Web Desk

ന്യൂഡല്‍ഹി

January 11, 2021, 6:28 pm

കാര്‍ഷിക നിയമം: അടിയറവ് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

Janayugom Online

കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശത്തിന് പിന്നാലെ കാര്‍ഷിക നിയമ ഭേദഗതിയെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.വിദഗ്ധ സമിതിയിലേക്ക് പേര് നല്‍കാനായി ഒരു ദിവസത്തെ സമയം കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.കേന്ദ്രം കൊണ്ടുവന്ന നിയമഭേദഗതി സ്‌റ്റേ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് കോടതി കര്‍ക്കശമായി പറഞ്ഞതോടെയാണ് കോടതിയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചത്. കാര്‍ഷിക നിയമത്തില്‍ സുപ്രീംകോടതിയില്‍ നിന്ന് കേന്ദ്രസര്‍ക്കാരിന് രൂക്ഷവിമര്‍ശനമാണ് ലഭിച്ചത്. കര്‍ഷകരുടെ രക്തം കയ്യില്‍ പുരളാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് വ്യക്തമാക്കിയത് പല സംസ്ഥാനങ്ങളും കാര്‍ഷിക നിയമത്തിനെതിരെ രംഗത്തുവന്നതും കോടതി ചൂണ്ടിക്കാട്ടി. 

പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന ഭേഗദതിയില്‍ എന്ത് കൂടിയാലോചന നടന്നുവെന്നും കോടതി സര്‍ക്കാരിനോട് ചോദിച്ചു.സമരം തുടരാന്‍ കര്‍ഷകര്‍ക്ക് അവകാശമുണ്ടെന്നു തന്നെയാണ് കോടതി പറഞ്ഞത്. സുപ്രീംകോടതി ഇടപെട്ട് സമരം അവസാനിപ്പിച്ചെന്ന് പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ഇപ്പോഴത്തെ സമരവേദി മാറ്റാന്‍ നിങ്ങള്‍ക്ക് കഴിയില്ലേയെന്ന് കോടതി കര്‍ഷകരോട് ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന നിയമത്തിനെതിരെ കര്‍ഷകര്‍ ഒരു മാസത്തിലേറെയായി സമരത്തിലാണ്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏഴുവട്ടം ചേര്‍ന്ന ചര്‍ച്ചകളും പരാജയമായിരുന്നു. കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമറിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷകരുമായി ഏഴാംഘട്ട ചര്‍ച്ച നടന്നത്. കേന്ദ്രവും കര്‍ഷക സംഘടനകളും തങ്ങളുടെ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ഏഴാംഘട്ട ചര്‍ച്ചയും പരാജയപ്പെട്ടത്. അതിര്‍ത്തിയില്‍ കര്‍ഷക സമരം കൂടുതല്‍ ശക്താകുകയും, രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യത്തിന്‍റെ പരമോന്നത നീതി പീഠമായ സുപ്രീം കോടതി ഇടപെട്ടത്. 

ENGLISH SUMMARY:Agricultural law: Gov­ern­ment surrenders
You may also like this video