Janayugom Online
saint batteries

ബാറ്ററി കണ്ടുപിടിച്ചത് അഗസ്ത്യ മുനിയെന്ന്

Web Desk
Posted on October 03, 2018, 10:29 pm

ന്യൂഡല്‍ഹി: ഋഷിമാരുടെ ‘ശാസ്ത്രീയ കണ്ടെത്തലുകള്‍’ എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനൊരുങ്ങി ദേശീയ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍. ഭാരത് വിദ്യാഭവന്‍ പ്രസിദ്ധീകരിച്ച ‘ഭാരത് വിദ്യാസാരം’ എന്ന കൃതിയാണ് എന്‍ജിനീയറിങ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.
എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്കുള്ള മാതൃകാ പഠനപദ്ധതിയുടെ ഭാഗമായി എലക്ടീവ് കോഴ്‌സ് ആയാണ് ‘ഭാരത് വിദ്യാസാരം’ എന്ന കൃതി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുരാതന ഭാരതത്തിലെ ഋഷിമാരുടെ ശാസ്ത്രീയ കണ്ടെത്തലുകളെക്കുറിച്ചും തത്വശാസ്ത്രങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നതാണ് ഈ കൃതി. രാജ്യത്തെ മൂവായിരം എന്‍ജിനീയറിങ് കോളജുകളില്‍ ഇത് അടുത്ത വര്‍ഷം മുതല്‍ വിദ്യാര്‍ഥികളെ പഠിപ്പിച്ചു തുടങ്ങുമെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ശാസ്ത്ര, തത്വചിന്താ മേഖലകളിലെ ഇന്ത്യയുടെ ചരിത്രം എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കൃതി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. വ്യാപകമായ എതിര്‍പ്പുകള്‍ക്കാണ് ഇത്തരമൊരു നീക്കം ഇടയാക്കിയിരിക്കുന്നത്.
ഇതിനെതിരെ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍നിന്നും വലിയ പ്രതിഷേധം ഉയര്‍ന്നുവന്നിട്ടുണ്ട്. മുംബൈയിലെ ഹോമി ഭാഭ സെന്റര്‍ ഫോര്‍ സയന്‍സ് എജ്യുക്കേഷനിലെ ശാസ്ത്രജ്ഞനായ അങ്കിത് സുലേയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് ഓണ്‍ലൈന്‍ വഴി പരാതി നല്‍കിയിട്ടുണ്ട്. പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഒരു ‘കപടശാസ്ത്ര’ കൃതിയാണെന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
അഗസ്ത്യ മുനി ബാറ്ററി കണ്ടുപിടിച്ചതായും വൈദ്യുത വിശ്ലേഷണത്തിലൂടെ ജലത്തില്‍നിന്ന് ഓക്‌സിജനും ഹൈഡ്രജനും ഉല്‍പാദിപ്പിച്ചതായും കൃതിയില്‍ പറയുന്നു. ന്യൂട്ടന്റെ ചലന നിയമത്തിന്റെ തത്വങ്ങള്‍ കണാദ മഹര്‍ഷിയുടെ ‘വൈശേഷിക സൂത്ര’ ത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും പുസ്തകം പറയുന്നു. 5,000 വര്‍ഷം മുന്‍പ് രചിക്കപ്പെട്ട ഭരദ്വാജ മഹര്‍ഷിയുടെ ‘വൈമാനിക ശാസ്ത്രം’ വിമാനം, കപ്പല്‍ എന്നിവയുടെ നിര്‍മാണത്തെക്കുറിച്ചും വിമാന ഇന്ധനം, പൈലറ്റിനെ പരിശീലിപ്പിക്കല്‍ തുടങ്ങിയവ സംബന്ധിച്ചുമുള്ള ആധികാരിക ഗ്രന്ഥമാണെന്നും ‘ഭാരത് വിദ്യാസാര’ത്തില്‍ പറയുന്നു. ഭൂഗുരുത്വ സിദ്ധാന്തം ആദ്യമായി സൂചിപ്പിക്കപ്പെടുന്നത് ഋഗ്വേദത്തിലാണെന്നും കൃതിയിലുണ്ടെന്ന് സുലേ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
തത്വചിന്താപരമായ ഇത്തരം പുരാതന കൃതികളെ തെറ്റിദ്ധരിക്കുകയോ മനഃപൂര്‍വം തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്തുകൊണ്ടാണ് ‘ഭാരത് വിദ്യാസാര’ത്തിലെ അവകാശവാദങ്ങളൊക്കെ അവതരിപ്പിക്കുന്നതെന്ന് സുലേ പരാതിയില്‍ ആരോപിക്കുന്നു. കൂടാതെ, ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അക്കാദമികമായി തെളിയിക്കപ്പെട്ടതാണെന്നും അദ്ദേഹം പറയുന്നു. അശാസ്ത്രീയവും അടിസ്ഥാനരഹിതവുമായ ഇത്തരം കാര്യങ്ങള്‍ പഠിപ്പിക്കുന്നത് വിദ്യാര്‍ഥികളുടെ ഭാവിക്ക് വലിയ കോട്ടമുണ്ടാക്കുമെന്നും അതിനാല്‍ ലജ്ജാകരമായ ഉള്ളടക്കമുള്ള ഈ കൃതി പാഠ്യപദ്ധതിയില്‍നിന്ന് പിന്‍വലിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
പുസ്തകത്തെ പാഠ്യപദ്ധതിയില്‍നിന്ന് ഒഴിവാക്കരുതെന്നും ഇന്ത്യന്‍ ജ്ഞാനവ്യവസ്ഥയെക്കുറിച്ച് പഠിക്കാനുള്ള വിദ്യാര്‍ഥികളുടെ അവകാശം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ‘ഭാരത് വിദ്യാസാര’ത്തിന്റെ എഡിറ്റര്‍മാരിലൊരാളായ ശശിബാല, ഭാരതീയ വിദ്യാഭവനുവേണ്ടി മറ്റൊരു ഓണ്‍ലൈന്‍ പരാതിയും സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സിലിന് നല്‍കിയിട്ടുണ്ട്. സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെയും ഈ പരാതിയില്‍ ഒപ്പുവച്ചിട്ടുണ്ട്.