ന്യൂഡൽഹി: സമ്പദ് ഘടനയുടെ നട്ടെല്ലായ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന മോഡി സർക്കാരിന്റെ നിലപാടുകൾക്കെതിരെ തൊഴിലാളികൾ ഈ മാസം എട്ടിന് രാജ്യവ്യാപകമായി പണിമുടക്കുന്നു. 2014ൽ മോഡി സർക്കാർ അധികാരത്തിൽ എത്തിയശേഷം 2.97 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ആസ്തികളാണ് കോർപ്പറേറ്റുകൾക്ക് തീറെഴുതിയത്. ബിപിസിഎൽ ഉൾപ്പെടെയുള്ള മൂന്ന് സ്ഥാപനങ്ങൾ 76,000 കോടി രൂപയ്ക്ക് വിൽക്കാനുള്ള നടപടികൾ മോഡി സർക്കാർ പൂർത്തിയാക്കി. നടപ്പ് സാമ്പത്തിക വർഷം പൂർത്തിയാകുമ്പോൾ 3.73 ലക്ഷം കോടി രൂപയുടെ പൊതുമേഖലാ ആസ്തികളാണ് മോഡി സർക്കാർ വിറ്റുതുലയ്ക്കുന്നത്. യുപിഎ സർക്കാരുകൾ പത്ത് വർഷം കൊണ്ടു സ്വകാര്യ മേഖലയ്ക്ക് കൈമാറിയതിന്റെ മൂന്ന് മടങ്ങാണ് അഞ്ച് വർഷം കൊണ്ട് മോഡി സർക്കാർ വിൽപ്പന നടത്തിയത്.
കോർപ്പറേറ്റുകളുടെ താളത്തിന് അനുസൃതമായ വിധത്തിൽ തൊഴിൽ നിയമങ്ങളിൽ മോഡി സർക്കാർ വരുത്തിയ ഭേദഗതികളും തികച്ചും തൊഴിലാളി വിരുദ്ധമാണ്. പ്രതിരോധം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിൽ മോഡി സർക്കാർ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിച്ചു. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ നിന്നും സഹസ്ര കോടികൾ വായ്പയെടുത്ത് നിരവധി പേരാണ് വിദേശരാജ്യങ്ങളിലേയ്ക്ക് മുങ്ങിയത്. രാജ്യത്തെ തൊഴിലാളി വർഗം, ഇടത്തരക്കാർ, ചെറുകിട സംരംഭകർ എന്നിവരെ ഇല്ലാതാക്കി കോർപ്പറേറ്റുകളെ പ്രീണിപ്പിക്കുന്ന നയങ്ങളാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ തൊഴിൽ സുരക്ഷ നഷ്ടപ്പെടുന്നു, ജീവനക്കാർക്ക് ലഭ്യമായിരുന്ന സാമൂഹ്യ സുരക്ഷാ പദ്ധതി ആനുകൂല്യങ്ങൾ ഇല്ലാതാകുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുമെന്നതാണ് തൊഴിലാളികൾ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആശങ്ക. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന നികുതി വരുമാനം, ലാഭവിഹിതം എന്നിവ സർക്കാരിന് നഷ്ടമാകും. 2018–19 സാമ്പത്തിക വർഷം 4377.52 കോടി രൂപയാണ് ബിപിസിഎൽ നികുതി ഇനത്തിൽ സർക്കാരിന് നൽകിയത്. 8527.85 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. സ്വകാര്യ കോർപ്പറേറ്റിന് കമ്പനി കൈമാറുമ്പോൾ നികുതി വരുമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകും.
കഴിഞ്ഞ ആറ് വർഷത്തിനിടെ മൂന്ന് ചരിത്രപരമായ ദേശീയ പണിമുടക്കാണ് തൊഴിലാളികൾ നടത്തിയത്. ബിജെപി അനുകൂല തൊഴിലാളി സംഘടനയായ ബിഎംഎസ് ഒഴികെ എല്ലാ സംഘടനകളും പണിമുടക്കിൽ പങ്കെടുത്തിരുന്നു. ശക്തമായ സമരത്തെ തുടർന്ന് തൊഴിലാളികൾ ഉന്നയിച്ച ചില ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ഈ മാസം എട്ടിന് നടക്കുന്ന പണിമുടക്കിൽ കർഷകരും കർഷക തൊഴിലാളികളും പങ്കെടുക്കും.
English Summary: Against the stance of the Modi government workers strike nation wide.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.