Web Desk

January 21, 2021, 12:10 pm

പ്രമേയം പ്രതിപക്ഷ നേതാവിനെതിരെയുള്ള അന്വേഷണത്തിന് അനുമതി നല്‍കിയതിലെ വിദ്വേഷംകൊണ്ടെന്ന് എസ് ശര്‍മ്മ

നിയമസഭയിൽ ലീഗ് പ്രമേയത്തിന്‌ ബിജെപി പിന്തുണ
Janayugom Online

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കമായി മുസ്‌ലിം ലീഗും കോണ്‍ഗ്രസും നടത്തുന്ന രാഷ്ട്രീയ കരനീക്കങ്ങള്‍ക്ക് നിയമസഭില്‍ ബിജെപി അംഗത്തിന്റെ പിന്തുണയും. സ്‌പീക്കർ ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന മുസ്‌ലിം ലീഗിലെ എം ഉമ്മര്‍ അവതരിപ്പിച്ച പ്രമേയത്തിനാണ് ബിജെപി അംഗം ഒ രാജഗോപാൽ പിന്തുണച്ചത്.

സ്പീക്കർക്കെതിരായ പ്രമേയം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് ഭരണപക്ഷം അംഗങ്ങള്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് രാജഗോപാല്‍ എഴുന്നേറ്റ് പ്രമേയത്തിന് അവതരണാനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടത്. സാങ്കേതിക വാദങ്ങൾ ഉയർത്തിക്കാട്ടി പ്രമേയം തടയുന്നില്ലെന്ന് സഭ നിയന്ത്രിക്കുന്ന ഡപ്യൂട്ടി സ്പീക്കർ വി ശശി വ്യക്തമാക്കി. സ്വപ്നയുമായി ബന്ധമുണ്ടെന്ന് സ്പീക്കർ സമ്മതിച്ചാണെന്ന് എം ഉമ്മർ എംഎൽഎ പറഞ്ഞു. മാധ്യമവാർത്തകൾക്കെതിരെ സ്പീക്കർ നിയമനടപടി സ്വീകരിച്ചില്ലെന്നും സ്പീക്കറെ ജയിലിലടക്കാനോ അദ്ദേഹത്തിന്റെ അന്തസിനെ തരംതാഴ്ത്താനോ അല്ല പ്രമേയം അവതരിപ്പിക്കുന്നതെന്നും ഉമ്മര്‍ എംഎൽഎ പറഞ്ഞു.

പ്രതിപക്ഷ നേതാവിന് എതിരായ അന്വേഷണത്തിനു അനുമതി നൽകിയത് കൊണ്ടാണ് സ്പീക്കർക്ക് എതിരെ പ്രമേയം കൊണ്ട് വരുന്നത് ശർമ ആരോപിച്ചു. സ്പീക്കർ കുറ്റം ചെയ്തുവെങ്കിൽ അന്വേഷണ ഏജൻസികൾ വെറുതെ ഇരിക്കുമോ? സഭ ടിവി തെറ്റാണോ? എവിടെയാണ് അഴിമതിയെന്ന് എസ് ശർമ ചോദിച്ചു. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് അനുമതി കൊടുത്തത്.

ഏത് നടപടി ക്രമത്തിലും അഴിമതി കാണാനാവില്ല. അവിശ്വാസ പ്രമേയത്തിൽ ഉമ്മർ പറഞ്ഞ തെളിവ് എവിടെയാണ്? സ്പീക്കർ ചെയ്ത തെറ്റെന്താണ്? സ്വപ്നയ്ക്കൊപ്പം ചടങ്ങിൽ പങ്കെടുത്തതാണെങ്കിൽ പ്രതിപക്ഷ നേതാവ് ചെയ്തതും സമാനമായ തെറ്റല്ലേ. തന്നിഷ്ടം പോലെ വിശദീകരിച്ച് തെറ്റായ വാദം ഉന്നയിച്ചാൽ ജനം മാപ്പ് നൽകില്ല. ഊരാളുങ്കലിനെ ടോട്ടൽ സർവീസ് പ്രൊവൈഡറായി അനുവദിച്ചത് ഉമ്മൻചാണ്ടി സർക്കാരാണ്.

ശങ്കരനാരായണൻ തമ്പി ഹാളിനെ വിവിധ പരിപാടികൾക്ക് ഉപയോഗിക്കാവുന്ന ഓഡിറ്റോറിയമാക്കി മാറ്റി. അതിന്റെ സർവകക്ഷി യോഗത്തിൽ തീരുമാനത്തെ അഭിനന്ദിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്തതെന്ന് എസ് ശർമ പറഞ്ഞു. സ്വപ്നയുടെ സ്വഭാവം അറിയുമായിരുന്നെങ്കിൽ പ്രതിപക്ഷ നേതാവും ശ്രീരാമകൃഷ്ണനും അവരോട് സംസാരിക്കുമായിരുന്നില്ലെന്നും ശർമ പറഞ്ഞു. ഈ പ്രസംഗത്തിനിടെ താൻ ക്ഷണിച്ചിട്ടല്ല സ്വപ്ന ഇഫ്താർ പാർട്ടിക്ക് വന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. എന്നാൽ ഈ വാദം കളവാണെന്ന് എ പ്രദീപ് കുമാർ എംഎൽഎ ആരോപിച്ചു.

അതേസമയം, തനിക്കെതിരായ ആക്ഷേപങ്ങൾക്ക് ഇന്ന് സഭയിൽ മറുപടി പറയുമെന്ന്‌ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആവശ്യം യുക്‌തിക്ക്‌ നിരക്കാത്തതാണ്‌. പ്രമേയം അവതരിപ്പിക്കും മുന്നേ തന്നോട്‌ ചോദിക്കാമായിരുന്നുവെന്നും ശ്രീരാമകൃഷ്‌ണൻ പറഞ്ഞു.  ജനാധിപത്യത്തിന്റെ മധുരം വിയോജിപ്പിനുള്ള അവസരമാണ്. അതാണ് പ്രതിപക്ഷത്തിന് നൽകുന്നത്. താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും സ്‌പീക്കർ പറഞ്ഞു.