February 4, 2023 Saturday

അഗസ്ത്യാർ കൂടത്തിലെ കാറ്റ് നമ്മോട് പറയുന്നത്

വള്ളികുന്നം രാജേന്ദ്രൻ
യാത്ര
April 26, 2020 8:30 am

 ചരിത്രം ഓർമ്മപ്പെടുത്തുന്ന മലമുടിയാണ് അഗസ്ത്യാർ കൂടം. സഹ്യപർവ്വതത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ മുടി. സംഘകാലകൃതിയായ മണിമേഖലയിൽ ഈ മല പൊതിയൻ മലയെന്ന പേരിൽ അടയാളപ്പെട്ടു. മലയുടെ അടിവാരത്തിലുണ്ടായിരുന്ന ബുദ്ധസന്ന്യാസിമാരെക്കുറിച്ച് മണിമേഖലയിൽ സൂചനകളുണ്ട്. ഏറെക്കാലം അഗസ്ത്യാർ കൂടം ബുദ്ധസന്ന്യാസിമാരുടെ കേന്ദ്രമായിരുന്നു. എഡി 10-ാം നുറ്റാണ്ടിൽ എഴുതപ്പെട്ട ബുദ്ധമിത്രന്റെ വീരചോഴിയത്തിൽ മലയെ അഗസ്ത്യാർകൂടമെന്ന് പേരുചൊല്ലിവിളിക്കുന്നു. ചരിത്രത്തിലുടനീളം മനുഷ്യരെ പ്രലോഭിച്ചുകൊണ്ടിരിന്നു ഈ മലമുടി. അഗസ്ത്യാർ കൂടത്തിലേക്ക് കാറ്റ് യാത്രികനെ മാടിവിളിച്ചുകൊണ്ടേയിരിക്കുന്നു. അഗസ്ത്യാർകൂടം യാത്ര വിതുരയിൽ നിന്നു തുടങ്ങുന്നു. വിതുരയിൽ നിന്നും ബോണക്കാടുവരെയുള്ള കാട് കടുത്ത കാടല്ല. ഒരു കാലത്ത് ഇവിടം മരതകപ്പട്ടുവിരിച്ചുകിടന്ന തേയിലതോട്ടങ്ങളായിരുന്നു. ഭൂതകാല സമൃദ്ധിയുടെ മജ്ജവാർന്നുപോയ ഒരസ്ഥിപഞ്ജരം പോലെ ഇപ്പോഴുമുണ്ട് ഫാക്ടറിയുടെ ശേഷിപ്പുകൾ. ഫാക്ടറി തുറക്കുന്ന പ്രഭാതം സ്വപ്നം കണ്ടുകൊണ്ട് ചിതറി ജീവിക്കുന്ന തൊഴിലാളികളുടെ ലയങ്ങളുടെ പരിസരത്ത് അനുസരണയില്ലാത്ത പശുക്കൾ എല്ലാ ബന്ധനങ്ങളുമുപേക്ഷിച്ച് അലഞ്ഞുനടക്കുന്നു. എല്ലിച്ച കറുത്ത സ്ത്രീകൾ പൂർവ്വ സ്മരണകൾ അയവിറക്കി ദുഃഖവും വ്യഥകളും പരതുന്നു.

സായ്പ്പുമാർ തെളിച്ചു വളർത്തിയ തേയിലച്ചെടികൾ പലവിധ അവഗണനകൾകൊണ്ട് മുരടിച്ച് കുറുകി വളരുന്ന കാഴ്ച കണ്ടുകൊണ്ടുവേണം യാത്ര തുടങ്ങുവാൻ. അതുകൊണ്ടുതന്നെ അഗസ്ത്യാർ കൂടത്തിലേക്കുള്ള യാത്ര പലവിധ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ബോണക്കാടുവരെ കാനനപാതയിലൂടെ വാഹനമോടിച്ചുപോകാം. അവിടെ നിന്ന് 20 കി. മീ അകലെയാണ് അഗസ്ത്യാർ മരുന്നുരച്ച അഗസ്ത്യാർകൂടം. സമുദ്രനിരപ്പിൽ നിന്നും 1868 മീറ്റർ ഉയരമുള്ള മഹാമുടി. ബോണക്കാട്ടു നിന്ന് ആരംഭിക്കുന്ന കാടേറ്റം സൂക്ഷിച്ചുവേണം. കാടും മേടും ചെങ്കുത്തായ മലനിരകളും താണ്ടണം. യാത്രയ്ക്കിടയിൽ മൂന്ന് ചെറു പുഴകൾ മുറിച്ചുകടക്കണം. ആദ്യം കരമനയാർ. പിന്നെ വാഴപ്പൈത്തിയാർ. അവസാനം അട്ടയാർ. മഴക്കാലത്ത് ആറുകൾ മുറിച്ചുകടക്കാൻ നല്ല കരുതൽ വേണം. കാലവർഷം കരഞ്ഞാർത്തുവരുമ്പോൾ പുഴകൾ ശാന്തഗാമിനികളല്ല. പാറക്കെട്ടുകളിൽ തലയറഞ്ഞ് നുരഞ്ഞു പതഞ്ഞൊഴുകുന്ന കാട്ടുമങ്കകൾ. ഓരോ വഴുക്കലും മരണത്തിലേക്കുള്ള സൗജന്യപാസ്പോർട്ട്. കാടു കയറുമ്പോൾ എല്ലാലഹരികളും ഉപേക്ഷിക്കണം. കാടേറ്റം തന്നെ ലഹരിയായി നുരഞ്ഞുപതയണം. അപ്പോൾ മലനിരകൾ നമ്മെ നിറഞ്ഞു സ്വീകരിക്കും. കാട്ടാനകളും കാട്ടുപോത്തുകളും കരടികളും പലതരം വിഷപാമ്പുകളും സൈ്വര്യം വിഹാരം നടത്തുന്ന കാട്ടുപാതയിലടെയുള്ള യാത്ര ശാന്തമായിരിക്കണം. ചെറു ശബ്ദങ്ങൾ പോലും കാട്ടുജീവികളുടെ സൈ്വര്യം കെടുത്തും. രണ്ടായിരത്തിലധികം ഔഷധസസ്യങ്ങൾ തഴച്ചുവളരുന്ന കാട് ജൈവവൈവിധ്യ കലവറതന്നെ. യാത്രയ്ക്കിടയിൽ കാട്ടരുവികൾ കനിഞ്ഞു നൽകുന്ന ഔഷധജലം നമ്മുടെ ദാഹമകറ്റും. കാട്ടുപക്ഷികളുടെ സംഗീതം കൂട്ടിനുണ്ടാകും. കാട്ടരുവിയുടെ താരാട്ട് ആദിഗോത്രപ്പൊരുളായി ഉള്ളിലുണരും. കാട്ടുപ്പൊന്തകളിലെ ശബ്ദകോലാഹലങ്ങൾ നമ്മുടെ ഏകാന്തതയെ ഒരകാരണഭയം കൊണ്ടുനിറയ്ക്കും. മൂന്നാറുകളും മുറിച്ചു കടന്നു ചെല്ലുമ്പോൾ പിന്നെ പുൽമേടുകളുടെ സമൃദ്ധിയായി. അങ്ങുദൂരെ പൊൻമുടി തലയെടുത്തുപിടിച്ചു നില്ക്കുന്നത് കാണാം. ശരത്കാലമേഘങ്ങൾ പഞ്ഞികെട്ടുകൾ പോലെ പാറിനടക്കും. ഭാഗ്യമുണ്ടെങ്കിൽ മലയിടുക്കുകളിൽ മഴവല്ല് വിരിയും. അങ്ങനെ സപ്തവർണ്ണാങ്കിത ചിത്രവടിയൂന്നിനടക്കാം. ഓരോ മലയ്ക്കും ഓരോമണം. ഓരോ മലയ്ക്കും ഓരോനിറം.

ഓരോ മലയ്ക്കും ഓരോ കാലാവസ്ഥ. ചിലപ്പോൾ കാതടിപ്പിക്കുന്ന കാറ്റുവന്ന് ഞെട്ടിക്കും. ഓർക്കാപ്പുറത്ത് ഭ്രാന്തിയെപ്പോലെ മഴയെത്തും. ചിരിയും ചിണങ്ങലുമായി വെയിലെത്തും അങ്ങനെ നടന്നു നടന്നു തളരുമ്പോൾ അന്തിച്ചായും. അപ്പോൾ അതിരുമലയായി. അതിരുമലയിൽ കാടിന്റെ നടുക്ക് ഒരു രാത്രിമുഴുവൻ താല്ക്കാലിക ഷെൽട്ടറുകളിൽ അഭയം. രാത്രിയിൽ ശരീരത്തെ കീറിമുറിയ്ക്കുന്ന കാറ്റ് വന്ന് ഞെട്ടിക്കും. അലറിയെത്തുന്ന കാറ്റ് മരങ്ങളെ കൊമ്പകുത്തിക്കും. കാറ്റിനോടും തണുപ്പിനോടും പ്രണയം തുടങ്ങും. ഉറങ്ങാതെ ഇരുന്നാൽ നിലാവിന്റെ നിഴലാട്ടങ്ങൾ കാണാം. മേലെമാനത്തെ ചന്ദ്രന്റെ തെളിഞ്ഞാട്ടം കാണാം. ആനകേറാമലയിലെ നക്ഷത്രക്കുട്ടൻമാരുടെ കൺചിമ്മൽ കാണാം. ഉറങ്ങാമൃഗങ്ങളുടെ പലതരം തൃഷ്ണകളാൽ ചിതറിത്തെറിയ്ക്കുന്ന ശബ്ദവൈവിധ്യം കേൾക്കാം. രാക്കിളിപ്പാട്ടുകേൾക്കാം. പകൽ നടന്നു തളർന്ന ശരീരം പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീഴും. കുളിരുപെരുകിയ അടുത്ത പ്രഭാതത്തിൽ തന്നെ രണ്ടാംദിന യാത്രതുടങ്ങണം. അഗസ്ത്യാർകൂടത്തിലേക്ക് ഇനി 6 കി. മീ കുത്തനെയുള്ള മലകയറ്റം. ഓരോ ചുവടും ഉറപ്പിച്ചുവേണം മുന്നോട്ട് പോകാൻ. കൈയിൽ ഒരു വടി കരുതുന്നത് നന്ന്. മുട്ട് മലയിലിട്ച്ച് മേലോട്ട് കയറിപോകേണ്ട മല മുട്ടിടിച്ചാൻമല. മഴക്കാലമാണെങ്കിൽ പാറകൾ നന്നായി വഴുക്കുന്നുണ്ടാകും. ഇടവപ്പാതി പെയ്തുതോരുന്ന സെറ്റംബർ, ഒക്ടോബർ മാസങ്ങളാണ് യാത്രയ്ക്ക് നന്ന്. അപ്പോൾ കാട് തളിർത്ത് മോഹിപ്പിച്ച് കിടക്കും. അപകടകപരമായ ഇടങ്ങളിൽ വടങ്ങൾ കെട്ടിയിട്ടുണ്ട്. ട്രക്കിംങ്ങ് ആസ്വദിച്ചുകൊണ്ടുതന്നെ മുന്നോട്ട് പോകാം. പൊങ്കൽപ്പാറയിലെത്തുമ്പോൾ മരങ്ങൾ കുറുകിക്കൂടി ചെറുതായിത്തുടങ്ങും. കാറ്റിന്റെ ആയിരം കൈകൾമരങ്ങളെ നിലം തൊടുവിക്കും. മഴയും മഞ്ഞും പെയ്തിറങ്ങും.

അടുത്തു നില്ക്കുന്ന യാത്രികനെ കാണാനാവാത്ത വിധം കോടക്കാർ വന്ന് മൂടും. അവസാനം ഭയന്നു തളർന്നു നാം ഗിരിമകുടമെത്തും. മുടിയാകെ അഗസ്ത്യന്റെ ഓർമ്മകൾ പാറിനടക്കുന്നു. ആരാണ് അഗസ്ത്യമുനി? അഗസ്ത്യാൻ ദ്രാവിഡനാകാം. ഒരുപരമ്പരയുടെ പേരാകാം. എന്തായാലും തരുലതാദികളിൽ നിന്നും മരുന്നുരച്ചെടുത്ത ഒരു മഹാജ്ഞാനി. ഓരോ ചെടിക്കും ജീവിവർഗ്ഗത്തിന്റെ വേദനയാറ്റുവാനുള്ള മാന്ത്രികശക്തിയുണ്ടെന്നറിഞ്ഞ ഏതുകാലത്തിന്റേയും മഹാഗുരു. ഋഗ്വേദസൂചന പ്രകാരം ഉർവ്വശിയെന്ന അപ്സരസ്സിന്റെ സൗന്ദര്യം കണ്ട് മോഹിതരായിതീർന്ന മിത്രനും വരുണനും ധാതുസ്ഖലനം ഉണ്ടായെന്നും ആ ധാതു ഒരു അഗ(കുടം)ത്തിൽ നിക്ഷേപിച്ചെന്നും അങ്ങനെ അഗസ്ത്യൻ പിറന്നുവെന്നും പറയുന്നു. വാല്മീകി രാമായണത്തിൽ അഗസ്ത്യമുനി രാമരാവണയുദ്ധസമയത്ത് ശ്രീരാമന് ആദിത്യഹൃദയമന്ത്രം ഉപദേശിച്ച് കർമ്മോത്സുകനാക്കിയതായി പറയുന്നു. തമിഴ് അക്ഷരമാല ചമച്ചതും വ്യാകരണമുണ്ടാക്കിയതും അഗസ്ത്യമഹർഷിയാണെന്ന് തമിഴർ വിശ്വസിക്കുന്നു. വേദങ്ങളിലൂടെ, ഇതിഹാസങ്ങളിലൂടെ, സംഘകാല സാഹിത്യങ്ങളിലൂടെ ഒഴുകിപരക്കുന്ന അഗസ്ത്യപ്പെരുമ ഈ മലമുടിയിൽ കാറ്റിന്റെ ആയിരം കൈകളുമായി യാത്രികരെ തഴുകിപോകുന്നു. അഗസ്ത്യാർകൂടവും പതുക്കെ തർക്കഭൂമിയാവുകയാണ്. ഉത്തരവാദിത്വമുള്ള വനപാലകർ അതുകൊണ്ടുതന്നെ കോടതി വിധികൾ യാത്രികരെ ഓർമ്മിപ്പിക്കും. നന്മ പൂത്തയിടങ്ങളെല്ലാം തർക്കഭൂമിയാക്കുന്നതാണല്ലോ മതവാഴ്ചയ്ക്കും അധികാരവാഴ്ചയ്ക്കും നല്ലത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.