Tuesday
19 Feb 2019

വിലക്കയറ്റമില്ലാത്ത ഒരു ഓണക്കാലം കൂടി

By: Web Desk | Wednesday 25 July 2018 11:07 PM IST

അഡ്വ. വി എസ് സുനില്‍കുമാര്‍ കൃഷി മന്ത്രി

മലയാളികള്‍ വീണ്ടുമൊരു ഓണക്കാലത്തെ വരവേല്‍ക്കാനുളള തയാറെടുപ്പിലാണ്. കേരളത്തിന്റെ കാര്‍ഷികോത്സവമായ ഓണത്തിന് സ്വന്തം വീട്ടുവളപ്പുകളിലും മട്ടുപ്പാവുകളിലും വളര്‍ത്തിയെടുത്ത പച്ചക്കറികള്‍ കൊണ്ട് വിഭവസമൃദ്ധമായ സദ്യയൊരുക്കുന്നതിനുളള ഒരുക്കങ്ങളും തകൃതിയായി നടന്നുവരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഓണക്കാലത്ത് പ്രത്യേകമായി സംസ്ഥാന കൃഷിവകുപ്പ് ഓണം വിപണിയില്‍ നേരിട്ട് ഇടപെടുകയും അതുവഴി വിലക്കയറ്റം ഗണ്യമായി പിടിച്ചു നിര്‍ത്തുകയും ചെയ്തുവരികയാണ്.

കഴിഞ്ഞ ഓണക്കാലത്ത് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി എന്ന പേരില്‍ സംസ്ഥാനമൊട്ടാകെ പഴം-പച്ചക്കറി വിപണന ശൃംഖലകള്‍ ആരംഭിക്കുകയുണ്ടായി. കാര്‍ഷികോത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വില നല്‍കി കര്‍ഷകരില്‍നിന്നും സംഭരിക്കുന്നതിനും ന്യായമായ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനും കൃഷിവകുപ്പിന്റെ വിപണി ഇടപെടലുകള്‍ക്ക് സാധ്യമായി. ഓണസമൃദ്ധി വിപണികളില്‍ കര്‍ഷകരില്‍ നിന്നും സംഭരിച്ച നാടന്‍ ഇനങ്ങള്‍ക്ക് 10 ശതമാനവും, ജിഎപി (നല്ലകൃഷി സമ്പ്രദായങ്ങള്‍) സര്‍ട്ടിഫൈഡ് പച്ചക്കറി ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവും പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ അധികവില നല്‍കിയാണ് സംഭരിച്ചത്. ഉപഭോക്താക്കള്‍ക്ക് നാടന്‍ ഇനങ്ങള്‍ക്ക്, വിപണി വിലയുടെ 30 ശതമാനം വിലകിഴിവിലും, ജിഎപി ഉത്പന്നങ്ങള്‍ക്ക് 10 ശതമാനം വിലകിഴിവും നല്‍കിക്കൊണ്ട് ഓണം-ബക്രീദ് ആഘോഷവേളകളില്‍ പൊതു വിപണിവില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിച്ചു.

കാര്‍ഷിക മേഖലയില്‍ സാമ്പത്തികഭദ്രത ഉറപ്പാക്കുന്നത് എപ്പോഴും വരുമാനദായകവും സുസ്ഥിരവുമായ വിപണികളിലൂടെയാണ്. എന്നാല്‍ ഈ വരുമാനത്തിന്റെ സിംഹഭാഗവും ഇടനിലക്കാരാണ് കൈക്കലാക്കുന്നത്. കര്‍ഷകരില്‍ നിന്ന് തുച്ഛമായ വിലയ്ക്ക് ഉത്പന്നങ്ങള്‍ കൈക്കലാക്കി യഥേഷ്ടം വില വര്‍ദ്ധിപ്പിച്ച് വിപണനം നടത്തുന്ന ഒരു സമ്പ്രദായമാണ് കാലങ്ങളായി നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നത്. വിലയിലെ ഈ അന്തരം പരമാവധി കുറച്ച് ചെറുകിട കര്‍ഷകര്‍ക്ക് പരമാവധി വിലയും എന്നാല്‍ ഉപഭോക്താവിന് ന്യായമായവിലയ്ക്ക് സുരക്ഷിത പച്ചക്കറികള്‍ ലഭ്യമാക്കുകയുമാണ് കൃഷിവകുപ്പിന്റെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ വിപണി ഇടപെടലിലൂടെ ചെയ്തുവരുന്നത്. ഈ വര്‍ഷവും ഓണം-ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇത് തുടരുകയാണ്.

ഈ ഓണക്കാലത്ത് 2000 ഓണം – ബക്രീദ് വിപണികളാണ് സംസ്ഥാനത്തുടനീളം കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ എന്നിവയുടെ സംയുക്തസഹകരണത്താല്‍ സജ്ജമാക്കുന്നത്. ആഗസ്ത് 20 മുതല്‍ 24 വരെയുളള കാലയളവിലാണ് ഓണം-ബക്രീദ് ചന്തകള്‍ സംഘടിപ്പിക്കുന്നത്. കൃഷിവകുപ്പിന്റെ കീഴിലുളള ആഴ്ച ചന്തകള്‍, ഇക്കോഷോപ്പുകള്‍, എ-ഗ്രേഡ് ക്ലസ്റ്ററുകള്‍, ബ്ലോക്ക്‌ലെവല്‍ ഫെഡറേറ്റഡ് ക്ലസ്റ്ററുകള്‍ എന്നിവയ്ക്കു പുറമേ വിഎഫ്പിസികെ, ഹോര്‍ട്ടികോര്‍പ്പ്, കുടുംബശ്രീ വിപണികള്‍ വഴിയും നാടന്‍ പഴം-പച്ചക്കറികള്‍ ജനങ്ങളിലെത്തും. കൃഷിഭവനുകള്‍ നേരിട്ട് സംഘടിപ്പിക്കുന്ന 1100 വിപണികള്‍, ഹോര്‍ട്ടികോര്‍പ്പിന്റെ 720 വിപണികള്‍, വിഎഫ്പിസികെയുടെ 200 വിപണികള്‍ എന്നിവ ഇതില്‍പ്പെടുന്നു. ഇതിനു പുറമേ ജില്ല അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളിലും മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ പ്രദേശങ്ങളില്‍ ഓരോ മെഗാസ്റ്റാളുകള്‍ വീതവും തുറക്കുന്നതായിരിക്കും.

വളരെ വ്യക്തമായ പ്ലാനാണ് കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിപണികളുടെ നടത്തിപ്പിനായി സ്വീകരിച്ചിട്ടുളളത്. കഴിഞ്ഞവര്‍ഷം മുതല്‍ വിവിധതരം പഴം-പച്ചക്കറികളുടെ ഉത്പാദനം സംബന്ധിച്ച് പ്രത്യേക ഉത്പാദന കലണ്ടര്‍ തന്നെ കൃഷിവകുപ്പ് പുറത്തിറക്കുകയുണ്ടായി. എല്ലാ മാസവും ഇത് ചെയ്തുവരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമുളള പഴം-പച്ചക്കറികള്‍ മാത്രം ഉത്പാദിപ്പിക്കുന്നതില്‍ കര്‍ഷകര്‍ക്ക് നിര്‍ദ്ദേശവും നല്‍കിവരുന്നു. ഉത്തമകൃഷിമുറകള്‍ പാലിച്ചുകൊണ്ട് സെയ്ഫ് ടു ഈറ്റ് ഉത്പന്നങ്ങള്‍ ഉണ്ടാക്കുവാനാണ് കര്‍ഷകര്‍ക്കും, ക്ലസ്റ്ററുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത്തരം ഉത്പന്നങ്ങള്‍ നിലവില്‍ കേരളാ ഓര്‍ഗാനിക് എന്ന ബ്രാന്‍ഡില്‍ ജിഎപി സര്‍ട്ടിഫൈഡ് ഉത്പന്നങ്ങളായി കൃഷിവകുപ്പിന്റെ ഇക്കോഷോപ്പുകള്‍ മുഖാന്തിരം വിറ്റുവരുന്നു. ഇത്തരത്തില്‍ 250 ഇക്കോഷോപ്പുകള്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്നുണ്ട്.

കഴിഞ്ഞ തവണത്തെപ്പോലെ ഇക്കുറിയും ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതി നമ്മള്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറി 20 ലക്ഷം മെട്രിക് ടണ്‍ ആണെന്നിരിക്കെ നമ്മുടെ ഉത്പാദനം 10.8 ലക്ഷം മെട്രിക് ടണ്‍ ആണ്. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് 6 ലക്ഷം മെട്രിക് ടണില്‍ നിന്നും ഉത്പാദനം 10.8 ലക്ഷം മെട്രിക് ടണ്ണാക്കുവാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. ഉത്സവസമയത്താണ് നമുക്ക് ഏറ്റവും കുടുതല്‍ പച്ചക്കറികള്‍ ആവശ്യമായിവരുന്നത്. ഉത്പന്നങ്ങള്‍ക്ക് വിലകുത്തനെ കൂടുന്നതും ഈ സമയത്തുതന്നെ. ജനങ്ങളുടെ ആവശ്യകത നിറവേറ്റി ശുദ്ധമായ പഴം-പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനും വിലനിയന്ത്രണം കൊണ്ടുവരുന്നതിനുമാണ് ഇത്തരം പ്രത്യേക വിപണികള്‍ കൃഷിവകുപ്പ് സംഘടിപ്പിക്കുന്നത്. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തന്നെ ഇതിന്റെ സജ്ജീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഓണം ബക്രീദ് സമയത്ത് ആവശ്യമായ പച്ചക്കറികള്‍ പരമാവധി സ്വന്തമായി ഉത്പാദിപ്പിക്കുക എന്നതുതന്നെയായിരുന്നു പ്രധാന അജണ്ട. ഇതിനായി പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി വിത്ത് പായ്ക്കറ്റുകളും രണ്ടുകോടി പച്ചക്കറിതൈകളുമാണ് സംസ്ഥാനമൊട്ടാകെ വിതരണം ചെയ്തത്. ഇതില്‍ 42 ലക്ഷം വിത്ത് പായ്ക്കറ്റുകളും വിദ്യാര്‍ത്ഥികള്‍ക്കാണ് നല്‍കിയത്. ഇതുകൂടാതെ മാധ്യമസ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, കര്‍ഷകസംഘങ്ങള്‍ എന്നിവര്‍ വഴിയും ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ജനങ്ങളിലെത്തിച്ചിരുന്നു. എന്നാല്‍ അവിചാരിതമായി ഉണ്ടായ മഴക്കെടുതി വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഉത്പാദനം നല്ല രീതിയില്‍ സാധ്യമാക്കിയെടുക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ആശാവഹമാണ്. മറ്റു പ്രദേശങ്ങളിലുള്ള അധിക ഉത്പന്നങ്ങള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ച് ആവശ്യമുള്ള ജില്ലകളിലേക്ക് എത്തിക്കുന്നതാണ്. ഓണവിപണിക്ക് പ്രധാനമായും ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറികളാണ് ഇത്തരത്തില്‍ എത്തിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുള്ളത്. കാബേജ്, കോളിഫ്‌ളവര്‍, കാരറ്റ്, ഉരുളക്കിഴങ്ങ്, എന്നിവ വട്ടവട-കാന്തല്ലൂര്‍ ഭാഗത്തുനിന്നും സംഭരിച്ച് ജില്ലാകേന്ദ്രങ്ങളില്‍ എത്തിക്കും. സംസ്ഥാനത്ത് ഉത്പാദിപ്പിക്കാത്ത പച്ചക്കറികള്‍ മാത്രം ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകരില്‍നിന്നും ഗുണനിലവാരം ഉറപ്പാക്കി, ശേഖരിച്ച് വിപണികളിലെത്തിക്കുവാന്‍ ഹോര്‍ട്ടികോര്‍പ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഉത്സവസീസണില്‍ മാര്‍ക്കറ്റ് വില എല്ലാ വിപണികളിലും എത്തിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുവാനും വകുപ്പ് തീരുമാനമെടുത്തിട്ടുണ്ട്. പുറമേ നിന്നും വരുന്ന പച്ചക്കറികളുടെ നിയന്ത്രണം, മാര്‍ക്കറ്റ് ഇന്റലിജന്‍സ് സംവിധാനം എന്നിവയുടെ ചുമതല വിഎഫ്പിസികെയ്ക്കാണ്. ഉല്‍പ്പന്നങ്ങളുടെ വിപണനവില നിശ്ചയിക്കുന്നത് ജില്ലാതലത്തില്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ഹോര്‍ട്ടികോര്‍പ്പ്. വിഎഫ്പിസികെ, കര്‍ഷക പ്രതിനിധികള്‍ എന്നിവരടങ്ങുന്ന ജില്ലാതല കമ്മിറ്റിയായിരിക്കും.

കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പഴം-പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് പൊതു വിപണികളില്‍ നിന്നും ലഭ്യമാകുന്ന സംഭരണവിലയേക്കാള്‍ 10 ശതമാനം വില കൂടുതല്‍ നല്‍കിയാണ് സംഭരിക്കുന്നത്. ഓണം-ബക്രീദ് വിപണികളിലൂടെ വില്‍പന നടത്തുമ്പോള്‍ പൊതുവിപണി വില്‍പന വിലയില്‍ നിന്നും 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. നല്ലകൃഷിമുറ സമ്പ്രദായങ്ങളിലൂടെ ഉത്പാദിപ്പിക്കപ്പെട്ട ജിഎപി സര്‍ട്ടിഫൈഡ് പച്ചക്കറി ഉത്പന്നങ്ങള്‍ സംഭരിക്കുമ്പോള്‍ പൊതുവിപണികളില്‍ നിന്നും കര്‍ഷകര്‍ക്ക് ലഭ്യമാകുന്ന വിലയെക്കാള്‍ 20 ശതമാനം അധിക വില നല്‍കി കര്‍ഷകരില്‍നിന്ന് സംഭരിച്ച് വിപണി വിലയെക്കാള്‍ 10 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുകയും ചെയ്യും. ഇത്തരത്തില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കിയും ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് പഴം-പച്ചക്കറികള്‍ ഉറപ്പാക്കുന്നതിന് കൃഷവകുപ്പിന്റെ വിപണി ഇടപെടല്‍ വഴിയൊരുക്കും.

കൃഷിവകുപ്പിന്റെ നേതൃത്വത്തിലുളള വിപണി ഇടപെടലുകള്‍ ശക്തമാക്കുന്നതിനും ഗുണനിലവാരവും അതേസമയം കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ന്യായവില ഉറപ്പുവരുത്തിക്കൊണ്ടുളള വിപണികള്‍ ഒരു സ്ഥിരം സംവിധാനമാക്കുന്നതിനുമുളള തയ്യാറെടുപ്പിലാണ് കൃഷിവകുപ്പ്. പല സ്ഥലങ്ങളിലും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. കര്‍ഷകരെയും യുവാക്കളെയും ഇതില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കൂടുതല്‍ ജനപങ്കാളിത്തത്തോടെയുളള ഇത്തരം സംരംഭങ്ങള്‍ നാടിന്റെ ഭക്ഷ്യസുരക്ഷിതത്വത്തിന് മുതല്‍ക്കൂട്ടാകുമെന്ന് നിസംശയം പറയാനാകും.