കന്യാസ്ത്രീകളെ അപമാനിക്കാനുള്ള സഭാ നടപടിക്കെതിരെ രണ്ടാം ഘട്ട സമരം

Web Desk
Posted on October 07, 2018, 7:29 pm

കൊച്ചി: കന്യാസ്ത്രികളെ  വീണ്ടും അപമാനിക്കുവാനുള്ള സഭാ  നടപടിക്കെതിരെ രണ്ടാം ഘട്ട സമരത്തിനൊരുങ്ങി സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍. പീഡനത്തിനിരയായ കന്യാസ്ത്രിക്കെതിരെയും ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റിനുവേണ്ടി സമരം നടത്തിയ മറ്റ് കന്യാസ്ത്രികള്‍ക്കെതിരെയും വിശ്വാസി സികളെ തെറ്റിദ്ധരിപ്പിച്ച്  തിരിച്ചുവിടാനുള്ള നീക്കം നടക്കുന്നതിനെതിരെ ആക്ഷൻ കൗൺസിൽ ശക്തമായി പ്രതിഷേധിച്ചു. ഇത്തരം സാഹചര്യത്തിലാണ്  രണ്ടാംഘട്ടമെന്ന നിലയില്‍ കന്യാസ്ത്രികളെ തന്നെ മുന്‍നിര്‍ത്തി പ്രക്ഷോഭം ആരംഭിക്കുന്നതെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികൾ  വ്യക്തമാക്കി. എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ സംഘടിപ്പിച്ച സ്ത്രീ സംഗമവേദിയിലാണ് രണ്ടാംഘട്ട സമരം പ്രഖ്യാപിച്ചത്. മാധ്യമങ്ങളിലൂടെയും പൊതുവേദികളിലും കന്യാസ്ത്രികളെ നിരന്തരം അപമാനിക്കുന്ന പിസി ജോര്‍ജിനെ ഉപരോധിക്കുവാനും ആക്ഷൻ കൗൺസിൽ  തീരുമാനിച്ചിട്ടുണ്ട്. ഇതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ജനജാഗ്രത സദസുകളും പ്രതിഷേധധര്‍ണകളും സംഘടിപ്പിക്കും.

ബിഷപ്പിനെ മഹത്വവത്കരിച്ച് കേസ് അട്ടിമറിക്കുവാന്‍ സഭാനേതൃത്വം ഇടപെടുകയാണെങ്കില്‍ വീണ്ടും കന്യാസ്ത്രികളെ തെരുവിലിറക്കി സമരം ചെയ്യുമെന്നും ഭാരവാഹികൾ അറിയിച്ചു. ക്രിസ്തീയ സഭകളേയും ക്ഷേത്രങ്ങളേയും മുസ്ലീം പള്ളികളേയും നയിക്കുന്നത് സവര്‍ണ്ണ വരേണ്യ ബോധമാണെന്ന് ആക്ഷൻ കൗൺസിൽ സംഘടിപ്പിച്ച വനിതാ സംഗമം ഉദ്‌ഘാടനം ചെയ്ത  പ്രമുഖ എഴുത്ത്കാരി പ്രൊഫ. സാറാ ജോസഫ് പറഞ്ഞു. സവര്‍ണ്ണ വരേണ്യബോധം ആത്യന്തികമായി സ്ത്രീവിരുദ്ധവും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് എതിരേയുമാണ്. സ്ത്രീകളുടെ സംഘടിത ശക്തിക്ക് മാത്രമെ ഈ ബോധത്തെ മറികടക്കാന്‍ കഴിയൂകയുള്ളുവെന്നും സാറാ ജോസഫ് അഭിപ്രയപ്പെട്ടു.

കേരളത്തിലെ സ്ത്രീകള്‍ നീതിക്ക് വേണ്ടി നടത്തുന്ന സമരങ്ങള്‍ അന്തിമ ഘട്ടത്തില്‍ അട്ടിമറിക്കപ്പെടുന്നതാണ് സമീപകാല ചരിത്രമെന്ന് വനിതാ  മുഖ്യ പ്രഭാഷണം നടത്തിയ കെ അജിത അഭിപ്രായപ്പെട്ടു. ജനപ്രതിനിധികളും രാഷട്രീയ സഭാ നേതൃത്വങ്ങളും ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിക്കുന്നത് കേസന്വേഷണത്തെ അട്ടിമറിക്കാനാണെന്ന് വനിതാ സംഗമം വിലയിരുത്തി. പിസി ജോര്‍ജ്ജ് പോലുള്ള നിയമസഭാംഗങ്ങള്‍ പരസ്യമായി സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് അവസാനിപ്പിക്കാന്‍ സ്പീക്കറും സര്‍ക്കാരും ഇടപെടണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. പിസി ജോര്‍ജ്ജിനെതിരായി കുറ്റപത്രം തയ്യാറാക്കി സംസ്ഥാന വ്യാപകമായി ഒപ്പ് ശേഖരണം നടത്തി നിയമസഭാ സ്പീക്കര്‍ക്ക് സമര്‍പ്പിക്കുവാനും യോഗം തീരുമാനിച്ചു. ആക്ഷൻ കൗൺസിൽ  കണ്‍വീനര്‍ ഫാ അഗസ്റ്റിന്‍ വട്ടോളി, കെകെ രമ,  പ്രൊഫ. പി ഗീത, കെവി ഭദ്രകുമാരി, പ്രൊഫ. കുസുമം ജോസഫ്, സിസ്റ്റര്‍ ടീന തുടങ്ങിയവര്‍ സംസാരിച്ചു.