Tuesday
19 Nov 2019

കാര്‍ഷിക വായ്പ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് തന്നെ ലഭിക്കാന്‍ നടപടിയെടുക്കും: മന്ത്രി

By: Web Desk | Sunday 14 October 2018 8:05 PM IST


V S Sunilkumar

കോഴിക്കോട്: കാര്‍ഷിക ലോണിന്റെ പേരില്‍ ബാങ്കുകള്‍ നല്‍കുന്ന വായ്പ ഭൂരിഭാഗവും അനര്‍ഹര്‍ക്കാണ് ലഭിക്കുന്നതെന്നും യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് തന്നെ വായ്പ ലഭിക്കാന്‍ നടപടിയെടുക്കാന്‍ റിസര്‍വ ബാങ്കിനോട് ആവശ്യപ്പെട്ടതായും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ബാങ്കുകളുടെ അറിവോട് കൂടിയാണിത് നടക്കുന്നത്. ഇത് അവസാനിപ്പിക്കണം.

കോഴിക്കോട് പെരുമണ്ണയില്‍ കേരഗ്രാമം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍, കാര്‍ഷിക വായ്പയെടുത്ത് കടക്കെണിയിലായവര്‍ക്കെതിരെ ജപ്തി നടപടികളെടുക്കുന്നത് നിര്‍ത്തിവെക്കണമെന്ന് ബാങ്കുകളുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാളികേരത്തിന്റെ ഉല്‍പാദനക്ഷമത വര്‍ദ്ധിപ്പിച്ച് മൂല്യവര്‍ദ്ധിത ഉല്പന്നങ്ങള്‍ വ്യാപകമാക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതികളില്‍ മാറ്റം വരുത്തണം. തൊഴിലുറപ്പ് പദ്ധതികളെ ഇത്തരം കാര്യങ്ങള്‍ക്ക് ഉപകാരപ്പെടുത്തണം. നിബന്ധനകളില്‍ ഇതിനാവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഫാര്‍മേഴ്സ് കമ്പനികള്‍ രൂപീകരിച്ച് വ്യത്യസ്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്യണം. തെങ്ങില്‍ നിന്ന് വ്യത്യസ്തമായ 68 തരം ഉല്‍പന്നങ്ങള്‍ നിര്‍മിക്കാന്‍ ടെക്‌നോളജി നിലവിലുണ്ട്. ഇവ ഉപയോഗപ്പെടുത്താന്‍ ഗ്രാമ പഞ്ചായത്തുകളും ഫാര്‍മേഴ്‌സ് കമ്പനികളും ശ്രദ്ധിക്കണം.

പ്രളയം മണ്ണിന്റെ ഘടനയില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് 28 ശാസ്ത്രജ്ഞര്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥനത്തില്‍ പദ്ധതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി പുനര്‍ജനി പദ്ധതി നടപ്പിലാക്കുന്നുണ്ട്. പ്രളയത്തെ തുടര്‍ന്ന് പ്രാദേശികമായി വന്ന മാറ്റങ്ങള്‍ കണക്കിലെടുത്ത് പരിഹാരം കാണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയില്‍ 12 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തെങ്ങിന് തടം തുറന്ന് പച്ചില വളമിടാന്‍, ജൈവവളം, ആവശ്യമുള്ളവര്‍ക്ക് രാസവളം, കേടായ തെങ്ങുകള്‍ വെട്ടിമാറ്റാന്‍, ഇടവിളകൃഷി, ഇലസേചനം, തെങ്ങ് കയറ്റ മെഷീന്‍ തുടങ്ങിയവക്ക് 51 ലക്ഷം രൂപയാണ് വകയിരുത്തിയത്.

ശമ്പള ഇനത്തില്‍ നല്‍കുന്ന പണത്തിന്റെ 65 ശതമാനം ഈ നാട്ടിലെ സാധാരണക്കാരുടെ നികുതി പണത്തില്‍ നിന്ന് നല്‍കുന്നതാണ്. ഈ നികുതിദായകരെ സഹായിക്കാനാണ് സാലറി ചാലഞ്ച് നടപ്പിലാക്കുന്നത്. അതൊരു അഭ്യര്‍ത്ഥനയാണ്. പ്രളയത്തോടെ കേരളം തകരുകയല്ല, കുതിച്ച് മുന്നേറുകയാണ് ചെയ്യുകയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ അഡ്വ. പി ടി എ റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു.

Related News