ഛത്തീസ്ഗഡില്‍ ശമ്പളവര്‍ധനവിന് സമരം ചെയ്ത നഴ്‌സുമാരെ ജയിലിലടച്ചു

Web Desk
Posted on June 02, 2018, 10:34 pm

റായ്പുര്‍: ഛത്തീസ്ഗഡിലെ റായ്പുരില്‍ ശമ്പള വര്‍ധനവിനായി സമരം ചെയ്ത നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ജോലിക്ക് ഹാജരാവാനുള്ള സര്‍ക്കാര്‍ ഉത്തരവ് അനുസരിക്കാത്തതിനെ തുടര്‍ന്നാണ് 607 നഴ്‌സുമാരെ അറസ്റ്റ് ചെയ്തത്. സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ കഴിഞ്ഞ 28 ന് എസ്മ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരമാണ് നഴ്‌സുമാരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുന്നത്.
ശമ്പള പരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളും നല്‍കുക എന്ന ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ഛത്തീസ്ഗഡിലെ സര്‍ക്കാര്‍ നഴ്‌സുമാര്‍ കഴിഞ്ഞ മാസം 18 മുതല്‍ സമരം ചെയ്യുന്നത്. സമാധാനപരമായി നടന്ന സമത്തെ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയായിരുന്നെന്ന് നഴ്‌സിങ് സംഘടനകള്‍ ആരോപിച്ചു. സമരം ആഴ്ചകള്‍ പിന്നിട്ടിട്ടും സര്‍ക്കാര്‍ ചര്‍ച്ചകള്‍ക്ക് തയ്യാറായിട്ടില്ല. ഗര്‍ഭിണികള്‍ അടക്കമുള്ള നഴ്‌സുമാരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളതെന്നും ഇവരെ വിട്ടയക്കാന്‍ പൊലീസ് തയ്യാറായിട്ടില്ലെന്നും ഛത്തീസ്ഗഡ് പരിചാരിക കരംചാരി കല്യാണ്‍ സംഘ് നേതാവ് തികേഷ്‌വാരി സാഹു പറഞ്ഞു.
അറസ്റ്റ് ചെയ്ത മുഴുവന്‍ പേരെയും റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതായി റായ്പുര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിജയ് അഗര്‍വാള്‍ അറിയിച്ചു.