25 April 2024, Thursday

Related news

April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024
March 25, 2024
March 24, 2024

അഗ്നിപഥ്; വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്നു

Janayugom Webdesk
June 16, 2022 10:24 pm

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നാലുവര്‍ഷക്കാല സൈനിക റിക്രൂട്ട്മെന്റ് പദ്ധതി അഗ്നിപഥിനെതിരെ വിവിധ സംസ്ഥാനങ്ങളില്‍ പ്രതിഷേധം കത്തുന്നു. ബിഹാറിന് പുറമെ ഡല്‍ഹി, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പുതിയ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ബിഹാറില്‍ മൂന്ന് ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു.

22 ട്രെയിനുകള്‍ റദ്ദാക്കിയതായും അഞ്ചു ട്രെയിനുകള്‍ യാത്ര ഇടയ്ക്കു വച്ച്‌ നിര്‍ത്തിയതായും ഈസ്റ്റ് സെന്‍ട്രല്‍ റയില്‍വേ അറിയിച്ചു. കേരളത്തില്‍ നിന്നും പുറപ്പെട്ട നിസാമുദ്ദീന്‍ എക്സ്പ്രസും ആക്രമണത്തിനിരയായി. പലയിടങ്ങളിലും പൊലീസുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. ബിഹാറിലെ എട്ടു ജില്ലകളില്‍ രണ്ടാംദിവസവും പ്രതിഷേധം രൂക്ഷമായതോടെ റയില്‍-റോഡ് ഗതാഗതം സ്തംഭിച്ചു. നവാഡയില്‍ ബിജെപി എംഎല്‍എ അരുണാ ദേവിയുടെ വാഹനം തകര്‍ത്തു. കല്ലേറില്‍ എംഎല്‍എ അടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു.

നവാഡയിലെ ബിജെപി ഓഫീസ് സമരക്കാര്‍ അടിച്ചു തകര്‍ത്തു. പട്‌നയില്‍ 10 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഭാഭുവ റോഡ് റയില്‍വേ സ്‌റ്റേഷനില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ ജനല്‍ച്ചില്ലുകള്‍ തല്ലിത്തകര്‍ത്തു. കോച്ചിന് തീയിട്ടു. കൈമൂര്‍, ചപ്ര എന്നിവിടങ്ങളിലും ട്രെയിനിന് തീയിട്ടു. ജഹാനാബാദിലും ആരായിലും റയില്‍വേ ട്രാക്ക് ഉപരോധിക്കുകയും പൊലീസിന് നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് ജഹാനാബാദില്‍ സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തു.

ചപ്രയില്‍ ബസിനുനേരെയും ആക്രമണമുണ്ടായി. പട്നയിൽ രാജധാനി എക്സ്പ്രസ് തടഞ്ഞ് പ്രതിഷേധിച്ചു. സഹര്‍സയിലും ഗയയിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ചൊവ്വാഴ്ച പുറപ്പെട്ട നിസാമുദ്ദീന്‍ എക്സ്പ്രസ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഗ്വാളിയോര്‍ സ്റ്റേഷനിലെത്തിയപ്പോള്‍ ഇരുമ്പുവടിയും കല്ലുകളുമായി പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. എസി കമ്പാര്‍ട്ട്മെന്റിലെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്തു. മലയാളികളടക്കമുള്ളവര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ സര്‍ക്കാര്‍ ബസുകള്‍ക്കു നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. ബുലന്ദ്ഷഹറിലും ബല്ലിയയിലും പ്രതിഷേധക്കാര്‍ പ്രകടനം നടത്തി. ട്രെയിനുകള്‍ തടഞ്ഞു.

ഉന്നാവോ, മീററ്റ്, ഹത്രാസ് എന്നിവിടങ്ങളിലും വന്‍ പ്രതിഷേധം നടന്നു. ജയ്പുരില്‍ അജ്മീര്‍-ഡല്‍ഹി ദേശീയപാത ഉപരോധിച്ചു. ജോധ്പൂരില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് ലാത്തിവീശി. ഡല്‍ഹി നംഗ്ലോയി സ്റ്റേഷനില്‍ റയില്‍ പാളത്തില്‍ പ്രതിഷേധം അരങ്ങേറി. ഹരിയാനയിലെ പല്‍വാലയില്‍ ഡെപ്യൂട്ടി കമ്മിഷണറുടെ വീടിന് നേര്‍ക്ക് കല്ലെറിഞ്ഞ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവച്ചു. നിരവധി പൊലീസ് വാഹനങ്ങള്‍ സമരക്കാര്‍ തല്ലിത്തകര്‍ത്തു.

ഗുരുഗ്രാം, രെവാരി മേഖലയിലെ ബിലാസ്‌പുരിലും സിദ്രവനവാലയിലും യുവാക്കള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചു. പലയിടങ്ങളിലും പ്രതിഷേധക്കാരെ നേരിടാനുള്ള പൊലീസ് നടപടി സംഘര്‍ഷത്തിനിടയാക്കി. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ത്രിവര്‍ണ പതാകയും പോസ്റ്ററുകളുമേന്തിയാണ് പലയിടങ്ങളിലും യുവാക്കള്‍ പ്രതിഷേധം നടത്തിയത്.

ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും ശുക്ല ഗഞ്ചിലും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിനെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. പതിനേഴര വയസുമുതല്‍ 21 വയസുവരെയുള്ള യുവാക്കളെ കരാര്‍ അടിസ്ഥാനത്തില്‍ കര, നാവിക, വ്യോമ സേനകളില്‍ നിയമിക്കുന്നതാണ് പദ്ധതി.

കരാര്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ നിയമിക്കുന്ന 45,000 പേരില്‍ 25 ശതമാനത്തിനെ മാത്രം സ്ഥിരമായി നിലനിര്‍ത്തുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്യും. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ഇവര്‍ക്ക് ലഭിക്കില്ല. തുച്ഛമായ വേതനത്തില്‍ യുവാക്കളെ സൈന്യത്തില്‍ നിയമിച്ച് ചെലവ് ചുരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണം: സിപിഐ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന അഗ്നിപഥ് പദ്ധതി ഉടൻ പിൻവലിക്കണമെന്നും നിലവിലുള്ള ഒഴിവുകൾ വ്യവസ്ഥാപിത രീതിയിൽ നികത്തണമെന്നും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സൈന്യത്തെ യുവത്വമുള്ളതാക്കുന്നതിനെന്ന പേരിൽ അഗ്നിപഥ് എന്ന പദ്ധതി നടപ്പിലാക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അംഗീകരിക്കാവുന്നതല്ല.

അച്ചടക്കമുൾപ്പെടെയുള്ള സൈന്യത്തിന്റെ സേവന വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും ദോഷകരമാകും. സർക്കാർ ചെലവിൽ സമ്പൂർണ പരിശീലനം നല്കിയ ശേഷം കരാർ നിയമനവും കുറച്ചുകാലത്തെ ജോലിയും മാത്രം നല്കുന്നത് സേവനത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന് മാത്രമല്ല പരിശീലനം നേടിയവർക്ക് ഭാവിയില്‍ അനുയോജ്യമായ ജോലി ലഭിക്കുന്നതിന് പ്രയാസമുണ്ടാക്കുകയും ചെയ്യും.

പ്രതിരോധസേനയിൽ നിലവിലുള്ള നിയമന സംവിധാനം, സ്ഥാനക്കയറ്റം എന്നിവയെ തകിടം മറിക്കുന്ന രീതി അവസാനിപ്പിക്കണമെന്നും സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Eng­lish summary;Agneepath; Protests in var­i­ous states

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.