October 1, 2022 Saturday

Related news

October 1, 2022
September 30, 2022
September 30, 2022
September 29, 2022
September 29, 2022
September 29, 2022
September 28, 2022
September 28, 2022
September 28, 2022
September 26, 2022

യുഡിഎഫ്-ബിജെപി അക്രമരാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടും

Janayugom Webdesk
തിരുവനന്തപുരം:
September 18, 2020 10:25 pm

സംസ്ഥാനത്ത് യുഡിഎഫ് — ബിജെപി നേതൃത്വങ്ങൾ നടത്തിവരുന്ന അക്രമരാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നാടിനെ വർഗീയമായി ധ്രുവീകരിക്കാനും സർക്കാരിനെ അട്ടിമറിക്കാനുമുള്ള ശ്രമങ്ങൾക്കെതിരെ ജനങ്ങളെ അണിനിരത്തി നേരിടാനും യോഗം തീരുമാനിച്ചു. സെപ്റ്റംബർ 29ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റു ജില്ലാ ആസ്ഥാനങ്ങളിലും അക്രമവിരുദ്ധ ജനകീയ കൂട്ടായ്മകൾ സംഘടിപ്പിക്കും. എൽഡിഎഫ് നേതാക്കളും ജനപ്രതിനിധികളും കൂട്ടായ്മകളിൽ പങ്കെടുക്കും.

ജില്ലാ, പ്രാദേശിക തലങ്ങളിൽ തുടർച്ചയായ പ്രചാരണ പരിപാടികൾ ആസൂത്രണം ചെയ്യുമെന്നും കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടും ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനെ സമരകോലാഹലങ്ങളിലൂടെ അട്ടിമറിക്കാനാണ് യുഡിഎഫ്-ബിജെപി ശ്രമം. പരിശീലിപ്പിച്ച ക്രിമിനൽ സംഘങ്ങളെ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുകയും ഇവരെ ഉപയോഗിച്ച് അക്രമങ്ങൾ നടത്തുന്ന പുതിയ രീതിയാണ് പ്രതിപക്ഷം ഇപ്പോൾ ചെയ്യുന്നത്. ക്രിമിനലുകളായ പ്രവർത്തകർ നേരത്തേ മുതൽ ബിജെപിയിലുണ്ട്. എൽഡിഎഫിന് തുടർഭരണമുണ്ടാകുമെന്ന് കണ്ടതോടെയാണ് സർക്കാരിനെതിരെ യുദ്ധംപ്രഖ്യാപിക്കാൻ ഇരുകൂട്ടരും ഇറങ്ങിത്തിരിച്ചത്. മന്ത്രിമാർ സഞ്ചരിക്കുന്ന ഘട്ടത്തിൽ കൊലപ്പെടുത്താനും, ആക്രമിക്കാനും നടന്ന ശ്രമങ്ങൾ ഇതിന്റെ ഭാഗമാണ്. കെ ടി ജലീലിനും, എ കെ ബാലനുമെതിരെ നടന്ന ആക്രമണങ്ങൾ ആസൂത്രിതമാണ്. ജനപക്ഷ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്ന സർക്കാരിനെതിരായ കുപ്രചരണങ്ങൾ ജനങ്ങളെ അണിനിരത്തി നേരിടുമെന്ന് മുന്നണിയോഗം പ്രഖ്യാപിച്ചു.

മുസ്‌ലിം ലീഗ് നേതൃത്വത്തിൽ പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായത്, എല്ലാ വർഗ്ഗീയശക്തികളെയും ഒന്നിച്ച് അണിനിരത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ജമാ അത്തെ ഇസ്‌ലാമിയുടെ ധൈഷണിക നേതൃത്വത്തെ ലീഗ് അംഗീകരിച്ചുകഴിഞ്ഞു. ഹാദിയ സോഫിയ പള്ളി വിഷയത്തിൽ പാണക്കാട് തങ്ങളുടെ ലേഖനം വർഗീയാഭിമുഖ്യം വ്യക്തമാക്കുന്നതാണ്. മുസ്‌ലിം തീവ്രവാദശക്തികളുമായി സഖ്യമുണ്ടാക്കുമ്പോൾ തന്നെ ബിജെപിയുടെ വർഗീയവാദനിലപാടിനോട് ഒരു വിരോധവുമില്ലെന്ന സമീപനം കേരളത്തിന്റെ മതനിരപേക്ഷ അടിത്തറ തകർക്കുമെന്നും വിജയരാഘവൻ പറഞ്ഞു.

തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മുന്നണി ഒറ്റക്കെട്ടായി നീങ്ങാനും മുന്നൊരുക്കങ്ങൾക്കായി ജില്ലാ, നിയോജകമണ്ഡലം, പ്രാദേശിക തല യോഗങ്ങൾ വിളിച്ചുചേർക്കാനും തീരുമാനിച്ചതായും കൺവീനർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും എൻഐഎയുടെയും മുന്നിൽ മൊഴി നൽകിയ മന്ത്രി കെ ടി ജലീൽ രാജി വയ്ക്കേണ്ടതില്ലെന്നാണ് യോഗതീരുമാനമെന്ന് ഇതുസംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി വിഭാഗം യുഡിഎഫിലേക്ക് പോകില്ലെന്ന സൂചനയാണുള്ളതെന്നും അവർ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം മാത്രമേ മുന്നണിയോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യൂവെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങളോട് കൺവീനർ പ്രതികരിച്ചു.

ENGLISH SUMMARY: aggres­sion of udf bjp will face together

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.