കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ‘അഗ്നിപഥ്’ പദ്ധതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പുതിയ ഹർജി. പ്രതിരോധ മന്ത്രാലയത്തിന്റെ വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾക്ക് എതിരെയുള്ളതുമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുൻ സൈനികന്‍ രവീന്ദ്ര സിങ് ഷെഖാവത്ത് ആണ് ഹർജി സമർപ്പിച്ചത്.
പദ്ധതി സായുധ സേനയിൽ അംഗങ്ങളാകാൻ ആഗ്രഹിക്കുന്നവരിൽ ആശങ്ക ജനിപ്പിക്കുകയും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാതിരിക്കുകയും ചെയ്യുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഉദ്യോഗാർത്ഥികളുടെ ഭാവിയെ അപകടത്തിലാക്കുകയും ചെയ്തു. കഴിഞ്ഞ കുറേ വർഷങ്ങളായി സായുധ സേനയ്ക്കായി തയാറെടുക്കുകയും കോവിഡ് കാരണം ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ റിക്രൂട്ട്മെന്റ് പ്രക്രിയയിൽ പങ്കെടുക്കാൻ കഴിയാതിരിക്കുകയും ചെയ്യുന്നവരെ ഉൾക്കൊള്ളുന്നതിൽ പുതിയ പദ്ധതി പരാജയമാണെന്നും അഭിഭാഷകൻ രോഹിത് പാണ്ഡെ മുഖേന സമർപ്പിച്ച ഹർജിയിൽ പറയുന്നു.
അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ സമർപ്പിച്ച ഹർജി കേരള ഹൈക്കോടതി തള്ളി. പ്രാഥമികവാദം കേട്ട കോടതി ഹർജി പരിഗണിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിക്കാൻ നിർദേശിച്ചു.
കേന്ദ്രം അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഇടുക്കി അയ്യപ്പൻ കോവിൽ സ്വദേശി അബിമോൻ വർഗീസ് അടക്കം 23 യുവാക്കൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും സി പി മുഹമ്മദ് നിയാസും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. 2020 ഒക്ടോബർ 21ന്റെ വിജ്ഞാപനപ്രകാരം യോഗ്യത നേടിയ ഉദ്യോഗാർത്ഥികളാണ് ഹർജിക്കാർ. നിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ സായുധ സേനാ ട്രിബ്യൂണലിനെ സമീപിക്കാനും കോടതി നിർദേശിച്ചു.
English Summary: Agnipath: New petition in Supreme Court
You may like this video also