്‍ഷകര്‍ തിങ്കളാഴ്ച ആസാദ് മൈദാനിയില്‍ സമ്മേളിക്കും.

അതേസമയം, റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയുടെ സ‍ഞ്ചാരപാത കര്‍ഷക സംഘടനകള്‍ ഡല്‍ഹി പൊലീസിന് കൈമാറി. സിംഗു, തിക്രി, ഗാസിപുര്‍ ഉള്‍പ്പടെയുള്ള അഞ്ച് അതിര്‍ത്തികളിലൂടെ ട്രാക്ടറുകള്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കും. നൂറ് കിലോമീറ്ററില്‍ അധികം നീളത്തില്‍ ഡല്‍ഹിയെ ചുറ്റി ട്രാക്ടറുകള്‍ അണിനിരക്കും. 24 മുതല്‍ 72 മണിക്കൂര്‍ വരെയായിരിക്കും ട്രാക്ടര്‍ റാലിയുടെ ദൈര്‍ഘ്യമെന്നാണ് വിവരം. വൈകിട്ട് നാല് മുപ്പതിന് ഡല്‍ഹി പൊലീസ് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ട്രാക്ടര്‍ റാലിക്കായി നല്‍കിയിരിക്കുന്ന റൂട്ട്മാപ്പിന് അനുമതി നല്‍കുമോയെന്ന് വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് അറിയിച്ചേക്കും.

ENGLISH SUMMARY: again long march in maharashtra

YOU MAY ALSO LIKE THIS VIDEO