13 September 2024, Friday
KSFE Galaxy Chits Banner 2

അഗ്നിശലഭങ്ങൾ

ഗീതാ വിജയൻ
February 19, 2023 1:06 pm

റുത്തരാക്ഷസത്തിരയിളക്കി കുതിച്ചുവരണുണ്ടേ
കനത്തപുകയായ് പാഞ്ഞു പോയൊരു പെണ്ണിൻ ദുർഭൂതം
മിഴിനനച്ചുമനസെരിച്ചു തീയിൽ ചുട്ടില്ലേ?
പൂവ്പോലെതളിർത്തു നിന്ന മനസുതേങ്ങീല്ലേ?
ചോദ്യമായവൾ വീണ്ടും വീണ്ടും പുകപരത്തുന്നു
ഉത്തരങ്ങൾക്കുള്ളിൽ നീറിനീറിക്കരളുനോവുന്നു.
കഴുത്തിലിട്ട ചുവന്ന പൂവിതൾ ചോരയിൽമുക്കി
മഞ്ഞലോഹം പ്രാണനേക്കാൾ മൂല്യമാക്കിയവർ
അടിച്ചു വീഴ്ത്തി, ചവിട്ടി നീക്കി, പട്ടിണിക്കിട്ടു
പഞ്ഞിപോലെ ചുരുണ്ടതില്ലേയാ കാലടിക്കുള്ളിൽ?
ചോരയിറ്റിയയുടലിലും കൊടും കാറ്റുപോലായി
ഉറഞ്ഞുതുള്ളി, കാളക്കൂറ്റനെപ്പോൽ കരുണയില്ലാതെ
തളർന്നുവീണുമയങ്ങും നേരവും പൂരപ്പാട്ട് പാടീല്ലേ
നിനക്കുവേണ്ടിയീയുയിർചുരന്നതു സ്നേഹമലയല്ലേ?
നിനച്ചനേരമത്രയുമീ ഉടലു തന്നില്ലേ?
ഉയിരുവെന്തു പിടഞ്ഞു നീങ്ങിയവഴികൾ താണ്ടീല്ലേ
തണലു തേടികുനിഞ്ഞ തലയിൽ ചുടുചൂട്ടുമിന്നിച്ചേ
കുറഞ്ഞുപോയ പച്ചനോട്ടിലാ കുലം വിറപ്പിച്ചേ?
കുനിഞ്ഞുപോയ ശിരസുമായിയാ താതൻ നിന്നില്ലേ?
നിലത്തുവീണൊരു നീർമണിക്കുള്ളിൽ ഭൂമിപൊള്ളീല്ലേ
ഉലഞ്ഞതനുവും ഉടഞ്ഞ മനവും കേണില്ലേ?
ഉഗ്രകോപത്തിലഹങ്കരിച്ചിട്ടു മുഖത്തടിച്ചില്ലേ?
സഹനത്തിൻ പര്യായമാണെന്നോതി മേൽമേലും
അടിമയാണെന്നബോധം വീണ്ടും അടിച്ചുറപ്പിച്ചേ!
ചുടലയക്ഷിതറയിലാവാനെനിക്കു മനസില്ല
ഇളംകാറ്റുവീശുമി പുഴവക്കിലിരിക്കണം വീണ്ടും
ചുവന്നറോസാപൂവൊരെണ്ണം നുള്ളിവയ്ക്കേണം
വീണ്ടുമതെന്റെ മുടിയിലായെന്നമ്മ ചൂടേണം
മിന്നു വീണ കഴുത്തിലായത് കരിനാഗമായെന്നാൽ
കുടഞ്ഞെറിഞ്ഞു പുറത്തുകളയും ശക്തി നൽകേണം
ജനലഴിക്കുള്ളിൽ തൂങ്ങി നിറയാനിവിടെ വേണ്ടിയും
അധമരായ പുരുഷനുള്ളിണ, അവർ കാട് കയറട്ടെ!
നിനക്ക് കൊല്ലാൻ, നിനക്കു തല്ലാൻ, നിനക്ക് ചൂടും ചൂരുമേകാൻ
മിഴിനീരുമായി സഹിച്ചു നിൽക്കാൻ
ഇനി വരില്ലൊരു പെൺ തലമുറ മിന്നൽക്കനലു പായിക്കും
കരിച്ചിടുമീയഹന്തയും കുലമഹിമയും, പണവും.
യക്ഷിയാകും മറുതയാവും കാട്ടുതീയാവും,
കനിവ് കാണിച്ചീടുകിലാ കാലടിയിലെ പൂച്ചയായ് വീഴും
തിളച്ച ചട്ടുകമുനയാൽ നാളെ തൻ ചരിത്രമെഴുതീടും
കടുത്ത ദുരിതം തിന്നു തീർക്കുന്നവർക്കു രക്ഷക്കായ്
കാട്ടുനീതി തുടച്ചുമാറ്റുവതേതു കൈകളിനി?
ഇതെന്റെഭൂമി, ഇതെന്റെ പൂക്കൾ,
ഇവിടെക്കാണും കാഴ്ചയെല്ലാം നിനക്കുമാത്രം
സ്വന്തമെന്നതാരുടെ ചൊൽവാക്ക്?
ഞാനും, നീയുമിവിടെയൊരുപോൽ പ്രപഞ്ചസന്തതികൾ
നിനക്കു മാത്രമിവിടെ ഭരണം വിധിച്ചതാരാണ്? 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.