വീണ്ടും ഛേത്രി: ഇന്ത്യക്ക് കിരീടം

Web Desk
Posted on June 10, 2018, 10:51 pm
ഗോള്‍നേടിയ ഛേത്രിയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

മുംബൈ: തുടര്‍ച്ചയായ നാലാം മത്സരത്തിലും ഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി പടനയിച്ചപ്പോള്‍ ഇന്റര്‍കോണ്ടിനന്റല്‍ കപ്പില്‍ ഇന്ത്യ മുത്തമിട്ടു. ആഫ്രിക്കന്‍ കരുത്തുമായെത്തിയ കെനിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് മുട്ടുകുത്തിച്ചത്.
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ കെനിയയെ തകര്‍ത്തത്. ഏഴ്, 28 മിനുട്ടുകളിലാണ് ഇന്ത്യ ഗോള്‍ നേടിയത്.

ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ഗ്യാലറി നിറഞ്ഞു കവിഞ്ഞതോടെ മത്സരം തുടക്കം മുതല്‍ ആവേശത്തിലായി. അവസാന ലീഗ് മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരേ പുറത്തിരുത്തിയ സീനിയര്‍ താരങ്ങളെയെല്ലാം ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്ററ്റൈന്‍ ആദ്യ ഇലവനില്‍ തന്നെ ഇറക്കി.

കളി തുടങ്ങി എട്ടാംമിനിറ്റില്‍ ഇന്ത്യ വലകുലുക്കി. സുനില്‍ ഛേത്രിയെ ഫൗള്‍ ചെയ്തതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍. 28 ാം മിനുട്ടില്‍ ഗ്രൗണ്ടിന്റെ മധ്യത്തില്‍ നിന്ന് ലഭിച്ച പന്ത് വലയിലെത്തിച്ച് ഛേത്രി തന്നെ ലീഡ് നില ഉയര്‍ത്തി. രണ്ടാം പകുതിയില്‍ പുതിയ ഊര്‍ജത്തില്‍ കളിക്കുന്ന കെനിയയെയാണ് കണ്ടത്. അടിക്കടിയുള്ള മുന്നേറ്റങ്ങള്‍ പലതും ഗുര്‍പ്രീത് സിംഗും അനസും സന്ദേശ് ജിംഗാനും ചേര്‍ന്ന് സമര്‍ഥമായി തടഞ്ഞു.

ഏഴുപത്തിയേഴാം മിനിറ്റില്‍ കെനിയന്‍ സ്‌ട്രൈക്കര്‍ ഒച്ചിയാംഗിന്റെ തകര്‍പ്പന്‍ ഫ്രീകിക്ക് ഗുര്‍പ്രീത് പറന്നു തട്ടിയകറ്റി. ഫൈനലില്‍ ഇരട്ട ഗോള്‍ നേടിയതോടെ ടൂര്‍ണമെന്റില്‍ എട്ട് ഗോളുകള്‍ ഛേത്രിയുടെ പേരിലായി. ഈ ടൂര്‍ണമെന്റില്‍ 20 ഗോളുകളാണ് ആകെ പിറന്നത്.