കാര്‍ഷിക കടാശ്വാസം: ഇളവിന്റെ പരിധി രണ്ട് ലക്ഷമായി ഉയര്‍ത്തി

Web Desk
Posted on September 02, 2019, 10:47 pm

തിരുവനന്തപുരം: സംസ്ഥാനത്ത് കര്‍ഷകര്‍ക്ക് ആശ്വാസവും സാന്ത്വനവുമേകുന്ന നടപടികളുമായി വീണ്ടും ഇടതുസര്‍ക്കാര്‍ തീരുമാനം. കാര്‍ഷിക വായ്പ്പയില്‍ കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ വഴി പരിഗണിക്കുന്ന അപേക്ഷയില്‍ ഇളവിന്റെ പരിധി രണ്ട് ലക്ഷമായി ഉയര്‍ത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. മുന്‍പ് അത് ഒരു ലക്ഷം വരെയായിരുന്നു. കുടിശികയായിട്ടുള്ള വായ്പ്പാ തുകയില്‍ രണ്ട് ലക്ഷം രൂപ വരെ കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് പുതിയ ഉത്തരവ്.
കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പരിഗണിക്കുന്ന വായ്പ്പകളുടെ കാലാവധി നീട്ടിക്കൊണ്ടു മെയ് മാസത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകരുടെ 2018 ഓഗസ്റ്റ് 31 വരെയുള്ള വായ്പ്പകളും മറ്റു 12 ജില്ലകളില്‍ 2014 മാര്‍ച്ച് 31 വരെയുള്ള വായ്പ്പകളും കമ്മിഷന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
പ്രളയവും കാലവര്‍ഷക്കെടുതിയും കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ചയും അടക്കമുള്ള പ്രതിസന്ധികള്‍ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്കായുള്ള ആശ്വാസ നടപടികള്‍ വര്‍ധിപ്പിച്ചത്.
പൊതുമേഖലാ, വാണിജ്യ, സഹകരണ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ എടുത്തിട്ടുള്ള കാര്‍ഷിക വായ്പ്പകളിലുള്ള ജപ്തിനടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ദീര്‍ഘിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് കര്‍ഷകര്‍ എടുത്തിട്ടുള്ള എല്ലാ വായ്പ്പകള്‍ക്കും 2019 ഡിസംബര്‍ 31 വരെ ബാധകമാക്കിയായിരുന്നു ഇടപെടല്‍. പുനഃക്രമീകരിക്കാത്ത വായ്പ്പകള്‍ എന്‍പി പട്ടികയില്‍ നിന്ന് മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ച് കര്‍ഷകര്‍ക്ക് പുതിയ വായ്പ്പകള്‍ ലഭ്യമാകും വിധമാണിത്. ദീര്‍ഘകാല വിളകള്‍ക്ക് പുതുതായി അനുവദിക്കുന്ന വായ്പ്പയുടെ പലിശ ഒമ്പത് ശതമാനം വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചിരുന്നു. ഒരു വര്‍ഷം വരെയാണ് ഈ ആനുകൂല്യം തുടരുക.
സംസ്ഥാനത്ത് പച്ചത്തേങ്ങ കിലോഗ്രാമിന് 27 രൂപ നിരക്കില്‍ സംഭരിക്കാന്‍ തീരുമാനിച്ചതും കര്‍ഷകര്‍ക്ക് ആശ്വാസമായിരുന്നു. സംഭരിക്കുന്ന തേങ്ങ സംസ്‌കരിച്ച് കൊപ്രയാക്കുന്നതിന് കിലോയ്ക്ക് 9.10 രൂപ നിരക്കില്‍ പ്രോസസിംഗ് ചാര്‍ജ്ജ് ആയി കേരഫെഡിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെടുന്ന സംഘങ്ങള്‍ക്കും സഹകരണ സംഘങ്ങള്‍ക്കും മുന്‍കൂര്‍ അനുവദിക്കുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.