ശാരീരിക‑മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെയും മനുഷ്യാവകാശ ലംഘനമോ?

Web Desk
Posted on September 26, 2018, 9:24 am

ഡോ. സന്ധ്യ വിപിന്‍ചന്ദ്രന്‍

ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ ജന്മനാലോ ജീവിതത്തില്‍ നേരിടേണ്ടി വരുന്ന ദുരന്തസംഭവങ്ങളിലൂടെയോ സംഭവിച്ചുപോകുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അവശത നേരിടുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന്റെയും അതുള്‍പ്പെടുന്ന സമൂഹത്തിന്റേതുമാണ്. ശാരീരിക‑മാനസിക വൈകല്യങ്ങള്‍ അനുഭവിക്കുന്ന സമൂഹത്തിലെ ദുര്‍ബല വിഭാഗത്തില്‍പ്പെടുന്നവര്‍ക്കുകൂടി ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തികമായ പിന്തുണ, തൊഴില്‍ എന്നിവ നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കേണ്ടത് ഒരു പൗരന്റെ ജീവിക്കാനുള്ള അവകാശത്തോടുള്ള നീതിപുലര്‍ത്തലാണ്. ഇന്ത്യയില്‍ മാനസിക വികസന സൂചികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ മാത്രം പന്ത്രണ്ട് ലക്ഷത്തോളം ശാരീരിക മാനസിക വളര്‍ച്ചയെത്താത്ത കുട്ടികളുണ്ട്. ഇത്തരം കുട്ടികള്‍ അനുഭവിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, താഴ്ന്ന വിദ്യാഭ്യാസ നേട്ടങ്ങള്‍, കുറഞ്ഞ സാമ്പത്തിക പങ്കാളിത്തം, ദാരിദ്ര്യത്തിന്റെ ഉയര്‍ന്ന നിരക്ക്, തൊഴിലില്ലായ്മ എന്നിവയൊക്കെ വൈകല്യമില്ലാത്ത കുട്ടികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ഉയര്‍ന്നതാണ്. 2011ലെ സെന്‍സസ് പ്രകാരം ഇന്ത്യന്‍ ജനസംഖ്യയുടെ 2.21 ശതമാനം ഏതെങ്കിലും തരത്തിലുള്ള ശാരീരിക മാനസിക പരിമിതികള്‍ നേരിടുന്നവരാണ്. 0–6 വയസുവരെയുള്ള കുട്ടികളിലാകട്ടെ 3.44 ശതമാനത്തോളം വിവിധ തരത്തിലുള്ള പരിമിതികള്‍ അനുഭവിക്കുന്നവരാണ്. ഇവരുടെ സുസ്ഥിരമായ വികസന ലക്ഷ്യങ്ങള്‍ നേടിയെടുക്കേണ്ടതിന്റെ ആവശ്യകത സെപ്തംബര്‍ 25ന് ഐക്യരാഷ്ട്രസഭയുടെ 193-ാം വകുപ്പനുസരിച്ച് ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടതാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രധാനമായി സൂചിപ്പിക്കുന്നത് ശാരീരിക മാനസിക വൈകല്യമുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തില്‍ ലിംഗവ്യത്യാസങ്ങള്‍ ഇല്ലാതാക്കി വൈകല്യമനുസിച്ചുള്ള വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുകയും പരിഷ്‌കരിക്കുകയും ചെയ്യുക എന്നുള്ളതാണ്.

സൗജന്യ വിദ്യാഭ്യാസം നേടാന്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും അവകാശമുണ്ടെന്നിരിക്കെ, പലപ്പോഴും സന്നദ്ധപ്രവര്‍ത്തകരുടെയും, മതപരമായ സ്ഥാപനങ്ങളുടെയും കാരുണ്യത്തിലോ അല്ലെങ്കില്‍ പണം നല്‍കിയോ പഠിക്കേണ്ട സാഹചര്യമാണ് ഈ കുട്ടികള്‍ക്കുള്ളത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി 314 സ്‌പെഷല്‍ സ്‌കൂളുകളാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ തിരുവനന്തപുരം പാങ്ങപാറയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദി മെന്റലി ചലഞ്ച്ഡ് എന്ന ഏക സ്ഥാപനമാണ് സര്‍ക്കാര്‍ വിദ്യാലയമായി പ്രവര്‍ത്തിക്കുന്നത്. അതേസമയം മുപ്പതിനായിരത്തോളം കുട്ടികളാണ് സര്‍ക്കാരിന്റെ സഹായം ലഭ്യമാവാതെ വിവിധ സ്‌പെഷല്‍ സ്‌കൂളുകളിലായി പഠിക്കുന്നത്. ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും ചിലവഴിക്കാനുള്ള മതിയായ സാമ്പത്തിക സ്രോതസില്ലാത്തതിനാല്‍ പല സ്‌കൂളുകളും ഇന്ന് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ്. ബുദ്ധിമാന്ദ്യം, ശാരീരിക വൈകല്യം, മസ്തിഷ്‌ക തളര്‍വാതം, ഓട്ടിസം, കാഴ്ച്ചശക്തിയില്ലായ്മ, കേള്‍വിക്കുറവ്, ബഹുവൈകല്യങ്ങള്‍ എന്നിങ്ങനെയുള്ള ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ പഠിക്കുന്ന സ്ഥാപനങ്ങളാണ് സ്‌പെഷല്‍ സ്‌കൂള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നത്. എപ്പോള്‍ എങ്ങനെ സാഹചര്യത്തിനനുസരിച്ച് പെരുമാറണമെന്ന് കൃത്യതയില്ലാത്ത, ദൈനം ദിന ജീവിതത്തിലെ പ്രാഥമിക കാര്യങ്ങള്‍പോലും നിര്‍വ്വഹിക്കാന്‍ കഴിയാത്ത ശാരീരിക മാനസിക വൈകല്യങ്ങള്‍ നേരിടുന്ന കുട്ടികള്‍ക്ക് വൈകല്യത്തിന്റെ തരം, വിഭാഗം, വൈകല്യത്തിന്റെ പരിധി എന്നിവ തിരിച്ചറിഞ്ഞ് അവരുടെ താല്‍പര്യങ്ങളെ പരിപോഷിപ്പിച്ചുകൊണ്ട് ഇന്നത്തെ സമൂഹത്തില്‍ മറ്റുള്ള സാധാരണ കുട്ടികള്‍ക്കൊപ്പം ജീവിക്കാനുള്ള ഒരവസ്ഥ പര്യാപ്തമാക്കുന്നത് സ്‌പെഷല്‍ സ്‌കൂളുകളാണ്. എന്നാല്‍ ഇത്തരത്തിലുള്ള കുട്ടികള്‍ക്കും അവരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്കും നേരിടേണ്ടിവന്ന കടുത്ത അവഗണനയാണ് സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നിഷേധിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന എല്ലാ വിദ്യാഭ്യാസ യോഗ്യതകളും നേടിക്കൊണ്ടാണ് സ്‌പെഷല്‍ സ്‌കൂള്‍ അധ്യാപകരാവുന്നത്. എന്നാല്‍ ഇവര്‍ക്കുള്ള മാസവരുമാനം അയ്യായിരത്തില്‍ താഴെയാണ്. സാമാന്യബുദ്ധിയോടെ ജനിക്കുന്ന ഒരു കുട്ടിയെ നല്ലരീതിയില്‍ പഠിപ്പിച്ചെടുക്കുക എന്നതുതന്നെ സാധാരണ സ്‌കൂളിലെ അധ്യാപകരെ സംബന്ധിച്ചിടത്തോളം വളരെ ശ്രമകരമായ ജോലിതന്നെയാണെന്നിരിക്കെ അതിനേക്കാളൊക്കെ ഇരട്ടി അധ്വാനമാണ് സ്‌പെഷല്‍ സ്‌കൂളുകള്‍ നിര്‍വ്വഹിക്കുന്നത്. ശാരീരികവും മാനസികവുമായ വളര്‍ച്ചയെത്താത്ത കുട്ടികളെ പഠിപ്പിക്കുകയും പരിപാലിക്കുകയും സംരക്ഷിക്കുകയും ഓരോ കുട്ടിയുടെയും കഴിവിനനുസരിച്ച് സ്വയം തൊഴില്‍ പരിശീലനം നല്‍കി അവരെ മറ്റ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ആജീവനാന്തം പരിശ്രമിക്കുകയും ചെയ്യുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍പോലുള്ള സ്ഥാപനങ്ങളെയും അധ്യാപകരെയും ജീവനക്കാരെയും അവരുടെ രക്ഷിതാക്കളെയും കണ്ടില്ലെന്ന് നടിക്കരുത്. വിദ്യാഭ്യാസച്ചെലവും ജീവിത നിലവാരവും അനുദിനം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ യാതൊരു ലാഭേച്ഛയും കൂടാതെ ഇത്തരത്തില്‍ വൈകല്യമുള്ള കുട്ടികളുടെ ക്ഷേമത്തിനായ് പ്രവര്‍ത്തിക്കുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കി മറ്റുള്ള വിദ്യാലയങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയുന്ന രീതിയിലുള്ള സാമ്പത്തിക അവസ്ഥ പര്യാപ്തമാക്കിക്കൊണ്ട് സമൂഹത്തിലെ സാധാരണ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും ജീവനക്കാരെയും പോലെ ജീവിക്കാനുതകുന്ന രീതിയിലുള്ള സാമൂഹിക‑സാമ്പത്തിക, വിദ്യാഭ്യാസ സമത്വം കൊണ്ടുവരേണ്ടത് വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്ന കേരളം പോലെയുള്ള സംസ്ഥാനത്തിന് അനിവാര്യമാണ്.

സാധാരണ വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുന്ന മുഴുവന്‍ ആനുകൂല്യങ്ങളും, ആയുര്‍ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ജീവിതകാലം മുഴുവന്‍ അടിസ്ഥാന ജീവിത സൗകര്യങ്ങളെങ്കിലും നിറവേറ്റാന്‍ ഉപകാരപ്രദമാകുന്ന രീതിയില്‍ സൗജന്യവിദ്യാഭ്യാസവും, സൗജന്യചികിത്സാ സഹായവും, 18 വയസ് കഴിഞ്ഞവര്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവും, പുനരധിവാസവും ഉറപ്പാക്കിക്കൊണ്ട് മറ്റുള്ള സാധാരണ വിദ്യാര്‍ത്ഥികളെക്കാളും പ്രോത്സാഹനവും നല്‍കിക്കൊണ്ട് സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യാസ കാര്യങ്ങളില്‍ തുല്യനീതി ഉറപ്പാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തുന്ന വികസന കാഴ്ചപ്പാടില്‍ സുസ്ഥിരവികസനത്തിനുള്ള ശരിയായ പാതയായി മുന്നേറണമെങ്കില്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമകാര്യങ്ങളില്‍ കൂടി ഭരണകൂടം ശ്രദ്ധപതിപ്പിക്കേണ്ടതായിട്ടുണ്ട്. ഗാര്‍ഹികസര്‍വ്വെ, വില്ലേജ് വിദ്യാഭ്യാസ രജിസ്റ്റര്‍, എന്നിവ വഴി വൈകല്യമുള്ള കുട്ടികളെ തിരിച്ചറിഞ്ഞുകൊണ്ട്, കുട്ടികളുടെ വൈകല്യത്തിന്റെ സ്വഭാവവും കാഠിന്യവും വിലയിരുത്താന്‍ എല്ലാ മേഖലകളിലും മെഡിക്കല്‍ ക്യാമ്പ് നടത്തുകയും വൈകല്യമുള്ള ദരിദ്രരായ കുട്ടികള്‍ക്ക് ആവശ്യമായ സഹായ ഉപകരണങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുക എന്നതും അവരുടെ ജീവിതത്തിന് സഹായകരമാണ്. സ്വാമി വിവേകാനന്ദന്‍ അഭിപ്രായപ്പെട്ടതുപോലെ ‘പ്രത്യേക കുട്ടികള്‍ക്ക് വിദ്യാഭ്യാസരംഗത്തേക്ക് നീങ്ങാനാകുന്നില്ലെങ്കില്‍, വിദ്യാഭ്യാസം അവരെയും കൂടി ഉള്‍പ്പെടുത്താന്‍ പറ്റുന്ന രീതിയില്‍ മുന്നോട്ട് പോകണം’ എന്ന ആപ്തവാക്യം ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ്.

ലേഖിക കണ്ണൂര്‍ ഗവണ്‍മെന്റ് വനിതാ കോളജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപികയാണ്