അഗ്‌നി 5 മിസൈല്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്നു

Web Desk
Posted on May 12, 2018, 7:41 pm

ന്യൂഡല്‍ഹി: അഗ്‌നി 5 മിസൈല്‍ ഇന്ത്യന്‍ സേനയുടെ ഭാഗമാകാന്‍ ഒരുങ്ങുന്നു. പൊഖ്‌റാനില്‍ രണ്ടാമത്തെ അണുപരീക്ഷണം നടത്തിയതിന് 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഗ്നി 5 ഇന്ത്യയുടെ ഭാഗമാകുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയതായി പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു. 5000 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലിന് ചൈനയേയും പാകിസ്ഥാനേയും പൂര്‍ണമായും പരിധിയിലാക്കാനാകും. മിസൈലിന്റെ രണ്ടാമത്തെ ട്രയല്‍ ഉടനെ തന്നെ നടക്കും. മിസൈല്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതിനുള്ള ആദ്യ ട്രയല്‍ ജനുവരി 18ന് നടന്നിരുന്നു. മിസൈല്‍ വികസിപ്പിക്കുന്ന സമയത്ത്, 2012 ഏപ്രിലില്‍ നാല് തവണ പരീക്ഷിച്ച് ശേഷി ഉറപ്പു വരുത്തിയിരുന്നു.

നിലവില്‍ പൃഥ്വി 2 (350 കിലോമീറ്റര്‍), അഗ്‌നി 1 (700 കി.മി), അഗ്‌നി 2 (2000 കി.മീ), അഗ്‌നി 3 (3000 കി.മീ) എന്നിവ ഇതിനോടകം തന്നെ സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്‌സിന്റെ ഭാഗമാണ്. ഇന്ത്യ വികസിപ്പിച്ചെടുത്ത ആണവായുധങ്ങള്‍ സംരക്ഷിക്കുക,സൂക്ഷിക്കുക,പ്രയോഗിക്കുക എന്നതിനായി രൂപവത്കരിക്കപ്പെട്ട വിഭാഗമാണ് സ്ട്രാറ്റജിക് കമാന്‍ഡ് ഫോഴ്‌സ്. സുഖോയ് 30 വിമാനങ്ങള്‍, മിറാഷ് 2000 വിമാനങ്ങളും ജാഗ്വാറും ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതായി മാറ്റിയിട്ടുണ്ട്. അതേസമയം മൂന്നാമത്തെ ആണവ ഘട്ടത്തെ പ്രതിനിധീകരിക്കുന്നത് സോളിറ്ററി ന്യൂക്ലിയര്‍ ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനിയായ ഐ.എന്‍.എസ് അരിഹന്താണ്. ഏറ്റവും സുരക്ഷിതവും ഫലപ്രദവുമായ ആണവ തിരിച്ചടിക്ക് ഐഎന്‍എസ് അരിഹന്താണ് മികച്ചതായി പരിഗണിക്കപ്പെടുന്നത്.